വവ്വാലിന്റെ കത്തും ചോരച്ചി കൊതുകിന്റെ മറുപടിയും വൈറലാകുന്നു; സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന കത്ത് വായിക്കാം

കോഴിക്കോട്: (www.kvartha.com 24.05.2018) നിപാ വൈറസ് ജനങ്ങളുടെ ജീവന്‍ എടുക്കുന്നതിനിടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പേരാബ്ര പടിഞ്ഞാറെ ആല്‍മരത്തിലെ വവ്വാല്‍ 'എഴുതിയ' കത്തും, കത്ത് മാറിക്കിട്ടിയ ചോരച്ചി കൊതുകിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

 Two letters go viral in social media, Kozhikode, News, Humor, Police, Letter, Social Network, Trending, Kerala

വവ്വാലിന്റേയും ചോരച്ചി കൊതുകിന്റേയും വിഷമതകള്‍ കേള്‍ക്കുന്നവര്‍ക്ക് അതില്‍ ളേശമെങ്കിലും സത്യമുണ്ടെന്ന് തോന്നാം. സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന കത്ത് വായിക്കാം.

From

വവ്വാല്‍
പടിഞ്ഞാറെ ആല്‍ മരം
പേരാബ്ര
കോഴിക്കോട്

To,

സിറ്റി പോലീസ് കമ്മിഷണര്‍
കോഴിക്കോട്

സര്‍,

ഈ തലതിരിഞ്ഞ ലോകത്തെ നേരേ കാണാന്‍ വേണ്ടി മാത്രമാണ് ഞാനും എന്റെ ആളുകളും തല തിരിഞ്ഞ് കിടക്കുന്നത്. ഞങ്ങള്‍ പകലില്‍ ഉറങ്ങുകയും രാത്രിയില്‍ ഇരതേടി ഇറങ്ങുന്നതും ദുരമൂത്ത മനുഷ്യരെ ഭയന്നിട്ടാണ് സര്‍...

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള നിപ എന്ന കുറ്റം എന്റെ മേല്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് സര്‍... ഈ സംഭവത്തില്‍ എനിക്കോ എന്റെ കൂട്ടത്തിലുള്ള ആര്‍ക്കെങ്കിലുമോ ഏതെങ്കിലും വിധത്തില്‍ പങ്കില്ല....

വിശന്നിട്ടല്‍പ്പം പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച് പോയിട്ടുണ്ട്... വിശന്നിട്ടാണ്...

കെമിക്കലുകള്‍ ഉപയോഗിച്ചും കീടനാശിനികള്‍ അടിച്ചും മറ്റും കൃത്രിമം കാണിച്ച് വിളകളില്‍ വിപത്ത് പാകിയവര്‍ മനുഷ്യരാണ്.. അവര്‍ക്കൊക്കെ എതിരെ മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കണം സര്‍...

ആ പഴങ്ങള്‍ കഴിച്ച് ഞങ്ങളില്‍ നിന്ന് ചത്ത് പോയവരുടെ എണ്ണം ഒരു ആരോഗ്യ വകുപ്പിന്റെ കണക്കിലും കണ്ടിട്ടില്ല ... ഈ നിമിഷം വരെ ഞങ്ങള്‍ ആരോടും പരാതിയും പറഞ്ഞ് പോയിട്ടില്ല.....

ഞങ്ങളുടെ കോളനികളും അവ നിന്നിരുന്ന മരങ്ങളും ഞങ്ങളുടെ കാവുകളും കാടുകളും മോഷണം പോയപ്പോഴല്ലാതെ ഞങ്ങള്‍ നാട്ടിലിറങ്ങിയിട്ടില്ല സര്‍... ഞങ്ങളുടെ കാടും കാവും മരങ്ങളും ഞങ്ങക്ക് തിരികെ തരുന്ന ആ നിമിഷം ഞങ്ങള്‍ തിരികെ പൊയ്‌ക്കൊള്ളാം......

