12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാര്‍ജ- കോഴിക്കോട് വിമാനം പുറപ്പെട്ടില്ല, യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയത് നാലരമണിക്കൂറോളം, എയര്‍ ഇന്ത്യയ്‌ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം

ഷാര്‍ജ: (www.kvartha.com 24.05.2018) എയര്‍ ഇന്ത്യ വിമാനത്തിന് 'യന്ത്രത്തകരാര്‍' തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന AI998 വിമാനമാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം വൈകുന്നത്. നിശ്ചിത സമയം പിന്നിട്ട് പന്ത്രണ്ടു മണിക്കൂര്‍ കഴിയുമ്പോഴും എപ്പോള്‍ പുറപ്പെടാന്‍ സാധിക്കുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ല.

യാത്രക്കാരെല്ലാം കയറി പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാലര മണിക്കൂറോളം യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. യന്ത്രത്തകരാറിന്റെയും മറ്റു സാങ്കേതിക കാരണങ്ങളുടെയും പേരില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ വൈകുന്നത് പതിവായിരിക്കയാണ്.

Air India flight delay 12 hours, Sharjah, News, Business, Flight, Passengers, Criticism, Kozhikode, Dubai, Air India, Gulf, World

മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി അടിയന്തിരമായി യാത്ര ചെയ്യുന്നവരും കുട്ടികളുടെ അഡ് മിഷന്‍ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവരും വിമാനത്തിലുണ്ടായിരുന്നു. 'ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് ഇറക്കിയപ്പോഴാണ് വിമാനത്തിന്റെ യന്ത്രത്തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണമായ ശബ്ദവും കുലുക്കവും ഞങ്ങള്‍ക്കും അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. പിന്നീട് വിമാനം നിര്‍ത്തിയിട്ടു. ആദ്യം ചുരുങ്ങിയ സമയത്തിനകം പ്രശ്‌നം പരിഹരിച്ച് പറക്കുമെന്ന ഉറപ്പു നല്‍കി.

രണ്ടര മണിക്കൂറോളം കഴിഞ്ഞ് വീണ്ടും റണ്‍വേയിലേക്കിറക്കി. അപ്പോഴും ഇതാവര്‍ത്തിച്ചു. പിന്നീട് രണ്ടു മണിക്കൂര്‍ കൂടി വിമാനത്തിനകത്തു തന്നെ ഇരിക്കേണ്ടി വന്നു. തുടര്‍ന്നാണ് വിമാനത്താവളത്തിലേക്ക് യാത്രക്കാരെ മാറ്റിയത്. സാങ്കേതിക തകരാര്‍ എന്ന് ആവര്‍ത്തിച്ചതല്ലാതെ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പോലും അധികൃര്‍ തയാറായില്ല' എന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.

അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും മറ്റൊരു വിമാനത്തില്‍ പോകാന്‍ പുറത്തു വിടുകയെങ്കിലും ചെയ്യണമെന്ന് യാത്രക്കാരിലൊരാള്‍ അപേക്ഷിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അഞ്ചു മണിക്കൂറോളം വിമാനത്തിനകത്ത് ഇരുത്തിയതിനു ശേഷമാണ് യാത്രക്കാരെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചിറക്കിയത്. സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമടക്കമുള്ള യാത്രക്കാര്‍ ഏറെ ദുരിതമനുഭവിച്ചു. ശേഷം കുറച്ചു പേരെ എയര്‍ ഇന്ത്യയുടെ തന്നെ മറ്റു സര്‍വീസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിച്ചു. ബാക്കിയുള്ളവര്‍ക്ക് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നത് വരെ ഹോട്ടലില്‍ തങ്ങാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്ന ഒട്ടേറെ യാത്രക്കാര്‍ക്ക് യാത്ര തുടരാനായിട്ടില്ല.

വിമാനത്തിന്റെ തകരാര്‍ തിരിച്ചറിയാന്‍ കഴിവുള്ള വിദഗ്ധരോ സംവിധാനമോ എയര്‍ ഇന്ത്യയുടെ പക്കലുണ്ടായിരുന്നില്ല എന്ന് യാത്രക്കാര്‍ പറയുന്നു. സ്ഥിരമായി എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സര്‍വീസുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും, എന്നിട്ടും സര്‍ക്കാരിന്റെയോ അധികൃതരുടെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പ്രവാസി സംഘടനകളും ആരോപിക്കുന്നു.

യന്ത്രത്തകരാര്‍ മാത്രമല്ല, പൈലറ്റും എയര്‍ സ്റ്റാഫും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ പോലും എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകാനും മുടങ്ങാനും കാരണമാവുന്നുണ്ടെന്നാണ് പ്രവാസികളുടെ അടക്കംപറച്ചില്‍. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വിമാനത്തില്‍ എലി കയറിയതിനെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള മറ്റൊരു എയര്‍ ഇന്ത്യ സര്‍വീസ് പതിനൊന്ന് മണിക്കൂറോളം വൈകിയിരുന്നു.

ഇന്ത്യയില്‍ നിന്ന് എഞ്ചിനിയറിങ് സംഘം പുറപ്പെട്ടിട്ടുണ്ടെന്നും ഇവരെത്തി പരിശോധിച്ചതിനു ശേഷം മാത്രമേ ഈ വിമാനത്തില്‍ യാത്ര തുടരുന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനൊക്കൂ എന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വാദം. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, ഇരുപത്തിനാല് മണിക്കൂര്‍ വൈകിയെങ്കിലും പറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ വ്യക്തമാക്കി.

റണ്‍വേയില്‍ ഇറങ്ങിയതിനു ശേഷം മാത്രമാണ് വിമാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പെട്ടത് എന്നത് ഏറെ ഗുരുതരമായ പ്രശ്‌നമായിട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അപകടങ്ങളിലേക്ക് വഴിവെച്ചേക്കാവുന്ന ഇത്തരം തകരാറുകള്‍ എയര്‍ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലെ സര്‍വീസുകളില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം തന്നെ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.

യാത്രക്കാരുടെ ജീവന്‍ പണയം വച്ചുള്ള ഇത്തരം അനാസ്ഥകള്‍ക്ക് നേരെ പ്രവാസികള്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും അധികൃതര്‍ നടപടികളൊന്നും കൈകൊള്ളാറില്ല. സ്വകാര്യ എയര്‍ ലൈന്‍ കമ്പനികളെ സഹായിക്കാനും പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ തകര്‍ക്കാനുമുള്ള താത്പര്യങ്ങളുടെ ഭാഗമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India flight delay 12 hours, Sharjah, News, Business, Flight, Passengers, Criticism, Kozhikode, Dubai, Air India, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?