ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 08.05.2018) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോണ്‍ഗ്രസ് പിന്‍വലിച്ചത്.

ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാക്കാത്തതാണു കാരണം. ഹര്‍ജി ചൊവ്വാഴ്ച രാവിലെ തങ്ങളുടെ ബെഞ്ചില്‍ പരാമര്‍ശിക്കാന്‍ ജഡ്ജിമാരായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചതിനു പിന്നാലെ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജി അതേസമയത്തു പരിഗണിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ തീരുമാനം.

CJI impeachment plea: Supreme Court dismisses the petition as withdrawn, New Delhi, News, Politics, Trending, Supreme Court of India, Controversy, Press meet, Judge, National

ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ആരെയും ഉള്‍പ്പെടുത്താതെ, അവര്‍ക്കു താഴെയുള്ള അഞ്ചു പേരുള്‍പ്പെടുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം രൂപീകരിച്ചത്. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഭരണഘടനാ ബെഞ്ച്. എന്നാല്‍ ഭരണഘടനാബെഞ്ച് രൂപീകരിച്ചത് ആരെന്നു വ്യക്തമാകാത്തതിനാലാണു ഹര്‍ജി പിന്‍വലിച്ചതെന്ന് എംപിമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ ജുഡീഷ്യല്‍ ഉത്തരവ് വേണം. ഹര്‍ജി പരിഗണിക്കും മുന്‍പ് എങ്ങനെ ഭരണഘടനാബെഞ്ചിനു വിട്ടുവെന്നും അദ്ദേഹം ചോദിച്ചു.

ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് കോടതി ഉത്തരവിലൂടെയാണോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഭരണഘടനാ ബെഞ്ചിന് കേസ് വിട്ടത് സംബന്ധിച്ച ഉത്തരവ് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൊളീജിയത്തിലെ ജസ്റ്റിസുമാര്‍ ഇല്ലാത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. തങ്ങള്‍ കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് മറുപടി നല്‍കി. ഉത്തരവുണ്ടെങ്കില്‍ മാത്രമെ തങ്ങള്‍ക്ക് അതിനെ ചോദ്യം ചെയ്യാനാവൂ എന്നാണ് കപില്‍ സിബല്‍ ഇതിന് മറുപടി നല്‍കിയത്. അങ്ങനെയൊരു ഉത്തരവ് ഇല്ലാത്ത സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയാണെന്നും സിബല്‍ വ്യക്തമാക്കി. എസ്.എ.ബോബ്‌ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവര്‍ കൂടി അടങ്ങിയതാണ് ബെഞ്ച്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരായതിനെ അഭിഭാഷകരായ ആര്‍.പി.ലുത്ര, അശ്വനി ഉപാധ്യായ് എന്നിവര്‍ എതിര്‍ത്തു. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട രാഷ്ട്രീയക്കാരനായ അഭിഭാഷകന്‍ തന്നെ അതേ കേസില്‍ വാദിക്കുന്നത് ബാര്‍ കൗണ്‍സില്‍ വിലക്കിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, ഈ കേസില്‍ ഹാജരാവണോ വേണ്ടയോ എന്ന കാര്യം സിബലിന് തന്നെ തീരുമാനിക്കാമെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞു. എന്നാല്‍, ഹാജരാകാന്‍ തന്നെ സിബല്‍ തീരുമാനിച്ചു. തുടര്‍ന്നാണ്, കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കാന്‍ സമിതി രൂപീകരിക്കുന്നതിന് പകരം അധ്യക്ഷന്‍ ധൃതി പിടിച്ച് ഇംപീച്ച്‌മെന്റ് പ്രമേയം തള്ളുകയാണുണ്ടായതെന്ന് രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബാജ്‌വ(പഞ്ചാബ്), ആമി ഹര്‍ഷദ്രയ് യാഗ്‌നിക്(ഗുജറാത്ത്) എന്നിവര്‍ ഹര്‍ജിയില്‍ പറയുന്നു. 50ല്‍ അധികം എംപിമാര്‍ ഒപ്പിട്ട പ്രമേയം തള്ളാന്‍ അധ്യക്ഷന് അധികാരമില്ല. അന്വേഷണ സമിതി രൂപീകരിക്കണമായിരുന്നു എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വാദം.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി ലിസ്റ്റു ചെയ്യുന്ന കാര്യം അഭിഭാഷകരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ പരാമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി അദ്ദേഹത്തിന്റെ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് വേണ്ടെന്നും കേസ് ഏതു ബെഞ്ചില്‍ ലിസ്റ്റു ചെയ്യണമെന്ന് തീരുമാനിച്ചാല്‍ മതിയെന്നും അഭിഭാഷകര്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്.

പ്രതാപ് സിങ് ബാജ്‌വ, അമി ഹര്‍ഷദ്രയ യജ്‌നിക് എന്നിവരാണു രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നാരോപിച്ചു സുപ്രീം കോടതിയെ സമീപിച്ചത്. നോട്ടീസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ രാജ്യസഭാധ്യക്ഷന് അര്‍ധ-ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ഉത്തരവു റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. കുറ്റവിചാരണയുടെ ഭാഗമായി മൂന്നംഗ അന്വേഷണ സമിതിയുണ്ടാക്കാന്‍ രാജ്യസഭാധ്യക്ഷനോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു. ഇതു പരിഗണിക്കാനാണ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.
അതേസമയം, ചീഫ് ജസ്റ്റിസിനെതിരെ അധികാര ദുര്‍വിനിയോഗം ആരോപിച്ചു ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ മുന്‍കയ്യെടുത്ത ജസ്റ്റിസ് ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനെതിരായ കേസ് പരിഗണിക്കേണ്ടെന്ന തീരുമാനം സുപ്രീം കോടതിക്കുള്ളിലെ തര്‍ക്കത്തിനു പുതിയ മാനം നല്‍കും. അതിനിടെയാണു ഭരണഘടനാ ബെഞ്ചിന്റെ പേരിലുള്ള വിവാദവും ഇപ്പോഴുണ്ടായിരിക്കുന്നത്.

ഭരണഘടനാ ബെഞ്ച് കുറ്റവിചാരണ വിഷയത്തില്‍ എന്തു നിലപാടെടുക്കും എന്ന ആകാംക്ഷയിലിരിക്കെയാണു ഹര്‍ജി പിന്‍വലിക്കാനുള്ള എംപിമാരുടെ തീരുമാനം. കേസില്‍ തുടര്‍നടപടി നിര്‍ദേശിച്ചിരുന്നെങ്കില്‍ ഒരേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതിയും പ്രതിസന്ധിയിലാകുമായിരുന്നു. രാജ്യസഭാധ്യക്ഷനെയാണു ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കിയിരുന്നത്. ഒക്ടോബര്‍ രണ്ടുവരെയാണു ചീഫ് ജസ്റ്റിസ് മിശ്രയുടെ കാലാവധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CJI impeachment plea: Supreme Court dismisses the petition as withdrawn, New Delhi, News, Politics, Trending, Supreme Court of India, Controversy, Press meet, Judge, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?