തെയ്യം കെട്ടു മഹോല്‍സവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kvartha.com 08.04.2018) ഈയിടെ നടന്ന ഡിഗ്രീ പരീക്ഷാ പേപ്പറില്‍ ഇങ്ങനെ ഒരു ചോദ്യം വന്നു. 'വയനാട്ടു കുലവന്‍' ഭ്രഷ്ടനാക്കപ്പെട്ട വ്യക്തി ആകുന്നതെങ്ങനെ? (2എ.08 (1) മലയാളം ചോദ്യം നമ്പര്‍ 14)

പരീക്ഷാര്‍ത്ഥികള്‍ ഇതിനുള്ള ഉത്തരമെഴുതിയത് എങ്ങനെയുമാവട്ടെ, ഈ അടുത്ത കാലത്തു വരെ കുലവന്റെ പരിചാരകര്‍ തെയ്യം കെട്ടു മഹോല്‍സവ മമാങ്കമൊരുക്കുമ്പോള്‍ കൂട്ടത്തില്‍ രണ്ട് അടുക്കളയുണ്ടായിരുന്നു. ഒന്നാം അടുക്കള രണ്ടാം അടുക്കള എന്ന് പ്രത്യേകമായി ബോര്‍ഡും സ്ഥാപിക്കും. ഒന്നു സവര്‍ണര്‍ക്കും അടുത്തതും അവര്‍ണര്‍ അടങ്ങിയ തീയ്യര്‍ക്കുമെന്നാണ് കീഴ് വഴക്കം. ദളിതര്‍, അടിയാര്‍ ബേട്ടുവര്‍ തുടങ്ങിയ നാനാവിധ അധമജാതിക്കാര്‍ക്കു വേണ്ടിയുള്ളതാണ് രണ്ടാം അടുക്കള. ഒന്നാം അടുക്കളയില്‍ നായന്മാര്‍ എത്തി നോക്കിയാല്‍ മാത്രം മതി ചോറുപുളിച്ചു പോകുമെന്ന വിശ്വാസവും സ്ഥാപിക്കപ്പെട്ടതോടെ ഉയര്‍ന്ന കുലക്കാര്‍ക്ക് ഉണ്ട് എഴുന്നേറ്റാല്‍ മതി എന്നായി. തെയ്യം കെട്ട് മഹോല്‍സവം എന്നാല്‍ വിശപ്പിനെതിരെയുള്ള പോരാട്ടങ്ങളുടെ ഉല്‍സവം കൂടിയാണല്ലോ.

Article, Prathibha-Rajan, Theyyam, Vayantu Kulavan, Exam, Question, Readers, Article Of Prathiba Rajan

തൊട്ടുകൂടാനോ, തീണ്ടാനോ പാടില്ലാത്തവിധം കെട്ടി മറിച്ച് തന്ത്രിമാര്‍, നായന്മാര്‍ തുടങ്ങി പ്രത്യേകം ബോര്‍ഡ് പതിപ്പിച്ച ഇരിപ്പിടവും തയ്യാറാക്കാറുണ്ട്. പലയിടത്തും ഇതൊക്കെ മങ്ങിത്തുടങ്ങിയെങ്കിലും പൂര്‍ണ്ണമായും തേഞ്ഞു മാഞ്ഞു പോയിട്ടില്ല. നായര്‍(യശമാന) സാമൂദായിക കുലത്തില്‍ പിറന്നവരാണ് ഇന്നും പലയിടത്തും തെയ്യം കെട്ടു കമ്മറ്റിയുടെ ചെയര്‍മാന്‍. ഇതും പഴയ ചില കീഴ് വഴക്കങ്ങളാണ്. കടുത്ത ജാതീ വര്‍ഗീയതകളെ പ്രകടമായി തന്നെ അംഗീകരിച്ചു പോരുകയായിരുന്നു മഹോല്‍സവങ്ങള്‍.

