നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാ രേഖ
കോഴിക്കോട് (www.evisionnews.co): നിപാ വൈറസ് ബാധിച്ച് ആദ്യം മരണപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ. സാബിത്ത് മലേഷ്യയില്‍ പോയിട്ടുണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രദേശവാസികളില്‍ ഒരാള്‍ സംശയമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സാബിത് നടത്തിയ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
എന്നാല്‍ സാബിത്ത് മലേഷ്യയ്ക്ക് പോയിട്ടില്ലെന്ന് കാണിക്കുന്ന യാത്രാരേഖകളാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. സമീപകാലത്ത് സാബിത്ത് യാത്രചെയ്തത് യു.എ.ഇയിലേക്ക് മാത്രമാണെന്നാണ് പാസ്പോര്‍ട്ട് രേഖകളിലുള്ളത്. സാബിത്തിന്റെ സഹോദരനായ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്പോര്‍ട്ടില്‍ നിന്നും മനസിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്.
അതേസമയം നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പഴംതീനി വവ്വാലുകളില്‍ കൂടുതല്‍ പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. വവ്വാലുകളില്‍ നിന്ന് തന്നെയാണ് നിപ വൈറസ് ബാധിച്ചതെന്ന നിഗമത്തിലാണ് ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും. കഴിഞ്ഞ ദിവസം കിണറ്റില്‍ നിന്ന് പിടിച്ചത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയായിരുന്നു. ഇവ നിപ വൈറസ് വാഹകരാവാറില്ല.
Powered by Info News For You
Comments
Post a Comment