ഭാര്‍ഗവി അമ്മയുടെ കഥകളുടെ ആസ്വാദനം

കൂക്കാനം റഹ് മാന്‍

(www.kvartha.com 18.04.2018) ലളിതമായ വാക്കുകളും, ചെറിയ വാചകങ്ങളും, നാടന്‍ശൈലിയിലൂടെ താന്‍ അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ വസ്തുതകള്‍ കഥകളായി എഴുതുകയാണ് ഭാര്‍ഗവി അമ്മ എന്ന എഴുപതുകാരി. കഠിനമായ പദപ്രയോഗങ്ങളിലൂടെ സുന്ദരവര്‍ണ്ണനകളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനാ വൈഭവമൊന്നും ഭാര്‍ഗവി അമ്മയ്ക്കില്ല. ഇനിവരുന്ന വായനക്കാര്‍ ഭാര്‍ഗവി അമ്മയുടെ ഈ ശൈലിയാണ് ഇഷ്ടപ്പെടുക. പറയാനുളള കാര്യങ്ങള്‍ നേരേ ചൊവ്വേ നാടന്‍ശൈലിയില്‍ എഴുതുന്നവര്‍ ഇക്കാലത്ത് കുറവാണ്. അതില്‍ മാന്യതയില്ല എന്ന് കരുതുന്നതുകൊണ്ടാവാം. വളച്ചുകെട്ടിക്കൊണ്ട് മേല്‍പ്പൊടിക്കായി അല്‍പ്പം നാടന്‍പദങ്ങളും ചേര്‍ത്തു വായനക്കാരെ ആകര്‍ഷിക്കുന്ന സമീപനമാണ് വര്‍ത്തമാന കഥകളിലും രചയിതാക്കള്‍ സ്വീകരിക്കുന്നത്.

എന്നാല്‍ വിയര്‍പ്പ് വറ്റിക്കൊണ്ടിരിക്കുന്ന അവളുടെ ദേഹത്തുനിന്ന് ഇടതുഭാഗത്തേക്ക് ചെരിഞ്ഞ്, തുറന്നിട്ട ജനലിലൂടെ മങ്ങിയ നക്ഷത്രങ്ങളെ നോക്കി നല്ല ശബ്ദത്തില്‍ എന്നാല്‍ ഒട്ടും ദുര്‍ഗന്ധമില്ലാതെ ഒരു നീണ്ട വളിയിട്ടപ്പോള്‍ അയാള്‍ക്ക് സെക്‌സില്‍ ആദ്യമായി മടുപ്പുതോന്നി. ഗഫൂര്‍ അറക്കല്‍ എഴുതിയ 'ഒരു ഭൂതത്തിന്റെ ഭാവിജീവിതം' എന്ന നോവലില്‍ പ്രതിപാദിച്ചിരിക്കുന്ന ഒരു വാചകമാണിത്. ഇതേ കാര്യം ഭാര്‍ഗവി അമ്മ എഴുതുക ഇങ്ങനെയായിരിക്കും. അവളുടെ നീണ്ട വളിയിടല്‍ കേട്ടപ്പോള്‍ അയാള്‍ക്ക് ലൈംഗികബന്ധത്തോടുളള ഇഷ്ടം ഇല്ലാതായി. നിത്യജീവിതത്തില്‍ നമ്മള്‍ നേര്‍ക്കുനേര്‍ കാണുന്ന പച്ചയായ അനുഭവങ്ങളെ കഥാതന്തുക്കളായി മാറ്റാന്‍ പ്രായാധിക്യത്തിലും ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിച്ചുവരുന്ന ഭാര്‍ഗവി അമ്മയ്ക്ക് സാധിക്കുന്നു എന്നതില്‍ അവരെ പ്രോത്സാഹനത്തിന് അര്‍ഹയാക്കുന്നു. 'അച്ഛന്‍' എന്ന കൊച്ചുകഥയില്‍ പ്രായാധിക്യത്തില്‍ അച്ഛന്‍ ഒരു ബാധ്യതയായിത്തീരുമ്പോള്‍ മക്കള്‍ കാണിക്കുന്ന നിസ്സംഗതയും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കാട്ടിക്കൂട്ടുന്ന കപടതന്ത്രങ്ങളും അത്രയും തന്മയത്വത്തോടെയാണ് ഭാര്‍ഗവി അമ്മ വരച്ചുകാട്ടിയിട്ടുളളത്. 'പണത്തിന് മേലെ പരുന്തും പറക്കില്ല' എന്ന പഴമൊഴി നമ്മുടെ സമൂഹത്തില്‍ നടമാടുന്ന മ്ലേച്ചമായ കാര്യമാണ്. എങ്ങനെയും സമ്പത്ത് സ്വരൂപിക്കുകയും സുഖലോലുപതയില്‍ ജീവിക്കുകയും ചെയ്യുക എന്നുളളതാണ് ഇക്കാലത്തെ മനുഷ്യരുടെ തത്വം.

Article, Kookanam-Rahman, Writer, Bhargavi Amma, About writer Bhargavi Amma.

'ജ്യേഷ്ഠാനുജന്മാര്‍' എന്ന കഥയില്‍ കപട ഈശ്വരവിശ്വാസത്തെയും, വിശ്വാസത്തിന്റെ പേരില്‍ കളളവും ചതിയും പ്രയോഗിക്കുന്നവരുടെയും കപടമുഖം അനാവരണം ചെയ്യുന്നുണ്ട് ഭാര്‍ഗവി അമ്മ. 'വിധിയെ ആര്‍ക്കും പഴിക്കാനാവില്ല' എന്ന കഥ ഒരു പഴയ കഥാവസ്തുവുമായി ബന്ധിപ്പിച്ചുകൊണ്ട് എഴുതിയതാണ്. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന തത്വം വായനക്കാരിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ കഥാകാരി. പുതിയ തലമുറക്ക് ഈ കഥയില്‍ വേണ്ടത്ര വിശ്വാസം വരില്ല. എങ്കിലും പഴയ ആള്‍ക്കാര്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും വേവലാതി പൂണ്ടതുകൊണ്ട് കാര്യമില്ലെന്നും വായനക്കാരെ ബോധ്യപ്പെടുത്താന്‍ ഈ കഥയ്ക്കാവുന്നുണ്ട്. പ്രണയം മൂത്ത് ഒളിച്ചോടുന്ന പെണ്‍മക്കള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. അവസരങ്ങളാണ് പ്രണയത്തിനും ഒളിച്ചോട്ടത്തിനും പ്രേരണയാകുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ തിരിച്ചറിയാതെ പോകുന്നു. വീടുവിട്ടിറങ്ങിയ മകളെയോര്‍ത്ത് അവരുടെ ഹൃദയം വിങ്ങുന്നുണ്ടാവും. പുറത്ത് അമര്‍ഷം കാണിച്ച് സംസാരിക്കുമെങ്കിലും അവരുടെ ഉളള് നീറുകയായിരിക്കും.

പ്രായവും മന:പക്വതയും വന്നവര്‍ക്കേ മകള്‍ ചെയ്ത തെറ്റ് പൊറുക്കാനാവൂ. ഭാര്‍ഗവി അമ്മയുടേത് പതം വന്ന മനസ്സാണ്. അതുകൊണ്ടാണ് തന്റെ 'തിരുവോണത്തലേന്നാള്‍' എന്ന കഥയില്‍ പത്ത് കൊല്ലം മുമ്പ് വീട് വിട്ട് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ സ്വന്തം മകളെത്തേടി അവളുടെ കുടിലിലെത്താനും, അവള്‍ക്ക് അര്‍ഹതപ്പെട്ട സ്വത്തിന്റെ വിഹിതം സ്‌നേഹത്തോടെ നല്‍കാനുമുളള മനസ്സ് കാണിച്ച അച്ഛന്റെയും അമ്മയുടെയും മനസ്സ് പോലെ പ്രണയിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ മക്കളുളള അച്ഛനമ്മമാരുടെ മനസ്സിന് വെളിച്ചമായി. ഈ കൊച്ചുകഥ പ്രാപ്തമായെങ്കില്‍ ഭാര്‍ഗവി അമ്മയുടെ മനസ്സില്‍ ചാരിതാര്‍ത്ഥ്യമുണ്ടാവും. എല്ലാ രണ്ടാനമ്മമാരും കഠോരഹൃദയമുളളവരല്ലായെന്നും സ്‌നേഹവായ്പ്പുളള മനസ്സുളളവരുണ്ടെന്നും കാട്ടിത്തരുന്നു 'രണ്ടാനമ്മ'യില്‍. പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടി മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്ന പൈശാചിക മനസ്സുളളവരെക്കുറിച്ച് വളരെ ലളിതമായി ഈ കഥയില്‍ തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്. സത്യവും മിഥ്യയും കണ്ടെത്താന്‍ ജനം ശ്രദ്ധാലുവായിരിക്കണം എന്ന സന്ദേശം സ്വാനുഭവത്തിലൂടെ പകര്‍ന്നു തരുന്ന ഭാര്‍ഗവി അമ്മയുടെ കരവിരുത് അഭിനന്ദനീയമാണ്.