തീയ്യവംശത്തേക്കുറിച്ചും, അതിന്റെ ഉല്‍ഭവത്തേയും അവര്‍ വെച്ചു പുലര്‍ത്തിയ ഗോത്ര സംസ്‌കൃതിയേയും കുറിച്ചും പഠനം നടത്തുന്ന ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കും കുലദേവനായ വയനാട്ടു കുലവനേയും അതുയര്‍ത്തുന്ന ആചാര അനുഷ്ഠാനങ്ങളെയും വിലയിരുത്താതെ മുന്നോട്ടു പോകാന്‍ കഴിയില്ല.

കൂവ്വം അളക്കല്‍ തൊട്ട് കലവറ നിറക്കല്‍ വഴി ബോനം കൊടുക്കുന്നതുള്‍പ്പെടെ ചൂട്ടൊപ്പിക്കല്‍, മറ പിളര്‍ക്കല്‍ വരെ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളിലെല്ലാം തീയ്യ വംശത്തിന്റെ, ശുദ്ര-ഗോത്ര സംസ്‌കാരം വഴിയുള്ള പാകപ്പെടല്‍ കാണാം. ഈ വംശം എത്തിനില്‍ക്കുന്ന പുരോഗതി സ്വയം ഉള്‍ക്കൊള്ളാതെ പഴമയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവരും, കാലത്തിനനുസൃതമായി മാറ്റം കാംഷിക്കുന്നവരും ഇന്നു പൊതു സമൂഹത്തിലുണ്ട്. ഓരോ മഹോല്‍സവങ്ങളും ഇത്തരം ആശയ വ്യതിയാനങ്ങളുടെ സംഘട്ടന ഭുമിക കൂടിയാണ്.

കുലവന്റെ കഥ ഇതിഹാസ-ചരിത്ര വസ്തുതകളുടെ സഹായത്തോടു കുടി പരിശോധിക്കാന്‍ തുനിയുമ്പോള്‍ അധകൃതന് ആശ്രയം നല്‍കാനായി അധമ വര്‍ഗത്തിനിടയില്‍ ഉദുച്ചുയര്‍ന്ന തന്റെടിയായ സൂര്യ തേജസ്സായി ശ്രീ വയനാട്ടു കുലവനെ കാണാനാകും. തിയ്യ വംശത്തിലെ താവഴികള്‍ കൂട്ടം ചേര്‍ന്ന് ഭവനം പണിത് അതിലെ കന്നിക്കൊട്ടിലിലും സ്വന്തം മനസിലും ഭഗവാനെ പ്രതിഷ്ഠിച്ചു. സാവര്‍ണ്യ വര്‍ഗത്തിന്റെ എല്ലാവിധ കലശാദി പുജകളും ത്യജിച്ച ദേവന്‍ സാവര്‍ണ്യ മേല്‍ക്കോയ്മ്മക്കെതിരെയുള്ള കാര്‍ഷിക പോരാട്ടം നടത്തിയെന്നു വേണം ഇത്തരം മുന്നേറ്റങ്ങളില്‍ നിന്നും മനസിലാക്കാന്‍.

