ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും സഹോദരി; സത്യം പുറത്ത് കൊണ്ടുവരും, കേസ് പോലീസിന് വെല്ലുവിളിയാണെന്നും ഡി ജി പി

തിരുവനന്തപുരം: (www.kvartha.com 23.04.2018) തന്റെ സഹോദരി ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവരുടെ മരണം കൊലപാതകമാണെന്നും കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരി ഇല്‍സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലിഗ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ അവര്‍ ആത്മഹത്യ ചെയ്യില്ല. ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ തനിച്ച് അവര്‍ക്ക് എത്താനാവില്ല. ആരെങ്കിലും ലിഗയെ അവിടെ എത്തിച്ചതായിരിക്കാമെന്നും ഇല്‍സി പറഞ്ഞു.

സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോലീസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നില്ല. ആദ്യം ഡി.ജി.പിയെ സമീപിച്ചപ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല. പോലീസ് ഉദ്യോഗസ്ഥരോട് കേണപേക്ഷിച്ചപ്പോഴും അവര്‍ ചിരിച്ചു തള്ളുകയായിരുന്നു. പോലീസ് നേരാംവണ്ണം കേസ് അന്വേഷിച്ചിരുന്നെങ്കില്‍ സഹോദരിയെ ജീവനോട് കണ്ടെത്താമായിരുന്നു. ലിഗയെ കാണാതായി പത്താം ദിവസമാണ് കേസ് ഗൗരവമായി പോലീസ് അന്വേഷിച്ചത് തന്നെ. മുഖ്യമന്ത്രിയെ നേരത്തെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞില്ല. ലിഗയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഇല്‍സി ആവശ്യപ്പെട്ടു.

Liga's family demand high level probe into her death,Thiruvananthapuram, News, Suicide, Trending, Murder, Treatment, Criticism, Police, Press meet, Allegation, Kerala

അതേസമയം, അന്വേഷണത്തില്‍ എല്ലാ പിന്തുണയും നല്‍കിയ മലയാളികള്‍ക്ക് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരില്‍ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അതു പോലീസിനെ അറിയിക്കണം. പേടിച്ചു മാറി നില്‍ക്കരുത്. ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു. അതില്‍ അസ്വാഭാവിക മരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടല്‍ക്കാട്ടില്‍ ലിഗ എത്തിയതെന്നതില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

അതിനിടെ വിദേശ വനിത ലിഗയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഈ കേസ് പോലീസിന് വെല്ലുവിളിയാണെന്നും മുന്‍വിധിയോടുകൂടി പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചു.

കേസ് പോലീസിന്റെ അഭിമാനപ്രശ്‌നമാണ്. ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. ഒരു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. വിദേശിയായ ഒരാളാണ് മരിച്ചത്. അതിനാല്‍ തന്നെ അതിനെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ വസ്തുതകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവിധ പരിശോധനകളും നടത്തും. ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Liga's family demand high level probe into her death,Thiruvananthapuram, News, Suicide, Trending, Murder, Treatment, Criticism, Police, Press meet, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?