ദേശീയ പുരസ്‌കാരത്തില്‍ മിന്നിത്തിളങ്ങി മലയാളം: ജയരാജ് മികച്ച സംവിധായകന്‍, ഫഹദ് സഹനടന്‍, യേശുദാസ് ഗായകന്‍
ന്യൂഡല്‍ഹി (www.evisionnews.co): വിഷു സമ്മാനമായി കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം. 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിച്ചത്. 'ഭയാനകം' എന്ന ചിത്രത്തിലൂടെ ജയരാജാണു മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരളത്തിലെത്തിച്ചത്. അടുത്തിടെ അന്തരിച്ച ശ്രീദേവി മികച്ച നടിയായി 'മോം' എന്ന ചിത്രത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസമില്‍നിന്നുള്ള 'വില്ലേജ് റോക്സ്റ്റാര്‍സ്' ആണു മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന ഗാനം ആലപിച്ച യേശുദാസാണു മികച്ച ഗായകന്‍. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 'ഭയാനക'ത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്. പ്രവീണാണു മികച്ച ഛായാഗ്രാഹകന്‍. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും 'ഭയാനക'ത്തിനാണ്. 'ആളൊരുക്കം' മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി.
Powered by Info News For You

Comments
Post a Comment