തൊട്ടുകൂടാത്തതും, തീണ്ടിക്കുടാത്തതുമായ ഒരു കാലത്ത് അത്തരക്കാരെ സംഘടിപ്പിക്കാന്‍ ഈ ഭുവില്‍ അവതരിച്ച ദൈവ കേന്ദ്രീകൃത വിശ്വാസമാണ് തൊണ്ടച്ചന്‍. തൊണ്ടച്ചന്റെ ഉല്‍പ്പത്തി പരിശോധിക്കുമ്പോള്‍ വര്‍ദ്ധിച്ച ശോഭയോടെ ഇതു തെളിഞ്ഞു വരുന്നതു കാണാം. മധുമാംസം കഴിക്കുന്നവന്റെയും, സദാ സമയവും അധ്വാനിക്കുന്നവന്റെയും കുലദേവനാണ് തൊണ്ടച്ചന്‍. അങ്ങനെ മഹാദേവന്‍ ചെത്തുന്നവന്റെയും, കുടിക്കുന്നവന്റെയും, വാറ്റുന്നവന്റെയും, പുനം കിളച്ച് തിന വിതക്കുന്നവന്റെയും മോചകനായി. അനുസരണക്കുറവും, എന്തിനേയും ചോദ്യം ചെയ്യപ്പെടുന്നവനുമായ ശിവാംശത്തെ ദേവലോകത്തു നിന്നും പുറന്തള്ളിയപ്പോള്‍ ദിവ്യന്‍(തീയ്യന്‍) എന്ന അവതാര പുരുഷനായാണ് കുലവന്‍ ഭുമിയിലെത്തുന്നത് എന്നാണ് കഥകള്‍.

താമരശേരി അമ്മ എന്ന സ്ത്രീയില്‍ ഗര്‍ഭമുണ്ടായി ഭുമിയില്‍ പെറ്റു വീണ സാധാരണ മനുഷ്യന്‍. സന്താന ഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന അമ്മ പോറ്റി വളര്‍ത്തി. മേനൂര്‍ പൊന്മാടത്ത് കുലവന്‍ വളര്‍ന്നു. പിന്നീട് കുലത്തില്‍ പ്രമുഖന്‍ എന്ന അത്ഥത്തില്‍ കുലവനായി. ഇങ്ങനെ പോകുന്നു ദേവ പക്ഷത്തു നിന്നും മനുഷ്യ പക്ഷത്തേക്കു ചാഞ്ഞു നില്‍ക്കുന്ന തൊണ്ടച്ചനനെ കുറിച്ചുള്ള വായന. മധു, മാംസ ദാഹിയായി ദിവ്യന്‍ വളര്‍ന്നു. അത്തരക്കാരെ പരിപാലിക്കാനുള്ള ദൈവിക നിയോഗമായിരുന്നു ദിവ്യന്റേത്. സാധാരണക്കാരില്‍ സാധാരണക്കാരനായവരെ ഉയര്‍ച്ചയുടെ പടവിലേക്ക് കൈപിടിച്ചു കയറ്റാന്‍ നിയോഗിക്കപ്പെട്ട കുലദേവന്റെ കഥയും വകഞ്ഞു മാറ്റപ്പെട്ടതും, നിഷേധിക്കപ്പെട്ടവന്റെയും കഷ്ടതകളാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇതര ദേവന്മാരെ അപേക്ഷിച്ചു ശിവാംശമായ കുലവന് കല്‍പ്പിച്ചു കിട്ടയത് കുത്തി പൊട്ടിച്ച കണ്ണും, ശാപമോക്ഷമായി പൊയ്ക്കണ്ണുമാണ്. നായാടാന്‍ മുളങ്കമ്പു മാത്രം. അമ്പും വില്ലിനൊടൊപ്പം വീതു പാത്രവും കാടുമാണ് മൂലധനം. ശാപ മോക്ഷമായി കല്‍പ്പിച്ചു കിട്ടിയ പൊയ്ക്കണ്ണു വലിച്ചെറിഞ്ഞ് ഓട്ടമുള തല്ലി ചൂട്ടുണ്ടാക്കി അരണ്ട വെളിച്ചത്തില്‍ കുലവന്‍ വടക്കോട്ടു തുളു നാടിനെ ലക്ഷ്യമാക്കി നടന്നു. തിയ്യ വംശത്തിന് ഇക്കണ്ട തറവാടായ തറവാടെല്ലാം ഉണ്ടായതിനു പിന്നിലെ ചരിത്രം ഗവേഷണ വിധേയമാക്കേണ്ടതുണ്ട്. ദേവ ലോകത്തു നിന്നു പോലും വലിച്ചെറിയപ്പെട്ട കുലവന്റെ കഥ തുളുനാട്ടിലെ ജാതി-തൊട്ടുു കൂടായ്മ സമൂഹത്തിനിടയില്‍ നിന്നുമുള്ള ഉയരിത്തെഴുന്നേല്‍പ്പിന്റെ പിറവിയായി ഇന്ന് പുനര്‍വായിക്കപ്പെടുകയാണ്. രണ്ടടുക്കളയും യശമാനത്വവും മാറി വരുന്നതിനോടൊപ്പം ഗോത്രവര്‍ഗ സംസ്‌കൃതിയുടെ ഉല്‍സവങ്ങളായി സാംസ്‌കാരിക സമ്മേളനവും, തിരുവാതിര അടക്കമുള്ള ദൃശ്യ-ശ്രവ്യ കലകളുടേയും നിറവിലാണ് ഇന്ന്. വിപ്ലവകരമായ മുന്നേറ്റത്തിന്റെ കേളി കൊട്ടലുകളായി നമുക്ക് മഹോല്‍സവങ്ങളെ വിശേഷിപ്പിക്കാം. കുലവന്റെ തോറ്റവും മേളവും വിളിച്ചു പറയുന്നതതാണ്.

