ഞാന്‍ ചെയ്ത തെറ്റ് എന്താണ് : ഭഗല്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേര്‍ന്ന് ജയിലിലടച്ച ഡോ കഫീല്‍ ഖാന്‍ ചോദിക്കുന്നു

(www.kvartha.com 24.04.2018) ഭഗല്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേര്‍ന്ന് ജയിലിലടച്ച ഡോ.കഫീല്‍ ഖാന്റെ കത്തിന്റെ ഏകദേശ മലയാള പരിഭാഷ. (എട്ടു മാസമായി നീതി നിഷേധിക്കപ്പെട്ടു ജയിലിലാണ് അദ്ദേഹം.

' ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ? '

ഇരുമ്പഴികള്‍ക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോള്‍ എന്റെ കണ്മുന്നില്‍ നടക്കുന്നതുപോലെ ഓര്‍മിക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്, ' ഞാന്‍ ശരിക്കും കുറ്റവാളിയാണോ? ' എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും. ഒരു വലിയ ' അല്ല '

What is the mistake done by me?, Letter, hospital, Treatment, Health, Health & Fitness, Jail, Trending, Media, Bail, Court, National

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു.

ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്‌നിച്ചു. ഞാന്‍ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാന്‍ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു....മനുഷ്യസാധ്യമായതെല്ലാം ഞാന്‍ ചെയ്തു.

ഞാന്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവര്‍ത്തകരെയും ബി ആര്‍ ഡി പ്രിന്‍സിപ്പലിനെയും ബി ആര്‍ ഡി ആക്റ്റിങ്ങ് പ്രിന്‍സിപ്പലിനെയും ജില്ലാ മജിസ്‌ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത് ഗോരഖ്പൂരിനെയും CMS/SIC ഗോരഖ്പൂരിനെയും CMS/SIC ബി ആര്‍ ഡിയെയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്‍ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചു. (എന്റെ കയ്യില്‍ കോള്‍ റെക്കോഡുകളുണ്ട്)

ഞാന്‍ ഗ്യാസ് സപ്ലയേഴ്‌സിനെ മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി ആര്‍ ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു.

ഞാന്‍ അവര്‍ക്ക് പണം നല്‍കി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. (ഞങ്ങള്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാന്‍ ഒരു ക്യൂബിക്കിളില്‍ നിന്ന് അടുത്തതിലേക്ക്, വാര്‍ഡ് 100ല്‍ നിന്ന് വാര്‍ഡ് 12 ലേക്കും എമര്‍ജന്‍സി വാര്‍ഡിലേക്കും, ഒരു ഓക്‌സിജന്‍ സപ്ലൈ പോയിന്റില്‍ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്‍ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാന്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡി ഐ ജിയെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബി ആര്‍ ഡിയിലേക്ക് സിലിണ്ടറുകള്‍ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്‍ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്‍ധിപ്പിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

ഞാന്‍ എന്റെ ജൂനിയര്‍ / സീനിയര്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. എന്റെ സ്റ്റാഫിനോട് ഞാന്‍ സംസാരിച്ചു. ' ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിത്സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. '

ഞാന്‍ കുട്ടികള്‍ നഷ്ടപ്പെട്ട ദു:ഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്‍ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാന്‍ ലിക്വിഡ് ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വച്ച് അത് നികത്താന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.

ഞാന്‍ എല്ലാവരോടും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു..ഞാന്‍ കരഞ്ഞു, യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് അതുണ്ടാക്കിയ ദുരന്തം കണ്ട്.

13-08-2017 രാവിലെ 1:30 മണിക്ക് ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെ ഞങ്ങള്‍ നിര്‍ത്തിയില്ല.

പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം 1308-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ' അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? '

ഞാന്‍ പറഞ്ഞു . ' അതേ സര്‍ '

അദ്ദേഹം ദേഷ്യപ്പെട്ടു. ' അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..'

യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പോലീസ് എന്റെ വീട്ടിലേക്ക് വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് ആളുകള്‍ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല

എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.

പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ആഗസ്റ്റ് 2017 തൊട്ട് ഏപ്രില്‍ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ...അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മര്‍ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.

എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക് നീതി ലഭിക്കാന്‍...പക്ഷേ എല്ലാം പാഴായി..

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പോ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്‍ മാതാപിതാക്കളെ വളര്‍ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ല...അല്ല

2017 ഓഗസ്റ്റ് 10 നു ഞാന്‍ ലീവിലായിരുന്നു . എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്?

അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും ബി ആര്‍ ഡിയുടെ വൈസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫലൈറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടുത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 08.08.2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍ ആര്‍ എച്ച് എമ്മിന്റെ നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിത്സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്‍ഡര്‍ നല്‍കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്‍കുന്നതിലോ ഞാന്‍ പങ്കെടുക്കേണ്ടിയിരുന്നില്ല.

പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികിത്സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.

കുറ്റവാളികള്‍ പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി എം ഉം മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

ഉയര്‍ന്ന നിലയിലെ ഒരു സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍.

പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്‍ ഞങ്ങളും നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ഇല്ല ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമോദ്ദാഹരണമാണ്.

ഞാന്‍ സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും. നീതി നടപ്പാവും.

ഒരു നിസഹായനായ, ഹൃദയം തകര്‍ന്ന പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍, സുഹൃത്ത്

ഡോ.കഫീല്‍ ഖാന്‍

18.04-2018

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What is the mistake done by me?, Letter, hospital, Treatment, Health, Health & Fitness, Jail, Trending, Media, Bail, Court, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?