73 കിലോമീറ്റര്‍ തീരദേശമുള്ള കാസര്‍കോട്ട് ടൂറിസം വികസനം ഇഴയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സംരംഭകരും സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും, ബേക്കല്‍ ടൂറിസം വികസനം സാധ്യമാക്കാന്‍ സമ്മര്‍ദ ഗ്രൂപ്പായി നിലകൊള്ളും, ടൂറിസം അനുമതിക്കായി ഏകജാലകം നടപ്പിലാക്കണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 21.04.2018) 73 കിലോമീറ്റര്‍ തീരദേശമുള്ള കാസര്‍കോട്ട് ടൂറിസം വികസനം ഇഴയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സംരംഭകരും സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും. അടിസ്ഥാന സൗകര്യ വികസനം പോലും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ബേക്കല്‍ ക്രസന്റ് ബീച്ചില്‍ നടന്ന ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച സംഗമത്തിലാണ് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സമ്മര്‍ദഗ്രൂപ്പായി നിലകൊള്ളാന്‍ തീരുമാനിച്ചത്.

ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സര്‍ക്കാറും ബി.ആര്‍.ഡി.സിയും മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാസര്‍കോട്ട് ടൂറിസം വികസനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബേക്കല്‍ ഉള്‍പെടെയുള്ള കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ച കാര്യവും സംഗമത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ശുചിത്വപരിപാലനത്തില്‍ പഞ്ചായത്തുകളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വീഴ്ചകളും വിമര്‍ശന വിധേയമായി. പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകള്‍ ടൂറിസം സംരംഭങ്ങളുടെ അനുമതിക്കായി പ്രത്യേക പരിഗണന നല്‍കണമെന്നും പദ്ധതികള്‍ അംഗീകരിക്കുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ബേക്കല്‍ കോട്ടയില്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്നും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ബേക്കല്‍ ബീച്ചുമായി ബന്ധിപ്പിച്ചുള്ള റോപ്പ് വേ, വാട്ടര്‍ റൈഡ് തുടങ്ങിയ പദ്ധതികളും കൊണ്ടുവരണമെന്ന് സംഗമം ആവശ്യപ്പെട്ടു.

ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഒട്ടേറെ പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ബി.ആര്‍.ഡി.സി അമാന്തം കാണിക്കുകയാണ്.

ജില്ലയുടെ ടൂറിസം വികസനത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാനും സംഗമം അഭ്യര്‍ത്ഥിച്ചു. 24 വര്‍ഷം മുമ്പ് ബേക്കല്‍ ടൂറിസം വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും ഒരു രൂപയുടെ പദ്ധതി പോലും കൊണ്ടുവരാന്‍ കഴിയാതിരുന്നത് ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിന്റെ അലംഭാവം കാരണമാണെന്നും സ്വയം വിമര്‍ശനമുയര്‍ന്നു. അഞ്ചോളം വന്‍കിട ടൂറിസം ഹോട്ടലുകള്‍ നിര്‍മിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും രണ്ട് ഹോട്ടലുകള്‍ മാത്രമാണ് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിച്ചത്. നിരവധി ഹോട്ടലുകളുടെ നിര്‍മാണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. കോട്ടയോട് ചേര്‍ന്ന് ചെറുകിട ഹോട്ടല്‍ സംരംഭങ്ങള്‍ ഉണ്ടാകാത്തതാണ് ടൂറിസ്റ്റുകള്‍ എത്തുന്നതിന് തടസമെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ സംരംഭകര്‍ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബേക്കല്‍ കോട്ടയ്ക്കും പരിസര പ്രദേശങ്ങളിലും നിരവധി ആള്‍താമസമില്ലാത്ത വീടുകള്‍ ഉണ്ട്. ഇവയെല്ലാം ഹോം സ്‌റ്റേകളാക്കി മാറ്റണമെന്നും ഇതിനായി ബിആര്‍ഡിസിയും ഡിടിപിസിയുമാണ് മുന്‍കൈയെടുക്കേണ്ടതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആസൂറാബി, കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് തളങ്കര, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി ആഇശ, ആഇശ റസാഖ്, എം.പി.എം ഷാഫി, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍, മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി എം.എ ലത്വീഫ്, ഡി.ടി.പി.സി സെക്രട്ടറി കെ. ബിജു, ഡി.വൈ.എസ്.പി. കെ. ബാലകൃഷണന്‍, ബി.ആര്‍.ഡി.സി അസി. മാനേജര്‍ സുനില്‍, സംരംഭകരായ വിക്രം രാജ്, എം.ബി. അഷ്‌റഫ്, അബു ഹാഷിം, മല്ലിക ഗോപാലന്‍, ഡോ. റഹീം കടവത്ത്, റീത്ത പത്മരാജ്, പി.കെ. അബ്ദുല്ല, കെ.സി ഇര്‍ഷാദ്, പി.കെ. ജലീല്‍, രാജേഷ് നീലേശ്വരം, സുരേഷ് നീലേശ്വരം, എ.കെ ശ്യാം, മാധ്യമ പ്രവര്‍ത്തകരായ മുജീബ് അഹ് മദ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

സൈഫുദ്ദീന്‍ കളനാട്, ഫാറൂഖ് കാസ്മി, മണി മാധവന്‍ നമ്പ്യാര്‍, പി കെ ഷംസുദ്ദീൻ, ഫത്താഹ് ആപ്പിള്‍, സലീം പി കെ പരിപാടി നിയന്ത്രിച്ചു. എം.ബി അഷ്‌റഫ് മോഡറേറ്ററായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Kerala, Tourism, Bekal, Coastal area, Development, Tourism Minister, Single Window Project, Kasaragod Tourism supporting group meet conducted.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?