രണ്ടാം ഭാഗം

വടക്കോട്ടു നീങ്ങിയ കുലവന്‍ സവര്‍ണന്റെ പിണയാളാവാനല്ല, ആദിപറമ്പന്‍ കുഞ്ഞാലിയുടെ സതീര്‍ത്ഥ്യനാവാനാണ് ആഗ്രഹിച്ചത്. ഇഷ്ടം തോന്നിയ കുഞ്ഞാലിയോട് അഹമ്മദീയ മതം വെറുത്തു ദൂരെ മാറ്റി നിര്‍ത്തുന്ന കള്ളാണ് ദാഹനീരായി ആവശ്യപ്പെട്ടത്. അല്‍പ്പം മടിയും, ഭയവും തോന്നിയെങ്കിലും തലയില്‍ മുണ്ടിട്ട് ആരും കാണാതെ കുഞ്ഞാലി അതു തരപ്പെടുത്തിക്കൊടുത്തു. അതാണ് ബോനം കൊടുക്കല്‍ ചടങ്ങ്. അവിടേയും കാണാം എല്ലാറ്റിനേയും നിഷേധിക്കുന്ന തന്റെ മനക്കരുത്തിന്റെ വീര്യം. ആശ്രയിച്ചു വന്നവനെ മടക്കില്ല, പോയവനെ തിരികെ വിളിക്കില്ലെന്ന ധാര്‍ഷ്യമാണ് കുലവന്റെ മഹിമ.

തെങ്ങു കെട്ടി കള്ളെടുത്തു കൊടുക്കാന്‍ കുഞ്ഞാലി ശട്ടം കെട്ടിയ കണ്ണനും അടിച്ചമര്‍ത്തപ്പെട്ടിരുന്ന തീയ്യന്‍ തന്നെ. ഇസ്ലാം മതസ്ഥനെ പോലും സതീര്‍ത്ഥ്യനായി കൊണ്ടു നടന്ന കുലവന്‍ കീഴാളരുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ മുന്നില്‍ തടയിടാന്‍ നിന്ന മാടമ്പിമാരോട് പടയൊരുക്കം നടത്തിയാണ് ഭുമിയില്‍ ഇന്നു കാണുന്ന പാടവും തോടും രൂപപ്പെടുത്തിയത്. കാടായ കാടും പുനവും വെട്ടിത്തെളിച്ച് കുന്ന് കൊത്തി തിന വിതച്ച് കുലവന്റെ ഭക്തര്‍ മണ്ണ് പൊന്നാക്കി. ഇന്നു കാണുന്ന പല വയലുകള്‍ക്കും പിന്നില്‍ ഇങ്ങനെയുള്ള പലവിധ ഉല്‍പ്പത്തിയുടെ ചരിത്രം ഉറഞ്ഞു കൂടിയതായിരിക്കും. പകലന്തിയോളം പണിയെടുത്ത് രാത്രി വയര്‍ നിറയെ കള്ളുമോന്തി കുലവന്റെ കുലം നടത്തിയ വിപ്ലവ പോരാട്ടങ്ങള്‍ നാട്ടിലെ മാടമ്പിമാരോടുള്ള പടനയിക്കല്‍ കൂടിയായിരിക്കണം. ഇങ്ങനെയൊരു സാമുഹ്യ വിപ്ലവത്തിനു കൈത്തണ്ടും ധൈര്യവും നല്‍കി അവരെ പാകപ്പെടുത്തിയത്. കാട്ടിറച്ചി ചുടാനുപയോഗിച്ച ഇറച്ചിക്കോലും, കൈവീതു പാത്രമായ മധുവിന്റെ കുടങ്ങളും(മുട്ടി) മറ്റുമായിരുന്നിരിക്കണം.