ഇനിയും ചെയ്യാത്ത തെറ്റിന് ഞങ്ങളെ പഴിചാരരുത് എന്ന് അവരോട് പറയണം സര്‍... ഞങ്ങളുടെ വരും തലമുറകള്‍ക്ക് കൂടി ജീവഹാനിയും മാനഹാനിയും ഉണ്ടാകും വിധം ഇത്തരം കള്ളകഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കുകയും യാഥാര്‍ത്ഥ്യമറിയാതെ എന്നേയും എന്റെ കുടുംബാഗങ്ങളുടേയും ജീവനും സ്വത്തിനുംവരെ ഭീഷണിയാകുംവിധം വാര്‍ട്‌സാപ്പ് മെസേജുകളയച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച ഇപ്പോള്‍ ഈ മെസേജ് വായിച്ച് കൊണ്ടിരിക്കുന്ന വ്യക്തിക്കെതിരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പ്രേരണാകുറ്റം, ഐ ടി വകുപ്പുപ്രകാരം കേസെടുക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...

ഞങ്ങള്‍ക്ക് നീതി വേണം സര്‍....

എന്ന്
പരാതിക്കാരന്‍
വവ്വാല്‍
പടിഞ്ഞാറേ ആല്‍ മരം,
പേരാമ്പ്ര,
കോഴിക്കോട്.

മറുപടി /നിപ പനി
( വന്ന കത്തു കണ്ടിട്ടില്ലാത്തവര്‍ക്ക് ഈ മറുപടിക്കു കീഴെ ആദ്യമതു വായിക്കാം)

From

ചോരച്ചിക്കൊതുക്,
കോന്തന്‍മുക്ക്,
വെള്ളക്കെട്ടുകാട്,
കോലാച്ചു വഴി
പിന്‍: 92078 41317

To

വവ്വാല്‍,
പടിഞ്ഞാറേ ആല്‍മരം,
പേരാമ്പ്ര,
കോഴിക്കോട്
പ്രിയരെ,

ക്ഷേമമായിരിക്കട്ടെ.

താങ്കള്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കയച്ച പരാതിക്കത്ത് ദിശമാറി എനിക്കു ലഭിച്ചു. ഒരു കണക്കിനത് നന്നായി എന്നു പറയാം. ജന്തുനിയമം തെറ്റിച്ച് പ്രകൃതിയുടെ സന്തുലനത്തില്‍ ഇടപെടുന്ന ഒരേയൊരു ജീവിവര്‍ഗമായ മനുഷ്യകുലത്തിന്റെ പ്രതിനിധിയാണല്ലോ വിലാസക്കാരന്‍.

നമ്മള്‍ സ്വയം ശാക്തീകരിക്കുക, പ്രതിരോധം നേടുക എന്നതാണ് എളിയവളായ എനിക്ക് ഉന്നതങ്ങളില്‍ വിരാജിക്കുന്ന അങ്ങയോടുള്ള നിര്‍ദേശം. അപകര്‍ഷബോധത്തോടെ, സ്വന്തം ധര്‍മം നിഷേധിച്ചുകൊണ്ട് മനുഷ്യ കൃമികളുടെ മുന്നില്‍ കരുണ യാചിക്കുന്ന അങ്ങയുടെ ദാരുണാവസ്ഥയില്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട്.

നിപ ഓപ്പറേഷന്‍ അങ്ങു നടപ്പാക്കി എന്നു ഞാന്‍ കരുതുന്നില്ല. അതിനുള്ള ആര്‍ജവം അങ്ങേയ്ക്കില്ല. സ്വന്തം ജാതിയുടെ ധര്‍മം മറക്കുന്ന കുലദ്രോഹിയാണ് അങ്ങെന്ന് കത്തില്‍നിന്നു വ്യക്തമാണ് എന്ന് ഖേദപൂര്‍വം ആരോപിക്കേണ്ടി വരികയാണ്. എന്നാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരും ചെയ്തില്ല എന്നു പറയാനുള്ള ഭീരുത്വവും ധാര്‍ഷ്ട്യവും അതിരു കടന്നതായിപ്പോയി.

