വീണ്ടും ദുര്‍ഗന്ധവും മലിനജലവും, മന്ത്രിമാര്‍ക്ക് നിവേദനം, ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന നേവിയുടെ നടപടിക്കെതിരെ ജനരോഷമുയരുന്നു

പയ്യന്നൂര്‍: (www.kvartha.com 14.04.2018) രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കി നേവിയുടെ മാലിന്യപ്ലാന്റില്‍നിന്നും വരുന്ന ദുര്‍ഗന്ധവും മലിനജലവുംവീണ്ടും ജനജീവിതം ദുസ്സഹമാക്കുന്നു. ജനരോഷവും പ്രതിഷേധങ്ങളും അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ജനങ്ങളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നടപടിയെടുക്കാതെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന നേവിയുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

ദുര്‍ഗന്ധംമൂലം കഴിഞ്ഞ വര്‍ഷത്തെപോലെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കിണറുകള്‍ വറ്റുന്ന വേനല്‍ക്കാലത്തും കഴിഞ്ഞ വര്‍ഷത്തെപോലെ കിണറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. നേവിയുടെ മാലിന്യ പ്ലാന്റില്‍നിന്നുമുള്ള മലിന ജലമാണ് കിണറുകളിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയില്‍ ബോധ്യമായത്. ഈ പ്രശ്‌നം നാവിക അക്കാദമി അധികൃതരുടേയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടും ആരും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.


പതിനൊന്ന് വര്‍ഷം മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപോലുമില്ലാതെ ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റാണ് പിന്നീട് ജനങ്ങള്‍ക്ക് ദുരിതമായത്. 2014 ജൂണ്‍ മാസം മുതലാണ് ഇതിന്റെ പരിണതഫലം ജനങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയത്. മഴവെള്ളത്തില്‍ മാലിന്യ പ്ലാന്റ് കവിഞ്ഞൊഴുകി കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടാം വാരം മുതലാണ് ഇപ്പോഴുള്ളത് പോലെ ദുര്‍ഗന്ധവും മലിനജലവും ജനവാസ കേന്ദ്രങ്ങളിലെത്താന്‍ തുടങ്ങിയത്. കിണര്‍വെള്ളത്തില്‍ ക്രമാതീതമായ തോതില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിദ്ധ്യത്തില്‍ കണ്ടുവരുന്ന കോളിഫോംസ് ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നായിരുന്നു അന്നത്തെ പരിശോധനാ റിപ്പോര്‍ട്ട്.

അന്ന് തുടങ്ങിയ പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കും പരിഹാരമില്ലാതെ വന്നപ്പോഴാണ് ജീവിക്കാനുള്ള അവകാശത്തിനായി ജനങ്ങള്‍ സമര രംഗത്തിറങ്ങിയത്. മൂന്ന് മാസത്തോളം നീണ്ട നിരവധി സമരങ്ങളാണ് ജനങ്ങള്‍ നടത്തിയത്. ഒടുവില്‍ നേവല്‍ അധികൃതരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ തുടര്‍ന്നാണ് ജനങ്ങളുടെ സമരം അവസാനിച്ചത്. ഇതിനിടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റുകള്‍ മൂന്നുമാസത്തിനകം അടച്ചു പൂട്ടിക്കണമെന്ന സുപ്രീം കോടതി വിധിയും ഇവിടെ നടപ്പാക്കിയില്ല. നേവിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഒത്തുകളിക്കുകയാണെന്ന ആരോപണം ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നേവിയുടെ എസ്ടിപി ടാങ്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയും നല്‍കി.

ആറ് മാസത്തിനുള്ളില്‍ മാലിന്യ വികേന്ദ്രീകരണമുള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നുള്ള നേവിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ നടപടിയില്ലാതിരിക്കേയാണ് ജനങ്ങളെ ദുരിതത്തിലാക്കിയ മാലിന്യ പ്രശ്‌നം വീണ്ടും ഉയരുന്നത്. ഇതിനെതിരെ രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍ മുഖ്യമന്ത്രി,ആരോഗ്യ വകുപ്പ് മന്ത്രി,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് വെള്ളിയാഴ്ച നിവേദനമയച്ചു. മലിനജലമുയര്‍ന്ന കിണറുകളിലെ വെള്ളം പരിശോധനക്കായും അയച്ചിട്ടുണ്ട്. ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയെടുക്കാത്ത നാവിക അക്കാദമി അധികൃതര്‍ക്കെതിരെ ശക്തമായ ജനരോഷവുമുയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kerala, News, Navy, Protest, Well, Waste water from Navy; petition for ministers, protest.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?