കടിച്ച പൊലീസിനെക്കൊണ്ടുതന്നെ വിഷമെടുപ്പിക്കാനുറച്ച് പിണറായി; മൂന്നാം വര്‍ഷത്തുടക്കത്തില്‍ നയം മാറ്റമറിയാം
തിരുവനന്തപുരം: (www.kvartha.com 14.04.2018) പൊലീസിനെക്കൊണ്ട് കളഞ്ഞുകുളിച്ച വിശ്വാസ്യത പൊലീസിനെക്കൊണ്ടുതന്നെ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. കൊച്ചി വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍ കിട്ടിയതും കൊലക്കുറ്റത്തിനു കേസെടുക്കുന്നതും ഇതിന്റെ ഭാഗമാണ്.
മാത്രമല്ല എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടൈഗര്‍ ഫോഴ്സ് പിരിച്ചുവിടാനുള്ള നിര്‍ദേശം നല്‍കിയതും പൊലീസിന്റെ കുത്തഴിഞ്ഞ പോക്കിനേക്കുറിച്ചു ഭരണത്തലപ്പത്ത് തികഞ്ഞ ബോധ്യം വന്നതുകൊണ്ടാണ്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ പൊലീസിന്റെ പേരില്‍ പ്രതിസ്ഥാനത്തു നില്‍ക്കേണ്ടി വന്ന സാഹചര്യമായിരിക്കരുത് എന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി. പൊലീസിനെതിരേ നടപടി എടുത്താല്‍ അവരുടെ ആത്മവീര്യം കെടും എന്ന മുന്‍ മുഖ്യമന്ത്രിമാരും മുന്‍ ആഭ്യന്തര മന്ത്രിമാരും പലരും പറഞ്ഞ അതേ പല്ലവി ആവര്‍ത്തിക്കാന്‍ പിണറായി തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം, അഴിമതിക്കാരോ ജനങ്ങളോട് മോശമായി പെരുമാറുന്നവരോ വര്‍ഗ്ഗീയ മനോഭാവം പ്രകടിപ്പിക്കുന്നവരോ അല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും ചെയ്യും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖേന ജില്ലാ പൊലീസ് മേധാവികള്‍ക്കും റേഞ്ച് തലവന്മാര്‍ക്കും ക്രമസമാധാനച്ചുമതലയുള്ള മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ കര്‍ക്കശ സമീപനത്തേക്കുറിച്ചുള്ള സന്ദേശം നല്‍കും. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റുകയും അപ്രധാന തസ്തികകളിലേക്ക് ഒതുക്കുകയും ചെയ്യുന്ന പ്രക്രിയയും ഉടന്‍ തുടങ്ങാന്‍ പോകുന്നുവെന്നാണ് സൂചന.
വന്‍ ഭൂരിപക്ഷത്തോടെയും ഏറെ പ്രതീക്ഷകളോടെയും അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് വിവിധ മേഖലകളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് രണ്ട് വര്‍ഷം തീരുമ്പോള്‍ സ്വയം വിലയിരുത്തുന്നത്. പക്ഷേ, വിവിധ സന്ദര്‍ഭങ്ങളില്‍ പൊലീസ് വരുത്തിവച്ച പേരുദോഷം വളരെ വലുതാണ്. അത് അങ്ങനെ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടയുണ്ടാകുമെന്നും യുഡിഎഫും ബിജെപിയും മുതലെടുക്കും എന്നുമുള്ള ആശങ്കയും സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, CM, Pinarayi vijayan, Police Issue, Pinarayi to act on police without yielding.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment