ദക്ഷിണേന്ത്യന്‍ കവാടത്തിനായി കോണ്‍ഗ്രസ് ബി.ജെ.പി പോര്

കര്‍ണാടക തെരെഞ്ഞെടുപ്പ് ഒരു വീക്ഷണം
(നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍)

(www.kvartha.com 18.04.2018) നമ്മുടെ അയല്‍പ്പക്ക സംസ്ഥാനമായ കര്‍ണാടക പതിനഞ്ചാമത് പൊതു തെരെഞ്ഞെടുപ്പിനെ നേരിടുകയാണ്. വരുന്ന മെയ് 12ന് ഒറ്റ ദിവസമാണ് തെരെഞ്ഞെടുപ്പ്. ആരു ജയിക്കും എന്നു ഉറ്റു നോക്കുന്നവരില്‍ നാം മലയാളികള്‍ മാത്രമല്ല, വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പു വിജയത്തിനായി മോദി അഴിച്ചു വിട്ട യാഗാശ്വത്തെ ദകഷിണേന്ത്യന്‍ കവാടം വഴി കടത്തിവിടാന്‍ ജനം അനുവദിക്കുമോ? അഥവാ ദക്ഷിണേന്ത്യ കൂടി പിടിച്ചടക്കാന്‍ മോദിക്കാവുമോ? ഇതിനുള്ള ഉത്തരം കണ്ടെത്തല്‍ കൂടിയാണ് കര്‍ണാടക തെരെഞ്ഞെടുപ്പ്.

ബി.ജെ.പിക്ക് അനായാസം കയറി ചെല്ലാന്‍ കഴിയും വിധം കോണ്‍ഗ്രസിവിടെ അപകടപ്പെട്ടിരിക്കുന്നുവോ? കോണ്‍ഗ്രസ് രഹിത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഇവിടെ സാര്‍ത്ഥകമാവുമോ? ദക്ഷിണേന്ത്യയിലേക്കു കടന്നു ചെല്ലാനുള്ള പിടിവള്ളിയാകുമോ ബി.ജെ.പിക്ക് കര്‍ണാടക? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കു മുന്നിലാണ് ജനം. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ച് വിലയിരുത്തുകയാണ് ഇവിടെ.

കര്‍ണാടക നിയമസഭയുടെ സമീപ കാല ചരിത്രം എടുത്ത് പരിശോധിക്കാം. 94ല്‍ ജനദാദള്‍ 115 സീറ്റു നേടി ദേവഗൗഡയും പിന്നീട് ജെ.എച്ച് പാട്ടേലും മുഖ്യമന്ത്രിയായി. 178 സീറ്റില്‍ നിന്നും കോണ്‍ഗസ് കേവലം 34 സീറ്റിലേക്ക് കൂപ്പു കുത്തിയ തെരെഞ്ഞെടുപ്പായിരുന്നു അത്. കേവലം നാലു സീറ്റു മാത്രമായിരുന്ന ബി.ജെ.പിക്ക് മൊത്തം 40 സീറ്റ് കിട്ടി സംസ്ഥാനത്ത് നിര്‍ണായകമായതും അതേ വര്‍ഷം തന്നെ. കര്‍ണാടകയിലെ കോണ്‍ഗ്രസ് തീര്‍ന്നു എന്ന് ജനം പരിതപിച്ച വര്‍ഷം. മുന്‍ പ്രധാന മന്ത്രി ദേവഗൗഡക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായാണ് ജെ.എച്ച് പാട്ടേല്‍ മുഖ്യമന്ത്രിയായത്.

ദേവഗൗഡയുടെ ഭരണത്തിന് കര്‍ണാടകത്തേയോ, സ്വന്തം പാര്‍ട്ടിയേത്തന്നെയോ രക്ഷിക്കാനായില്ലെന്നു മാത്രമല്ല, 99ലെത്തിയപ്പോഴേക്കും അതുവരെ ചുക്കിച്ചുള്ളിഞ്ഞിരുന്ന കോണ്‍ഗ്രസിന് പുതുജീവന്‍ കൈവന്നു കഴിഞ്ഞിരുന്നു. കര്‍ണാടകയിലെ ജനം 44 ല്‍ തളച്ചിട്ടിരുന്ന കോണ്‍ഗ്രസ് 99ലെത്തിയപ്പോള്‍ 132 സീറ്റിലേക്ക് കുതിച്ചു. ബി.ജെ.പിയെ നാലു സീറ്റുമാത്രം അധികരിച്ച് 44ല്‍ തളച്ചിട്ടു. ജനതാദള്‍ പിളര്‍ന്നും, തല്ലിപ്പിരിഞ്ഞും, 14ഉം പത്തുമായി ചിന്നിച്ചിതറി. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തി. എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായി.

എന്നാല്‍ 2004ല്‍ സ്ഥിതി വീണ്ടും കലങ്ങി മറിയുകയായിരുന്നു. ബി.ജെ.പിയുടെ യുഗപ്പിറവിയായിരുന്നു പിന്നീട് കര്‍ണാടകയില്‍ കാണാനായത്. കര്‍ഷകരുടെ നേതാവായി ഒരു വെള്ളി നക്ഷത്രം പോലെ യദൂരിയപ്പ ഉദിച്ചുയര്‍ന്നു. 44ല്‍ നിന്നും കുതിച്ച് 79 സീറ്റ് കരസ്ഥമാക്കി അവര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 65ല്‍ കൂപ്പു കുത്തി. അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്ന ജനദാള്‍ എസ് തങ്ങള്‍ക്ക് കിട്ടിയ 58 സീറ്റ് ചേര്‍ത്ത് കൂട്ടു മുന്നണിയുണ്ടാക്കി. ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി. കുമാരസ്വാമി കര്‍ണാടക വിധാന്‍ സൗദിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു പിന്നീട് ജനം കണ്ടത്. അഴിമതിക്കാരുടെ കൂത്തരങ്ങായ ഭരണസഭയ്ക്കിടയിലൂടെ രണ്ടു തവണ മാറിയും മറഞ്ഞും യദിയൂരപ്പ മുഖ്യമന്ത്രിയായി.

അടുത്ത ഊഴം വന്നപ്പോള്‍ 2008ല്‍ ബിജെ.പി ഒറ്റക്കക്ഷിയായി അധികാരം പിടിച്ചെടുത്തു. കാസര്‍കോടുകാരന്‍ കൂടിയായ സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടറും മുഖ്യമന്ത്രിയായി. ബി.ജെ.പിയുടെ 110 സീറ്റിനെതിരെ അന്ന് കോണ്‍ഗ്രസിന് 80സീറ്റിലെത്താനേ കഴിഞ്ഞുള്ളു.

ഇപ്പോള്‍ പിരിഞ്ഞു പോകുന്ന 14ാമത് മന്ത്രിസഭയായിരുന്നു അടുത്തത്. കോണ്‍ഗ്രസിനു നേരത്തെ കൈയ്യിലുണ്ടായിരുന്ന 80 സീറ്റില്‍ നിന്നും 224ല്‍ 122 അംഗങ്ങളുടെ പിന്തുണ നേടിയാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യ അധികാരത്തിലെത്തിയത്. തമ്മില്‍ തല്ലിയ ബി.ജെ.പിക്ക് കേവലം 40 സീറ്റുമാത്രം. ജനദാദളും 40ല്‍ ഒതുങ്ങി. തലതല്ലിപ്പിരിഞ്ഞ യെദിയൂരപ്പയുടെ കെ.ജെ.പി 6 സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ജനദാദളുകാരനും പിന്നീട് കോണ്‍ഗ്രസിലേക്കുമെത്തിയ സിദ്ധാരാമയ്യ പാര്‍ട്ടിയെ ഒരുമിച്ചു നിര്‍ത്തി ശിഥിലമായിരുന്ന അടിത്തറ ഉറപ്പിച്ചു. ഏതു നേരവും ജനവിധി തേടാന്‍ പാര്‍ട്ടിയെ ഒരുക്കാന്‍ പാകത്തില്‍ പാര്‍ട്ടി ഇന്ന് അവിടെ സുസജ്ജമാണ്. ഇപ്പോള്‍ നടക്കുന്നത് 15ാമത് തെരെഞ്ഞെടുപ്പാണ്.
(തുടരും)

National, Article, Prathibha-Rajan, Karnataka, Election, South Indian Door BJP-Congress Fight, Article on Prathibha Rajan Karnataka election

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Article, Prathibha-Rajan, Karnataka, Election, South Indian Door BJP-Congress Fight, Article about Karnataka election


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?