റേഡിയോ ജോക്കിയുടെ കൊല; മുഖ്യപ്രതികളായ സത്താറിനേയും സാലിഹിനേയും നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി, ഖത്തറിലെ താമസസ്ഥലം കണ്ടെത്തി

തിരുവനന്തപുരം: (www.kvartha.com 06.04.2018) റേഡിയോ ജോക്കിയും യുവഗായകനുമായ കിളിമാനൂര്‍ മടവൂരിലെ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനെയും കൂട്ടാളി അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെയും ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി പോലീസ് അറിയിച്ചു. ഖത്തറിലുള്ള ഇവരുടെ താമസസ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

ഇവരെ ഖത്തര്‍ പോലീസിന്റെ സഹായത്തോടെ അവിടെ തടഞ്ഞുവച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി ഖത്തര്‍ സര്‍ക്കാരിനും അവിടുത്തെ പോലീസിനും വിദേശകാര്യ മന്ത്രാലയം വഴി ഇവരുടെ വിവരങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.

Qatar businessman role in radio jockey's murder, Thiruvananthapuram, News, Murder case, Crime, Criminal Case, Police, Arrest, Airport, Flight, Kerala, Trending

കേസില്‍ ഇരുവരേയും പ്രതികളാക്കിയിട്ടില്ലാത്തതിനാല്‍ അനൗദ്യോഗിക നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. കൊലക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ തടഞ്ഞുവച്ച് വിമാനത്തില്‍ കയറ്റിവിടണം എന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന. കേരള പോലീസിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഉടന്‍ ഇരുവരേയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. എയര്‍പോര്‍ട്ടില്‍ എത്തിയാലുടന്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ഇതിനൊപ്പം കൊല്ലപ്പെട്ട രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയായ യുവതിയേയും നാട്ടിലെത്തിക്കും.

ഖത്തറും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടിയുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരം തീവ്രവാദകേസിലെ ഏഴ് പ്രതികളെ മുമ്പ് ഖത്തറില്‍ പിടികൂടി കൈമാറിയിട്ടുണ്ട്. അവരെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദാഇഷ് ബന്ധമുണ്ടെന്ന് സംശയിച്ച് നാല് മലയാളികളേയും ഖത്തര്‍ മുമ്പ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.

എന്നാല്‍, രാജേഷ് കൊലക്കേസില്‍ സാലിഹിനെയും സത്താറിനേയും ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അതിനാല്‍, ഔദ്യോഗികമായ നീക്കം സാധ്യമല്ല. അതിനാലാണ് അവരെ തടഞ്ഞുവച്ച് നാട്ടിലേക്ക് അയയ്ക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയത്.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപിക സഫിയയുടെ ഭര്‍ത്താവായിരുന്നു അബ്ദുള്‍ സത്താര്‍. ഭാര്യയ്ക്ക് രാജേഷുമായുള്ള അടുപ്പവും സൗഹൃദവും കുടുംബ ജീവിതം തകരാനിടയായതിന്റെ വൈരാഗ്യമാണ് സത്താര്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ജിംനേഷ്യത്തിലെ ട്രെയിനറായ സാലിഹാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. സാലിഹിനൊപ്പം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അപ്പുണ്ണിയ്ക്കും കൂട്ടാളിയായ കരുനാഗപ്പള്ളി സ്വദേശിക്കും വേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കി. അവര്‍ ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ ഒരാളെപോലും ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സനു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കികൊടുത്തതുമായി ബന്ധപ്പെട്ടാണ് ഇയാളുടെ അറസ്റ്റ്. ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് മുമ്പും ശേഷവും പ്രതികള്‍ സനുവിന്റെ വീട്ടില്‍ കഴിഞ്ഞുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് പ്രതികള്‍ ഗൂഢാലോചന നടത്തിയതും ഇയാളുടെ വീട്ടില്‍ വച്ചായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Qatar businessman role in radio jockey's murder, Thiruvananthapuram, News, Murder case, Crime, Criminal Case, Police, Arrest, Airport, Flight, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?