കുലവന് ദേവ പരിവേഷം നല്‍കി സ്വ സമുദായത്തോടൊപ്പം ചരിത്രത്തിലേക്ക് നടന്നു കയറിയ യോദ്ധാക്കളായിരുന്നു കണ്ടനാര്‍ കേളനും, കോട്ടപ്പാറയിലെ കോരച്ചനും മറ്റും. ഇന്നു കാണുന്ന ഒരോ തറവാടു ഭവനങ്ങളും, താവഴികളും കെട്ടിപ്പടുത്ത് വയലുള്ളിടങ്ങളിലെല്ലാം കുലവനെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിരുന്ന കാര്‍ന്നോന്മാരും കുലവനോടൊപ്പം ഇന്ന് ദൈവക്കോലങ്ങളാണ്.

കാലം മാറി. തെയ്യം കെട്ടു മഹോല്‍സവ മാമാങ്കങ്ങള്‍ പഴയ ഗോത്ര വര്‍ഗ സംസ്‌കൃതിയില്‍ നിന്നും വ്യതിചലിച്ചു തുടങ്ങി. പണ്ട് കാടായിരുന്നു, നാടില്ല. ഇന്ന് കാടെല്ലാം നാടായി മാറി. കാട്ടിലെ മൃഗം മനുഷ്യന്റെ ആവാസ്ഥ വ്യവസ്ഥക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്തതായി. അതോടെ ചിന്തിക്കുന്ന ഒരു വിഭാഗം ഈ കുലത്തിനകത്തു നിന്നും ഉയര്‍ന്നു വന്നു. തിരുവാതിരയും, സാംസ്‌കാരിക സമ്മേളനങ്ങളും തെയ്യം കെട്ടിനെ തേടി വരുന്നത് ഇത്തരം വിപ്ലവാത്മക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ്. പുനം കിളച്ച് കാടു നാടാക്കി മാറ്റിയ തീയ്യ വംശത്തിന്റെ കൈക്കരുത്ത് ചിലവാക്കിയരുന്നത് മണ്ണിനോടും മാടമ്പിമാരോടുമായിയിരുന്നുവെങ്കില്‍ ഇന്നവര്‍ സ്വയം പര്യാപ്തരായിരിക്കുന്നു. ലക്ഷങ്ങളുടെ പെരുക്കങ്ങള്‍ ചിലവഴിച്ച് മഹോല്‍സവങ്ങള്‍ നടത്താന്‍ ത്രാണിയുള്ളവരായി തീര്‍ന്നിരിക്കുന്നു. ഓരോ സീസണിലും പത്തും പന്ത്രണ്ടും തെയ്യം കെട്ടു മഹോല്‍സവങ്ങള്‍ നാടിന് ദാനമായി കിട്ടാന്‍ ഇടവരുന്നത് ഇത്തരം സ്വയം ഭദ്രതകളുടെ ഭുമികയായി തിയ്യവംശത്തിലെ വിപ്ലവകരമായ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നത്. പാലക്കുന്ന് കഴകത്തില്‍ ഇത്തവണ കൊപ്പല്‍ തറവാട്ടിലും, കുതിരുമ്മല്‍ തറവാട്ടിലും വിതയും കൊയ്ത്തും നടന്നു. മത്തന്‍, കുമ്പളം, വെള്ളരി വിളവെടുപ്പുകള്‍ ഗ്രാമോല്‍സവങ്ങളായി. ഗോത്ര സംസ്‌കൃതിയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കാര്‍ഷിക സംസ്‌കൃതി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ഇവിടെ.

വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളിക്കോത്ത് വീണച്ചേരി തറവാട്ടില്‍ തെയ്യം കെട്ടുത്സവത്തിനോടനുബന്ധിച്ച് ഉരുത്തിരിഞ്ഞു വന്ന കാര്‍ഷിക മുന്നേറ്റം ആഘോഷ കമ്മറ്റിയെ ചെളിയില്‍ ഇറങ്ങാന്‍ പേരിപ്പിച്ചു. അവര്‍ കൊയ്തെടുത്ത നെല്ലു കൊണ്ട് നാനാ ദിക്കിലേയും ദേവന്മാര്‍ക്ക് കൂവ്വം അളന്നു. അമൃതിനു തുല്യമായി കരുതി ഭക്തര്‍ ഉണ്ടു. അന്ന് തിരി കൊളുത്തിയ കാര്‍ഷിക വിപ്ലവം വിവിധ തറവാടുകള്‍ താണ്ടി ഇത്തവണ കൊപ്പലിലും, കുതിര്‍മ്മലിലുടെയും സഞ്ചരിച്ച് പട്ടറെ കന്നിരാശിയുടെ നെല്‍വയലുകളില്‍ എത്തി നില്‍ക്കുകയാണ്. ലക്ഷം പേര്‍ക്ക് ഉണ്ണാനുള്ള നെല്ലാണ് തുളുച്ചേരി വയലില്‍ ഇത്തവണ വിളയിച്ചത്. തന്റെ ഭാര്യയേയും കൂട്ടി കൊയ്തത് ഉല്‍സവം ഉല്‍ഘാടനം ചെയ്യാന്‍ മുഖ്യ മന്ത്രി പിണറായി എത്തി.

തുളുച്ചേരിയില്‍ വിത്തിറക്കാന്‍ എത്തിയപ്പോള്‍ കൃഷി വകുപ്പു മന്ത്രി സുനില്‍ കുമാര്‍ ഇങ്ങനെ പറഞ്ഞു: കൈയ്യില്‍ കാശുണ്ടെന്നു കരുതി വയല്‍ ആധാരം ചെയ്ത് തരിശായിട്ടിരിക്കുന്ന പുത്തന്‍ മുതലാളിമാര്‍ ഒന്നോര്‍ത്തു കൊള്ളണം. നിങ്ങള്‍ അവിടെ മണ്ണ് തരിശിടുകയാണെങ്കില്‍ മണ്ണില്ലാത്ത കര്‍കരെ ഇറക്കി ഞങ്ങളതില്‍ വിത്തതിറക്കും. ഞങ്ങള്‍ കൊയ്യും.

വയല്‍പ്പാട്ടു പാടി പുനം കൊത്തി മറിച്ച് ഇക്കണ്ട വയലുകളെല്ലാം നിര്‍മ്മിച്ച കര്‍ഷകന്റെ പ്രതിനിധിയായ കുലവന്റെ ആഹ്വാനത്തിന്റെ ആധുനിക പരിവേഷമുണ്ട് മന്ത്രിയുടെ പ്രഖ്യാപനത്തിന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Theyyam, Vayantu Kulavan, Exam, Question, Readers, Article Of Prathiba Rajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?