ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ കൂടി കൊടുങ്കാറ്റിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇന്നുമുതല്‍ രണ്ടു ദിവസത്തേക്കാണ് ജാഗ്രതാ നിര്‍ദേശം. ആറുജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി അതീവജാഗ്രതാ നിര്‍ദേശം നല്‍കി. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment