അവളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല

കൂക്കാനം റഹ് മാന്‍

(www.kvartha.com 08.05.2018) കഴിഞ്ഞ അനുഭവങ്ങള്‍ ഓര്‍ത്ത് അവള്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. അവള്‍ ഹൃദയവേദന നൊമ്പരത്തോടെ പങ്കിടുകയായിരുന്നു. പലപ്പോഴും സ്ത്രീകളെ കുറ്റപ്പെടുത്താനേ സമൂഹം തയ്യാറാകുന്നുള്ളൂ. സ്ത്രീ ചെയ്ത തെറ്റുകളായാലും ശരികളായാലും അതിന്റെ കാരണങ്ങളിലേക്ക് കടക്കാതെ എന്താണോ സംഭവിച്ചത് അത് മാത്രം എടുത്തുകാട്ടി കുറ്റപ്പെടുത്തുകയോ പ്രശംസിക്കുകയോ ചെയ്യും. അവളുടെ കൈയ്യില്‍ നിന്ന് വന്നുപോയ കാര്യത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് ആളിക്കത്തിക്കാന്‍ സ്ത്രീകള്‍ തന്നെ തയ്യാറാകുന്നു.

എന്റെ മുന്നില്‍ ഇരിക്കുന്ന മോഹിനി (യഥാര്‍ത്ഥ പേരല്ല)18 വര്‍ഷം മുമ്പ് ഒരു പുരുഷനെ വിശ്വസിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍ക്കും ഒമ്പതാം ക്ലാസുകാരനായ ഒരു മകനും ഇതിനകം ജന്മം നല്‍കി. യഥാര്‍ത്ഥത്തില്‍ മോഹിനി ഒളിച്ചോടിയതുതന്നെ. ഒളിച്ചോട്ടം ആ പുരുഷനോടുള്ള അമിതമായ പ്രണയം കൊണ്ടല്ല. മറിച്ച് അവളുടെ ജീവിത സാഹചര്യം പ്രേരിപ്പിച്ചതാണ് അങ്ങനെ ചെയ്യാന്‍. അച്ഛന് മൂന്ന് പെണ്‍മക്കളാണ്. ഇളയവളാണ് മോഹിനി. മുഴുക്കുടിയന്‍, മക്കളോട് സ്‌നേഹമോ, കൂറോ ഇല്ലാത്ത മനോഭാവക്കാരനാണ് അച്ഛന്‍. മൂത്തവരുടെ വിവാഹം കഴിഞ്ഞതുതന്നെ അവരുടെ ഭാഗ്യം. അമ്മ മരിച്ചു. അച്ഛന്റെ പ്രകൃതം ഇങ്ങനെ.

Article, Kookanam-Rahman, Eloped, Girl, Love, Drunkard, Father, Assault, Suicide Attempt.

ചേച്ചിമാരുടെ കൂടെ ആണ് ജീവിതം. ഈ ഒരു സാഹചര്യത്തില്‍ മോഹിനിയുടെ ജീവിതം അങ്കലാപ്പിലായി. വിവാഹാലോചനകള്‍ വരുന്നുണ്ടെങ്കിലും ചുറ്റുപാടുകളറിയുമ്പോള്‍ അവയെല്ലാം തെന്നിമാറുന്നു. തനിക്കൊരു കുടുംബ ജീവിതം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് അവള്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇടുക്കിയിലെ എതോ ഒരു കുഗ്രാമത്തില്‍ നിന്ന് ജോലി തേടി എത്തിയവനാണ് അവന്‍. കറുത്ത് മെലിഞ്ഞ ഒരു മനുഷ്യരൂപം. റബ്ബര്‍ ടാപ്പിംഗ് ജോലി തേടിയെത്തിയതാണവന്‍. ആ കാലത്ത് ടാപ്പിംഗിന് വളരെ ഡിമാന്‍ഡ്് ആയിരുന്നു. റബ്ബറിന് നല്ല വിലയും. ഇടക്കിടെ വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ വഴിയരികിലോ, പീടിക കോലായിലോ അവനെ അവള്‍ കാണും. ചിരിയോ മിണ്ടാട്ടമോ ഒന്നും ഇല്ല. പലവട്ടം കണ്ടുമുട്ടിയപ്പോള്‍ അവളോട് വീട്ടുകാര്യങ്ങളൊക്കെ തിരക്കാന്‍ തുടങ്ങി അവന്‍. കൗമാരക്കാരിയുടെ ഉല്ലാസത്തോടെ അവള്‍ എല്ലാം പറഞ്ഞുകൊടുത്തു. അവന്‍ അത് കേട്ടു.

ഒന്നോ രണ്ടോ വര്‍ഷം ഈ രീതി തുടര്‍ന്നു. പക്ഷെ അവളുടെ ഉള്ളില്‍ അവനോട് പ്രത്യേക മമതയൊന്നും തോന്നിയില്ല. അവന്റെ രൂപവും ഭാവവും അവള്‍ക്ക് തീരെ ഇഷ്ടമായിരുന്നില്ല. 18 ലെത്തിയ മോഹിനി സുന്ദരി ആയിരുന്നു. ആരെയും മോഹിപ്പിക്കുന്ന രൂപലാവണ്യമായിരുന്നു അവള്‍ക്ക്. അസ്വസ്ഥത നിറഞ്ഞ കുടുംബജീവിതം അല്ലെങ്കില്‍ അവള്‍ക്കും മനോഹരമായ ഒരു ജീവിതം നയിക്കാന്‍ അനുയോജ്യമായ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നു. ജീവിത പ്രയാണത്തില്‍ എന്തൊക്കെ സംഭവിക്കും എന്ന് ആര്‍ക്കും കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ. വര്‍ത്തമാന കാലത്തെ പോലെ പുരുഷ ബന്ധങ്ങള്‍ സ്ഥാപിക്കാനോ സ്‌നേഹ മോഹങ്ങള്‍ അനുനിമിഷം പങ്കുവെക്കാനോ സാധിക്കുന്ന സംവിധാനങ്ങള്‍ അന്നില്ലായിരുന്നു.

രണ്ടുവര്‍ഷത്തോളം അവര്‍ നേരില്‍ക്കണ്ടും, സംസാരിച്ചും ആശയങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ചു. കാണാന്‍ വിരൂപനാണെങ്കിലും അവളുടെ മനസ്സില്‍ അവനൊരു സ്ഥാനം ലഭിച്ചു. പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനുമപ്പുറം അവനില്‍ നിന്നൊരു തെറ്റായ വാക്കോ, സമീപനമോ ഉണ്ടായില്ലെന്ന് മോഹിനി ഉറപ്പിച്ചു പറഞ്ഞു. അവനോടുള്ള വിശ്വാസ്യത കൂടാന്‍ ഈ സമീപനം ഒരു കാരണമായിത്തീര്‍ന്നു. മോഹിനിയെ പിന്‍വലിപ്പിക്കാതിരിക്കാനുള്ള സൂത്രപ്പണികളും അവന്‍ ഒപ്പിച്ചുകൊണ്ടിരുന്നു. 'നിനക്കറിയില്ലേ ഞാന്‍ റബ്ബര്‍ വെട്ടുകാരനാണ് എന്റെ കയ്യില്‍ എന്നും ആസിഡ് കാണും; എന്നെ നിരസിച്ചാല്‍ ഞാന്‍ ആ വഴി തേടും' ഇത്തരം പുരുഷ പ്രസ്താവനകളെക്കുറിച്ച് മോഹിനിക്കറിയില്ലായിരുന്നു. ' എനിക്കാരുമില്ല നീയും എന്നെ ചതിക്കല്ലേ' ദയ അര്‍ഹിക്കുന്ന വാക്കുകള്‍.

ഇത്തരം ദയ അര്‍ഹിക്കുന്ന വാക്കുകള്‍ കേള്‍ക്കുമ്പോഴും സ്ത്രീ മനസ്സില്‍ കാരുണ്യത്തിന്റെ നീരുറവ പൊട്ടും. ഇതേവരെ ഒരു സ്വര്‍ണ്ണത്തരിപോലും സ്വന്തമായി ഇല്ലാത്ത മോഹിനിക്ക് അരപ്പവന്റെ സ്വര്‍ണ്ണമോതിരം അവന്‍ സമ്മാനമായി സമര്‍പ്പിച്ചു. എന്നോടുള്ള സ്‌നേഹവായ്പല്ലേ ഇതെല്ലാമെന്ന് അവള്‍ വിശ്വസിച്ചു. വീട്ടില്‍ നിന്ന് ഇട്ടുടുത്ത വസ്ത്രത്തോടെ അവനൊപ്പം മോഹിനി ഇറങ്ങി. ആരോടും പറയാത്ത, ആരുമറിയാത്ത ഒരു യാത്ര. പുരുഷനില്‍ വിശ്വാസമര്‍പ്പിച്ച ഒരു യാത്ര. അവനൊപ്പം മോഹിനിയും വണ്ടികയറി. ഇടുക്കിയിലെവിടെയോ ആണ് അവന്റെ വീടെന്നറിയാം. ട്രയിനിലും, ബസ്സിലും, ഓട്ടോയിലും, നടന്നും മലകയറിയും ഒരു കുടിലിനു മുന്നിലെത്തി അതാണവന്റെ വീട്. പ്രായമായ അച്ഛനും അമ്മയുമുണ്ട്. അവര്‍ സ്‌നേഹത്തോടെ അവളെ വരവേറ്റു. ദരിദ്രരും ദളിത് വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു അവര്‍. പക്ഷേ മോഹിനിയെന്ന വെളുത്ത സുന്ദരി അവര്‍ക്കൊരു അപൂര്‍വ്വ കാഴ്ചയായിരുന്നു. നാട്ടുകാരൊക്കെ ഓടിവന്നു ചെറുക്കന്റെ സുന്ദരിയായ പെണ്ണിനെക്കാണാന്‍. മോഹിനി അവരുടെ ജീവിതവുമായി താദാത്മ്യപ്പെട്ടു ജീവിക്കാന്‍ തുടങ്ങി.

ആ കുടിലില്‍ മോഹിനിക്ക് രാജകീയ പദവിയാണ് കിട്ടിയത്. വീട്ടുകാരെപ്പോലെ പുറത്ത് ജോലിക്കൊന്നും പോവണ്ട. പുറത്തിറങ്ങിയാല്‍ ' കണ്ണുകൊള്ളും' അതുകൊണ്ട് കുടിലിനകത്ത് മാത്രം കഴിഞ്ഞാല്‍ മതി എന്നാണ് അവന്റെ അച്ഛനും അമ്മയും പറഞ്ഞത്. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതും അവളെപ്പോലെ സുന്ദരി ആയിരുന്നു. കുട്ടിയെ താലോലിക്കാനും ഊട്ടാനും അയല്‍വാസികളും ബന്ധുക്കളും മഝരിക്കുകയായിരുന്നു. അവള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ മോഹിനി വീണ്ടും ഗര്‍ഭിണിയായി. മോള്‍ക്ക് 2 വയസ്സ് ആകുന്നതിന് മുമ്പേ രണ്ടാമത്തെ മകനും ജന്മം നല്‍കി. പ്രശ്‌നം തുടങ്ങുന്നത് ഈ സമയത്താണ്. അവന് ഒരു വലിയ മുതലാളിയുടെ വീട്ടില്‍ ആയിരുന്നു ജോലി. മുതലാളിയുടെ മരണത്തോടെ അവന്റെ ജോലി നഷ്ടപ്പെട്ടു. മാനസിക സംഘര്‍ഷം കുറക്കാനുള്ള വഴിതേടി അവന്‍ എത്തിയത് ലഹരി കേന്ദ്രങ്ങളിലേക്കാണ്.

ക്രമേണ ജോലി ഇല്ലാതെ കടം വാങ്ങിയും ഉള്ള സ്വര്‍ണ്ണം വിറ്റും അവന്‍ മുഴുക്കുടിയന്‍ ആയി മാറി. നിത്യേന മോഹിനിയെ ദേഹോപദ്രവം ചെയ്യാന്‍ തുടങ്ങി. ഭക്ഷണം കിട്ടാതെ ആഴ്ചകളോളം മക്കളും മോഹിനിയും പട്ടിണി കിടന്നു. നാട്ടില്‍വച്ച് രണ്ട് വര്‍ഷത്തോളം സ്‌നേഹപാട്ടുപാടി പിറകേ നടന്ന, രണ്ട് വര്‍ഷക്കാലം അവന്റെ നാട്ടിലെത്തി സ്‌നേഹത്തോടെ ജീവിച്ചുവന്ന അവസ്ഥയൊക്കെ മാറി. ഇന്നവന്‍ കാട്ടാളനെപ്പോലെയായി മാറി. ഇനി ജീവിക്കാന്‍ വയ്യ എന്ന് മനസ്സ് ഉറപ്പിച്ചു. രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒരു ദിവസം മര്‍ദനം മൂലം സഹികെട്ട് അവന്റെ മുമ്പില്‍ വച്ചുതന്നെ ജീവന്‍ ത്യജിക്കാന്‍ തലയിലൂടെ മണ്ണെണ്ണ കാന്‍ എടുത്തു കമഴ്ത്തി. അടുപ്പിനടുത്തുചെന്ന് 'എന്നെ തീ വയ്ക്കൂ എന്ന് ആക്രോശിച്ചു.' അവന്‍ ഇത് കേട്ടും കണ്ടും നിസ്സംഗനായി നോക്കിയിരിക്കുകയായിരുന്നു.

ഈ കാഴ്ച കണ്ട് ഓടിയെത്തിയ അവന്റെ അച്ഛന്‍ അവളെ പിടിച്ചു വലിച്ചു പുറത്തിറക്കി. വെള്ളമൊഴിച്ച് ആ മൂന്നാമത്തെ ആത്മഹത്യയില്‍ നിന്നും അവളെ രക്ഷപ്പെടുത്തി. സഹിക്കവയ്യാതെ അവള്‍ ജീവനും കൊണ്ട് കുട്ടികളുമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. വന്നുപോയ അബന്ധത്തെ ഓര്‍ത്ത് അവള്‍ നീറുകയാണ്. പ്രണയവും സ്‌നേഹവും ആദരവും ഒക്കെ സ്ത്രീയുടെ നേര്‍ക്ക് വാരിച്ചൊരിഞ്ഞ് അവളെ വലയത്തിലാക്കുകയും കാലം പിന്നിടുമ്പോള്‍ ഇതൊക്കെ മറന്ന് പെണ്ണിനെ കശാപ്പ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന പുരുഷ വൈകൃതമോര്‍ത്ത് എന്റെ മുമ്പില്‍ ഇരിക്കുന്ന മോഹിനി കേഴുന്നത് കാണുമ്പോള്‍ അവളെ സമാധാനിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലാതായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Eloped, Girl, Love, Drunkard, Father, Assault, Suicide Attempt, No words to convince her, Article of Kookanam Rahman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?