മകന്റെ പിതൃത്വം തെളിയിക്കണമെന്ന ആദിവാസി സ്ത്രീയുടെആവശ്യത്തിനുമുന്നില്‍ വഴിയടച്ച് സര്‍ക്കാര്‍

പത്തനംതിട്ട:(www.kvartha.com 04/05/2018) മകന്റെ പിതൃത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും നിരാലംബയായ ആദിവാസി സ്ത്രീക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതി. റാന്നി പഴവങ്ങാടി വില്ലേജിലെ നാറാണം മൂഴിക്ക് സമീപമുള്ള ചൊള്ളിനാവയലിലെ ആദിവാസി കോളനി നിവാസിയാണ് പരാതിക്കാരിയായ മധ്യവയസ്‌ക്ക. വളരെ ചെറുപ്പത്തില്‍ വിവാഹിതയായ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചെങ്കിലും വൈകാതെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് കൂലിപ്പണി ചെയ്താണ് ഇവര്‍ കഴിഞ്ഞുവന്നത്. ജീവിതം വഴിമുട്ടിയതോടെയാണ് 1996-ല്‍ നാറാണം മൂഴിയിലെ സാമ്പത്തീക സ്വാധീനമുള്ള ഒരു വീട്ടില്‍ വേലയ്ക്കായി എത്തിയത്.

അധ്യാപക ദമ്പതിമാരായ മാതാപിതാക്കള്‍ സ്‌കൂളിലേക്ക് പോകുന്നതോടെ അവരുടെ ഏക മകന്‍ തന്നെ ശല്യപ്പെടുത്തുന്നതുന്നത് പതിവാക്കിയിരുന്നതായി പെരുനാട് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇവര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥിയായിരുന്ന അയാളെ പിന്തിരിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍ അയാള്‍ തന്നെ കീഴ്‌പ്പെടുത്തിയശേഷം ബലാല്‍സംഘം ചെയ്തു. ഇതേപ്പറ്റി മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവാവ് കരഞ്ഞു. ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അയാള്‍ പറഞ്ഞുവെങ്കിലും വീണ്ടും പീഢനം തുടര്‍ന്നു.

News, Pathanamthitta, Kerala, District Collector, Tribal Women, Chief Minister, Molestation, Complaint, Government rejected need for tribal woman to prove her son's paternity

പരാതിപറയാന്‍ ശ്രമിച്ചപ്പോള്‍ മോഷണകേസില്‍ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടുകാരുടെ സ്വധീനവും രാഷ്ട്രീയമായി അവര്‍ക്കുള്ള പിന്തുണയും ഓര്‍ത്തപ്പോള്‍ എല്ലാം മനസില്‍ ഒതുക്കി കഴിയാന്‍ മാത്രമായിരുന്നു ഇവരുടെ വിധി. പിന്നീടുള്ള ദിവസങ്ങളില്‍ പോലീസിനെകൊണ്ട് പിടിപ്പിക്കും എന്ന് പറഞ്ഞ് പീഡിപ്പിക്കുന്നത് പതിവായി. ഒടുവില്‍ താന്‍ ഗര്‍ഭിണിയായ വിവരം യുവാവിനെയും മാതാപിതാക്കളെയും അവര്‍ അറിയിച്ചു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിനായി വന്‍ തുക വാഗ്ദാനവും ചെയ്തു. അതിന് സമ്മതിക്കാതെ വന്നതോടെ അവര്‍ അനുരഞ്ജനത്തിന് തയ്യാറായി. സുരക്ഷിതമായി വീട്ടില്‍ കഴിയാമെന്നും എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

പ്രസവം അടുക്കാറായപ്പോള്‍ തിരുവനന്തപുരം കാരേറ്റുള്ള അവരുടെ ബന്ധുവീട്ടിലേക്ക് മാറ്റി. 2006 ഒക്ടോബര്‍ 5ന് കാരേറ്റുള്ള വീട്ടില്‍ വച്ച് ആദിവാസി യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒത്തുതീര്‍പ്പിനായിട്ടുള്ള നീക്കമായിരുന്നു പിന്നീട് യുവാവിന്റെ വീട്ടുകാര്‍ നടത്തിയത്. പത്തുലക്ഷം രൂപാ നല്‍കാമെന്നും ശല്യമൊന്നും ഉണ്ടാക്കരുതെന്നും അവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് പൊള്ളനാവയലിലുള്ള വീട്ടില്‍ യുവതിയെ എത്തിച്ചശേഷം വീട്ടുകാര്‍ സ്ഥലം വിട്ടു.

ഉദ്ദേശ്യം രണ്ടുവര്‍ഷക്കാലം പ്രതിമാസം 1000 രൂപാ ചെലവിനായി ഇവര്‍ യുവതിക്ക് നല്‍കിയിരുന്നു. കുട്ടിയെ വളര്‍ത്താന്‍ നിര്‍വാഹമില്ലാതെ വന്നതോടെ യുവതി വീണ്ടും വീട്ടുകാരെ സമീപിച്ചു. എന്നാല്‍ ഇനി പണം ചോദിച്ചുവന്നാല്‍ കുട്ടിയെയും തന്നെയും വീട്ടിലിട്ട് ചുട്ടുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയാതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഒടുവില്‍ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തിയുടെ ഇടപെടല്‍ മൂലം വീണ്ടും മാസചെലവിന് ആയിരം രൂപാ വീതം നല്‍കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇടനിലക്കാരനായ വ്യക്തി പെട്ടന്ന് മരിച്ചതോടെ ആ വരുമാനവും നിലച്ചു.

ഇതിനിടെ മകന്റെ പിതൃത്വം അംഗീകരിച്ചുകിട്ടണമെന്ന ആവശ്യവുമായി ജില്ലാ കലക്ടര്‍, വനിതാ സെല്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെ അവര്‍ പരാതി സമര്‍പ്പിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മകന് ഇപ്പോള്‍ 12 വയസായി. ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ ലഭിക്കാന്‍ പിതൃത്വം തെളിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിനായി മകന്റെയും പിതൃത്വം ആരോപിക്കപ്പെടുന്ന വ്യക്തിയുടെയും ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിതാവിന്റെ പേരുകൂടി ചേര്‍ത്താണ് ഇവര്‍ മകന് പേരിട്ടിരിക്കുന്നത്. നാല്‍പ്പത്തി ഒന്ന് വയസ് പിന്നിട്ട അയാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ നാട്ടില്‍ എത്തിയെങ്കില്‍ മാത്രമെ തുടര്‍നടപടികള്‍ക്ക് സാധ്യതയുളളൂ. തനിക്ക് നീതിലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമ്പന്ന കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഇവരെ കൈയ്യൊഴിഞ്ഞ അവസ്ഥയാണിപ്പോള്‍. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനുമുന്നില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഐ.ജി നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് അന്വേഷിച്ച തിരുവല്ല ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തിയശേഷം തന്റെ ഒപ്പുപോലും അതില്‍ രേഖപ്പെടുത്താതെ സ്ഥലം വിടുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഈ സാഹചര്യത്തിലാണ് തനിക്കും 12 വയസുള്ള മകനും ഉണ്ടായ കൊടുംചതി പ്രസ് ക്ലബില്‍ എത്തി വിവരിക്കാന്‍ ഇവര്‍ തയ്യാറായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, District Collector, Tribal Women, Chief Minister, Molestation, Complaint, Government rejected need for tribal woman to prove her son's paternity


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?