പൊവ്വല്‍ കോട്ട നാടിന് സമര്‍പ്പിച്ചു: ചരിത്രനിര്‍മിതികളുടെ പരിരക്ഷ ഉറപ്പാക്കും: മന്ത്രി

 
കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ കോട്ട ഇനി സഞ്ചാരികളുടെ പ്രിയ വിനോദ സഞ്ചാരകേന്ദ്രം. ഇതോടെ കോട്ടകളുടെ നാട്ടില്‍ പുതിയൊരു വിനോദ സഞ്ചാര മേഖലായി പൊവ്വല്‍ ദേശം അറിയപ്പെടും. പുരാവസ്തു വകുപ്പ് അനുവദിച്ച 50.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവൃത്തികള്‍ നടത്തിയ പൊവ്വല്‍ കോട്ടയുടെ ഉദ്ഘാടനം ഇന്നലെ തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.
 
ചരിത്ര സൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുളളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധരന്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാഗോപാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നബീസ മുഹമ്മദ് കുഞ്ഞി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി സ്വാഗതവും പുരാവസ്തു വകുപ്പ് എജ്യുക്കേഷന്‍ ഓഫീസര്‍ ടി.കെ കരുണാദാസ് നന്ദിയും പറഞ്ഞു.
 
52ലക്ഷം രൂപ ചെലവഴിച്ച്് പൊവ്വല്‍ കോട്ടയുടെ ഒന്നാംഘട്ട പ്രവൃത്തിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ട മതില്‍കെട്ടി സംരക്ഷിക്കുകയും തകര്‍ന്നുകിടന്ന കുളങ്ങളും കിണറുകളും സംരക്ഷിക്കുകയുമാണ് ഒന്നാംഘട്ടത്തില്‍ ചെയ്തിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനു ശേഷം തെക്കന്‍ കാനറയുടെ അധികാരം കൈയ്യാളിയിരുന്ന ഇക്കേരി നായക്കന്‍മാര്‍ പതിനേഴാം നൂറ്റാണ്ടില്‍ പണിത കോട്ടയാണ് പൊവ്വല്‍ കോട്ട. കോട്ടയുടെ പഴമ നിലനിര്‍ത്തി കൊണ്ടാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനം നടന്നത്. കോട്ട സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടവും ശുചിമുറിയും കുടിവെള്ളത്തിനുള്ള സൗകര്യവും കോട്ടയ്ക്കകത്ത് ഒരുക്കിയിട്ടുണ്ട്.
 
കോട്ടയുടെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുകയും നടപ്പാതയില്‍ കല്ലുകള്‍ പാകുകയും ചെയ്തിട്ടുണ്ട്. കോട്ടയുടെ ചുറ്റുമുള്ള എട്ടുകൊത്തളങ്ങളും കോട്ടക്കകത്തുള്ള ഒരു ഹനുമാന്‍ ക്ഷേത്രവും രണ്ടുകുളങ്ങളും ഒരു കിണര്‍ എന്നിവയുടെ നവീകരണ പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിച്ചിട്ടുണ്ട്. ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയിലെ പൊവ്വല്‍ ടൗണില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ എട്ടേക്കറോളം സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?