ബേപ്പൂര്‍ സുല്‍ത്താന്റെ കഥയില്‍ ജാതിയും മതവും തിരിച്ചറിയാതിരിക്കാന്‍ കുട്ടിക്ക് 'ആകാശമിഠായി' എന്ന പേരിട്ടപോലെ ഭാര്‍ഗവി അമ്മയുടെ 'പുത്തന്‍ തലമുറക്കൊരു വഴികാട്ടി' കഥയില്‍ പേരുവിളി പരാമര്‍ശ വിഷയമാവുന്നുണ്ട്. പ്രായമായ അച്ഛനെയും അമ്മയെയും നടതളളുന്ന ആധുനികസമൂഹത്തിന് നേര്‍ക്ക് തൊടുത്തുവിടുന്ന കൂരമ്പായി തോന്നും ഈ കഥ. കുഞ്ഞുങ്ങളെ നന്മയിലേക്ക് നയിക്കാനുളള ചൂണ്ടുപലകയായി നില്‍ക്കുന്നു ഇത്. സ്വന്തം മാതാപിതാക്കളെ അവജ്ഞയോടെ തളളിപ്പറയുന്നവരുടെ മക്കള്‍ അത് കണ്ട് പഠിക്കുമെന്നും തന്റെ മാതാപിതാക്കളോട് ഇതേപോലെയാണ് പെരുമാറേണ്ടതെന്നും അവര്‍ മനസ്സില്‍ കരുതുമെന്നുമുളള സത്യം ഈ കഥയിലൂടെ ഭാര്‍ഗവി അമ്മ വിളിച്ചുപറയുന്നു. എഴുത്തുകാര്‍ സമൂഹത്തില്‍ നടമാടുന്ന തിന്മകളെ ചൂണ്ടിക്കാട്ടി നന്മയുടെ പാതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ശ്രമമാണ് നടത്താറ്. വെറുതെ കഥയ്ക്കുവേണ്ടി കഥ രചിക്കുന്നവരുമുണ്ട്. ഒരു ചെറിയ സംഭവത്തെ കേന്ദ്രീകരിച്ചുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് 'കലക്കും വെളളം' എന്ന കഥയിലൂടെ സമൂഹ മനസ്സിലേക്ക് ആഴ്ന്നിറങ്ങും വിധം കഥ പറഞ്ഞുതരുന്ന ഭാര്‍ഗവി അമ്മ മാതൃകപരമായ ഒരു വഴികാട്ടികൂടിയാണ്.

ബാലകൗതുകങ്ങള്‍ മൂലം അവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞുകൊടുക്കാന്‍ അമ്മമനസ്സുകള്‍ പ്രാപ്തമാവണമെന്ന് 'കാത്തിരിപ്പ്' എന്ന കഥയില്‍ പരാമര്‍ശിക്കുന്നു. കവിളില്‍ 'കറുത്തപുളളി' ഇടുന്നതെന്തിന്?, എന്തിന് സിന്ദൂരം പറ്റിക്കണം?, 'ദരിദ്രര്‍' എങ്ങനെ ഉണ്ടാവുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എല്ലാം ഭംഗിയായി പരാമര്‍ശിച്ചിരിക്കുന്നു 'കാത്തിരിപ്പ്' എന്ന കഥയില്‍. അച്ഛന്റെ വരവ് കൊതിയോടെ കാത്തുനില്‍ക്കുന്ന മകളോട് അച്ഛന്റെ മരണവിവരം അറിയിക്കേണ്ടിവന്ന അമ്മയുടെ മാനസ്സികവ്യഥ വായനക്കാരെ കണ്ണീരണിയിക്കും. മിണ്ടാപ്രാണികളോട് ക്രൂരത കാട്ടരുതെന്നും അവയെ അരുമയായി സ്‌നേഹിച്ചു വളര്‍ത്തിയാല്‍ അപകടസമയത്ത് സഹായത്തിനെത്തുമെന്നും ബോധ്യപ്പെടുത്തുന്ന കഥയാണ് 'മക്കളില്ലാത്ത ദമ്പതികള്‍'. ആധുനികകാലത്തെ വിദ്യാഭ്യാസവും വിവേകവുമുളള നന്ദികെട്ട മക്കളേക്കാള്‍ സഹാനുഭൂതി കാണിക്കുന്നത് മിണ്ടാപ്രാണികളാണെന്ന് വരച്ചുകാട്ടിക്കൊണ്ട് എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കുകയെന്ന സന്ദേശവും കൂടി ഈ കഥ വിളംബരം ചെയ്യുന്നു.

'പൂച്ചച്ച മനം'നല്ലൊരു പഴയ കഥയാണ്. അത് പരിഷ്‌ക്കരിച്ച് വര്‍ത്തമാനകാലത്തിന് അനുയോജ്യമായ രീതിയില്‍ എഴുതിയിരിക്കുന്നു കഥാകാരി. കളളത്തരം എന്നായാലും പുറത്ത്‌വരും എന്ന് അതിസമര്‍ത്ഥമായി ഒരു പൂച്ചയെക്കൊണ്ടാണ് പറയിക്കുന്നതെങ്കിലും മനോഹരമായിരിക്കുന്നു അതിന്റെ ആഖ്യാനരീതി. ഇപ്പോള്‍ അറുപത്-എഴുപത് കഴിഞ്ഞവര്‍ അനുഭവിച്ചറിഞ്ഞ അവരുടെ കുട്ടിക്കാലത്തെ പട്ടിണി പരിവട്ടങ്ങള്‍ ഇക്കാലത്തെ കുട്ടികള്‍ക്ക് കെട്ടുകഥയെന്ന് തോന്നുമെങ്കിലും 'കുട്ടിക്കളി ആന്‍ഡ് 39;യില്‍ കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് പരാമര്‍ശിച്ചതും, കുട്ടിക്കാലത്ത് ചെയ്തുപോകുന്ന കളളത്തരങ്ങളും തന്മയത്വത്തോടെ എഴുതിയത് വായിക്കുമ്പോള്‍ മനസ്സ് ഭൂതകാല ഓര്‍മ്മകളിലേക്ക് വായനക്കാരെ നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രായം ചെന്ന ഈ കഥാകാരിയുടെ തൂലികയില്‍ നിന്ന് ആധുനികജീവിത സമ്പ്രദായങ്ങളിലേക്കുകൂടി വെളിച്ചം വീശുന്ന കഥ കൂടി ഉരുത്തിരിഞ്ഞുവന്നു എന്നത് അത്ഭുതമുളവാക്കുന്നതാണ്. കാമുകീകാമുകന്മാരുടെ സല്ലാപം വാട്ടസ്ആപ്പ് ചാറ്റുകളിലൂടെ നിറം പിടിപ്പിക്കാനും, അപകടകരമായ ഇത്തരം സമീപനങ്ങള്‍ ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ അലോസരപ്പെടുത്തുമെന്നും, ജീവിതം ത്യജിക്കേണ്ടി വരുമെന്നും യുവമനസ്സുകളെ ബോധ്യപ്പെടുത്തുന്നതാണ് 'സൗമ്യക്കെന്ത് സംഭവിച്ചു?' എന്ന കഥ.

എഴുപതുകാരി ഭാര്‍ഗവി അമ്മയുടെ മനോമുകുരത്തില്‍ പൊട്ടിവിടര്‍ന്ന, ചിന്താദ്വീപകമായ ഈ മനോഹര കഥാപുസ്തകത്തെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. വായനയെ പ്രണയിക്കുന്നവരുടെ മുന്നിലേക്ക് ഈ കഥാസമാഹാരം വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Writer, Bhargavi Amma, About writer Bhargavi Amma.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?