പ്രകൃതിനിയമമാണത്. മനുഷ്യന്‍ റാബീസ് വൈറസ് എന്നൊക്കെ വിളിക്കുന്ന പേയണുവിന്റെ കാര്യം നോക്കൂ. ചില പ്രത്യേകസാഹചര്യങ്ങളില്‍ കുറുക്കനിലൊക്കെ അതു പെരുകുന്നു. കുറുക്കന്‍ പട്ടിയെ കടിച്ചാല്‍ അതു പേപ്പട്ടിയായി. പേപ്പട്ടി മനുഷ്യനെ കടിച്ചാല്‍ മനുഷ്യനു പേയിളകും. അലോപ്പതി എന്നൊക്കെപ്പറയുന്ന ആധുനികവൈദ്യം വികസിച്ച ശേഷം പേയണുവിനെക്കൊന്ന് മനുഷ്യന്‍ രക്ഷപ്പെടാറുണ്ട് എന്നത് വേറെക്കാര്യം. പ്രകൃതിനിയമത്തെ മറികടക്കുക മനുഷ്യന്റെ ഏതാണ്ട് പൊതുരീതിയാണല്ലോ.

എല്ലാ പട്ടിയും കടിക്കുമോ? എല്ലാ പട്ടിയും കടിച്ചാല്‍ പേ വരുമോ? ഇല്ല. പേയണുവിനെ വഹിക്കുന്ന പട്ടി മാത്രമാണു പ്രകൃതിയുടെ സന്തുലീകരണ സംഹാരപ്രക്രിയയുടെ ഭാഗമാവുന്നത്. അതുപോലെ അങ്ങയെപ്പോലുള്ള ആര്‍ജവമില്ലാത്ത വവ്വാലുകള്‍ക്ക് നിപയണുവിനെ വഹിക്കാനുള്ള അര്‍ഹതയും യോഗ്യതയുമുണ്ടാകില്ല. എന്നാല്‍ ശേഷിയുള്ള കര്‍മധീരരായ വവ്വാലുകള്‍ അപ്പണി ചെയ്യും. പഴങ്ങളും സാധ്യമാര്‍ഗങ്ങളും വഴി മനുഷ്യകുലത്തെ നിപ്പിപ്പിച്ചു നിര്‍ത്തും. ധീരാത്മാക്കളായ ആ ഉശിരന്‍ വവ്വാലുകള്‍ക്ക് അഭിവാദ്യങ്ങള്‍!

അല്ല, ഒരു സംശയം. കിട്ടിയ തക്കത്തിന് നേര്‍മയില്‍ നിപ പണി നടത്തി പണി പാളും എന്നുകണ്ട് മനുഷ്യന്റെ മുന്നില്‍ കെഞ്ചലുമായി ഇറങ്ങിയതാണോ അങ്ങ്? ആണെങ്കില്‍ ഒന്നേ പറയാനുള്ളൂ.

ഞങ്ങള്‍ കൊതുകുകളെ കണ്ടു പഠിക്കൂ. പൂന്തേന്‍ നുകര്‍ന്നു മാത്രം ജീവിക്കുന്ന സാധുനിഷ്‌ക്കളങ്കര്‍ ഞങ്ങളില്‍ എത്രയോ ഉണ്ട്. പക്ഷേ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം എന്നാണ് മനുഷ്യരില്‍ മലയാളി എന്നു വിളിക്കുന്ന നികൃഷ്ടര്‍ പാടുക. കേരളത്തിന്റെ ആരോഗ്യമാതൃക എന്ന പേരില്‍ ഞങ്ങളുടെ ആവാസവ്യവസ്ഥകള്‍ തകര്‍ക്കുന്നതടക്കം പരിപാടി മനുഷ്യര്‍ക്കിടയില്‍ ലോകപ്രശസ്തമാണ്.

ഈ ഉണക്കന്മാര്‍ ഉണക്കദിനം ഒക്കെ ആചരിച്ച് നമ്മുടെ ജീവജലം മുട്ടിക്കാന്‍ നോക്കും. പക്ഷേ തളര്‍ത്താനുള്ള ഓരോ ശ്രമത്തിലും പൂര്‍വാധികം ശക്തമായി ഫീനിക്‌സു പോല്‍ നമ്മള്‍ ഉയിര്‍ത്തുവരും. വവ്വാലങ്ങുന്നേ, സാധുക്കളായ ഞങ്ങളെക്കണ്ടു പഠിക്കുക എന്നുമാത്രം ഉണര്‍ത്തട്ടെ.
പിന്നെയൊരു സ്വകാര്യം. മനുഷ്യരുടെ വവ്വാല്‍വിരുദ്ധ സന്ദേശക്കോലാഹലം കണ്ടാവണം അങ്ങു വിറളിപൂണ്ടത്. അതു ഭയക്കേണ്ട. തല്‍ക്കാലം ഒന്നു പിന്‍വാങ്ങിക്കൊടുത്താല്‍ മതി. നമുക്കറിയുന്നതല്ലേ. ഉണക്കദിനം കഴിഞ്ഞു രണ്ടാംനാള്‍ മനുഷ്യര്‍ നമ്മളെ മറക്കും. ചവറിടും.

ഒരു കാര്യം കൂടി. മനുഷ്യരോടു പ്രത്യേകവിരോധമൊന്നും നമുക്കില്ല കേട്ടോ. പ്രകൃതിസന്തുലനം കാക്കുക. അതിനായി സ്വന്തം കര്‍മം ചെയ്യുക അത്രേയുള്ളൂ. മനുഷ്യര്‍ക്കു പറ്റുംപോലെ അവരും ചെയ്‌തോട്ടെ. അങ്ങേയ്ക്കു മനുഷ്യരുമായി രഞ്ജിപ്പില്‍ ജീവിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഒന്നു ക്ഷമിക്കൂ. അവരൊന്നു തണുക്കട്ടെ. ആശങ്കകള്‍ മാറട്ടെ. നിപ്പയില്‍ നിന്നങ്ങു മോചിതമായി എന്നുകണ്ടാല്‍ അങ്ങു കൊത്തിയിടുന്ന മധുരപ്പഴത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട് എനിക്കു വേണ്ടി ഈ കത്ത് മനുഷ്യഭാഷയില്‍ പകര്‍ത്തിത്തരുന്ന സുഹൃത്തും.

മനുഷ്യാരോഗ്യം നിലനിര്‍ത്താന്‍ അവര്‍ക്കിടയില്‍ ആധുനികവൈദ്യം, ആയുര്‍വേദം, പ്രകൃതിജീവനം എന്നിങ്ങനെ വിവിധപദ്ധതികള്‍ ഉണ്ടെന്നാണ് അയാളെന്നോടു പറയുന്നത്. മാനുഷികമൂല്യങ്ങള്‍ക്കായി നിസ്വാര്‍ഥം നിഷ്‌കാമകര്‍മികളായ കുറേപ്പേര്‍ ഈ എല്ലാ കൂട്ടത്തിലും ഉണ്ടത്രെ. എല്ലാത്തിലും ചൂഷണമനസ്‌കരും അല്പജ്ഞരും ഉണ്ട്. താന്താങ്ങളുടെ ദുരഭിമാനമോ നേട്ടമോ മാത്രം ലാക്കാക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തും.

അത്തരം ധാരണയാല്‍ സ്വാധീനിക്കപ്പെട്ട ഒരു നിഷ്‌ക്കളങ്കനായിരിക്കുമത്രെ വവ്വാലമ്മാവാ, അങ്ങയെക്കൊണ്ട് അവ്വിധം പരാതിക്കത്തെഴുതിച്ചത്. സര്‍വജീവജാലങ്ങളും നന്മയോടൊത്തു വസിക്കുന്ന നല്ല നാളാശിച്ചും ആശംസിച്ചും,

വിധേയ
( ചോരപ്പാട്)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two letters go viral in social media, Kozhikode, News, Humor, Police, Letter, Social Network, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?