യു കെ പ്രാദേശിക തെരഞ്ഞെടുപ്പിലും മലയാളികളുടെ ആധിപത്യം; മത്സരിച്ച ആറു മലയാളികളില്‍ നാലുപേര്‍ക്കും ജയം

ലണ്ടന്‍: (www.kvartha.com 05.05.2018) യു കെ പ്രാദേശിക തെരഞ്ഞെടുപ്പിലും മലയാളികളുടെ ആധിപത്യം. മത്സരിച്ച ആറു മലയാളികളില്‍ നാലുപേര്‍ക്കും ജയം. ലണ്ടന്‍ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റന്‍ ബറോകളിലേക്കും ഡിസ്ട്രിക്ട് കൗണ്ടി കൗണ്‍സിലിലേക്കും നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് മലയാളികള്‍ വിജയിച്ചത്. ലേബര്‍ ടിക്കറ്റില്‍ മത്സരിച്ചവരാണ് ജയിച്ച നാലുപേരും.

ക്രോയിഡണിലെ മുന്‍ മേയര്‍കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരന്‍, ഇടതുപക്ഷ സഹയാത്രികനായ സുഗതന്‍ തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലേക്ക് മത്സരിച്ച അഡ്വ. ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ജയിച്ച മലയാളികള്‍. സ്വിന്‍ഡന്‍ ടൗണ്‍ കൗണ്‍സിലില്‍നിന്നും ടോറി ടിക്കറ്റില്‍ മത്സരിച്ച കിടങ്ങൂര്‍ സ്വദേശി റോയി സ്റ്റീഫന്‍, ബേസിങ് സ്‌റ്റോക്ക് സിറ്റി കൗണ്‍സിലിലേക്ക് ലേബര്‍ ടിക്കറ്റില്‍ മത്സരിച്ച വൈക്കം ചെമ്പ് സ്വദേശി സജീഷ് ടോം എന്നിവരാണ് തോറ്റത്. ഇരുവരും ശക്തമായ മത്സരത്തിനൊടുവിലാണ് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടത്.

Four Keralites elected in UK civic polls, London, News, Politics, Malayalees, Election, World

ലണ്ടനിലെ ന്യൂഹാമില്‍ വോള്‍ എന്‍ഡ് വര്‍ഡില്‍നിന്നാണ് ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ചങ്ങനാശേരി സ്വദേശി ഓമന ഗംഗാധരന്‍ വിജയിച്ചത്. നോവലിസ്റ്റും കഥാകൃത്തും സാമൂഹ്യ പ്രവര്‍ത്തകയുമായ ഓമന ഗംഗാധരന്‍ 2002 മുതല്‍ ബ്രിട്ടനിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. നിരവധി തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓമന ന്യൂഹാം കൗണ്‍സിലിന്റെ സിവിക് അംബാസിഡറായും (സ്പീക്കര്‍) സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈ സ്ഥാനത്തെത്തിയ ബ്രിട്ടനിലെ ആദ്യ ഇന്ത്യക്കാരിയാണ് അവര്‍.

ക്രോയിഡണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ഥിയായ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് തുടര്‍ച്ചയായ നാലാം തവണയാണ് കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2014- 15 കാലയളവില്‍ ലേബറിനുവേണ്ടി ഇവിടെ അട്ടിമറി വിജയം നേടിയ മഞ്ജുവിന് മേയര്‍ സ്ഥാനം നല്‍കിയാണ് പാര്‍ട്ടി അംഗീകരിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയാണ്. വിവാഹശേഷം വീട്ടമ്മയായി ലണ്ടനിലെത്തിയ മഞ്ജു തുടര്‍പഠനകാലത്താണ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തത്.

ഗ്രീനിച്ച് യൂണിവേഴ്‌സിറ്റിയില്‍നിന്നും സയന്റിഫിക് സോഫ്റ്റ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ മഞ്ജു ഇപ്പോള്‍ ക്രോയിഡണ്‍ നഗരസഭയിലെ ഇക്കോണമി ആന്‍ഡ് ജോബ്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി കാബിനറ്റ് ചെയറാണ്. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഞ്ജു 'പീപ്പിള്‍സ് മേയര്‍' എന്നാണ് ക്രോയിഡണില്‍ അറിയപ്പെട്ടിരുന്നത്.

ന്യൂഹാം ബറോയിലെ ഈസ്റ്റ്ഹാം വാര്‍ഡില്‍നിന്നാണ് ഇടതുപക്ഷ സഹയാത്രികനായ സുഗതന്‍ തെക്കേപ്പുര ലേബര്‍ ടക്കറ്റില്‍ മത്സരിച്ച് ജയിച്ചത്. വൈക്കം പോളശേരി തെക്കേപ്പുര കരുണാകരന്‍ -സരോജനി ദമ്പതികളുടെ മകനാണ്. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം നേടിയശേഷം ഡെല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിനോക്കിയ സുഗതന്‍ ബ്രിട്ടനില്‍ എത്തിയതു മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്.

സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ബൈജു വര്‍ക്കി തിട്ടാല. എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടി പ്രാക്ടീസ് തുടരുന്ന ബൈജു ബാരിസ്റ്റര്‍ പദവി നേടിയെടുക്കാനുള്ള യജ്ഞത്തിലാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണവും തുടരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ കൗണ്‍സിലേക്ക് മത്സരിച്ച് ജയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four Keralites elected in UK civic polls, London, News, Politics, Malayalees, Election, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?