ഇന്ത്യയെ നരേന്ദ്രമോഡി മുച്ചൂടും മുടിച്ചു; അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോഡിയെ ഭരണത്തില്‍ നിന്നും പുറത്താക്കും, ദേശീയതലത്തില്‍ കാറ്റ് മാറിവീശുന്നു: എ.കെ ആന്റണി

കാസര്‍കോട്: (www.kasargodvartha.com 04.04.2018) കഴിഞ്ഞ നാലു വര്‍ഷത്തെ നരേന്ദ്രമോഡിയുടെ ഭരണം ഇന്ത്യയെ മുച്ചൂടും മുടിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ആരോപിച്ചു. കാസര്‍കോട് ചെര്‍ക്കളയില്‍ കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു എ.കെ ആന്റണി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോഡിയെ പുറത്താക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

പാരമ്പര്യം പറഞ്ഞ് ഒറ്റക്ക് നില്‍ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മതേതര കക്ഷികളെയെല്ലാം ഒന്നിപ്പിച്ചു കൊണ്ട് മോഡിയെ പുറത്താക്കാനുള്ള ശംഖനാദം ഉയര്‍ന്നു കഴിഞ്ഞതായി ആന്റണി പറഞ്ഞു. ദേശീയതലത്തില്‍ കാറ്റ് മാറി വീശുകയാണ്. ആര് വിചാരിച്ചാലും ഇനി മോഡിയെയും ബിജെപിയെയും രക്ഷിക്കാന്‍ കഴിയില്ല. ദളിതുകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വടക്കേ ഇന്ത്യയില്‍ വ്യാപകമായ അക്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ അസമത്വം വളര്‍ന്നു വരികയും സാമ്പത്തിക തകര്‍ച്ച നേരിടുകയും ചെയ്യുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതു വഴി ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ തകര്‍ന്നു, കച്ചവടക്കാര്‍ തകര്‍ന്നു, കൂലിപ്പണിക്കാര്‍ തകര്‍ന്നു, വ്യവസായങ്ങള്‍ തകര്‍ന്നു, പൊതുമേഖല സ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിടുന്നു. ഇത്തരമൊരു സാഹചര്യം ഇതിനു മുമ്പ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാത്രമാണുണ്ടായിരുന്നത്.

അന്ന് ഇന്ത്യയുടെ സ്വര്‍ണശേഖരം വിദേശത്ത് പണയപ്പെടുത്തിയാണ് ഇന്ത്യയുടെ പ്രതിസന്ധി പരിഹരിച്ചത്. ഇതിന് സമാനമായ സാഹചര്യമാണ് നാലു വര്‍ഷത്തെ മോഡിയുടെ ഭരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും യുപിഎയും തകര്‍ന്നാല്‍ ആച്ഛാദിന്‍ വരുമെന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. എന്നാല്‍ പിന്നീട് കള്ളപ്പണത്തിന്റെ പേരില്‍ നോട്ട് നിരോധനം കൊണ്ടുവരികയും ഗൃഹപാഠം ചെയ്യാതെ ജിഎസ്ടി നടപ്പാക്കുകയും ചെയ്തതോടെ സമസ്ത മേഖലകളും തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ബാങ്കുകളെ ദേശസാത്കരിച്ചത്. ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ പണം ചെറിയ പലിശയ്ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് ഇതു കൊണ്ടാണ്. ലോകത്തെ മുഴുവന്‍ ബാങ്കുകളും തകര്‍ച്ചയെ നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കുകള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ കാര്യം ആന്റണി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നെല്ലാം കോടിക്കണക്കിന് രൂപയാണ് വന്‍കിടക്കാര്‍ തട്ടിയെടുത്തിരിക്കുന്നത്.

യുപിഎ ഭരണം അവസാനിച്ച ശേഷം 2014 ഏപ്രില്‍ മുതല്‍ 2.41 ലക്ഷം കോടി രൂപയാണ് കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും വായ്പകള്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അടുത്തിടെ നടന്ന സ്ഥിതിവിവര കണക്ക് പ്രകാരം 10 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ കിട്ടാക്കടമായിട്ടുള്ളത്. ഇതില്‍ 75 ശതമാനവും കോര്‍പറേറ്റുകളുടേതാണ്. കൃഷിക്കാര്‍ എട്ടു ശതമാനം കിട്ടാക്കടം മാത്രമാണ് നല്‍കാനുള്ളത്. ഉദാരമതിയായ നരേന്ദ്രമോഡി ഇതിനിടയിലാണ് കഴിഞ്ഞ സെപ്തംബറില്‍ 2.51 ലക്ഷം കോടി രൂപ വന്‍കിടക്കാര്‍ക്കു വേണ്ടി എഴുതിത്തള്ളിയത്. ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ 20,000 മുതല്‍ 80,000 കോടി രൂപ മാത്രം മതിയാകുമ്പോഴാണ് കുത്തകകമ്പനികള്‍ക്കായി മോഡി സര്‍ക്കാര്‍ സൗജന്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.ഡി സതീശന്‍ സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്‍, കെ. ശങ്കര നാരായണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി ജോസഫ്, ഷാനി മോള്‍ ഉസ്മാന്‍, ഡീന്‍ കുര്യാക്കോസ്, വിദ്യാധരന്‍, ശൂരനാട് രാജശേഖരന്‍, മുസ്ലിം ലീഗിന്റെ എംഎല്‍എമാരായ എന്‍ എ നെല്ലക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, എ അബ്ദുര്‍ റഹ് മാന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, സി.കെ ശ്രീധരന്‍, കെപിസിസി- യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു- ദളിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Congress, M.M. Hassan, Cherkala, Narendra-Modi, M.M Hassan's Janamojana Yathra Flag off
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?