കീഴാറ്റൂര്‍: സര്‍ക്കാര്‍ കീഴടങ്ങുന്നു; സി പി എം നാടുകാവലും, വയല്‍ക്കിളികള്‍ കേരളം കീഴാറ്റൂരിലേക്ക് പരിപാടിയും സംഘടിപ്പിക്കാനിരിക്കെ അനുനയത്തിന് വഴിതുറക്കുന്നു, വയലിലൂടെ തന്നെ ബൈപ്പാസ് വേണമെന്ന് വാശിപിടിക്കില്ലെന്ന് പാര്‍ട്ടി

കണ്ണൂര്‍: (www.kvartha.com 24.03.2018) കീഴാറ്റൂര്‍ വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു. സി പി എം നാടുകാവലും, വയല്‍ക്കിളികള്‍ കേരളം കീഴാറ്റൂരിലേക്ക് പരിപാടിയും സംഘടിപ്പിക്കാനിരിക്കെയാണ് കീഴാറ്റൂരില്‍ അനുനയത്തിന് വഴിതുറക്കുന്നത്. തളിപ്പറമ്പ് ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ വേണമെന്ന് വാശിപിടിക്കില്ലെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയതോടെയാണ് ഇത്.

കീഴാറ്റൂര്‍ വിഷയത്തില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍. ഇതോടെ കീഴാറ്റൂര്‍ സമാധാന പാതയിലേക്ക് നീങ്ങുന്നു. കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു മുതിരാതെ ഇരുവിഭാഗവും സമരപരിപാടികള്‍ അവസാനിപ്പിക്കുമെന്നാണു സൂചന. 'നാടുകാവല്‍' എന്ന പേരില്‍ സിപിഎം ശനിയാഴ്ച വൈകിട്ടും 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരില്‍ വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും ഞായറാഴ്ച വൈകിട്ടും കീഴാറ്റൂര്‍ വയലിലേക്കു മാര്‍ച്ച് നടത്താനിരിക്കെയാണു സമാധാനവഴി തെളിഞ്ഞത്.

CPM ready for talks peaceful road opens to Keezhattoor, Kannur, News, Trending, Politics, CPM, Road, Environmental problems, March, Strike, Kerala

കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ തളിപ്പറമ്പ് ടൗണിലൂടെ മേല്‍പ്പാത എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ക്കു പാര്‍ട്ടി എതിരല്ലെന്നു കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. അലൈന്‍മെന്റ് മാറ്റുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ നോക്കാനാണു സിപിഎം ആലോചിക്കുന്നത്. ശനിയാഴ്ച കീഴാറ്റൂരിലേക്കു നടത്തുന്ന മാര്‍ച്ചില്‍ പാര്‍ട്ടിയുടെ വ്യക്തമായ നയപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും കീഴാറ്റൂരിലേക്കു നടത്തുന്ന മാര്‍ച്ചിനെ അവഗണിക്കാനും തീരുമാനമായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കരുതെന്നു ജില്ലാ, പ്രാദേശിക നേതൃത്വങ്ങള്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഞായറാഴ്ച വയല്‍ക്കിളി മാര്‍ച്ചിന്റെ സമയത്തു കീഴാറ്റൂര്‍ വയലില്‍ ഒറ്റ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമുണ്ടാകരുതെന്നാണു നിര്‍ദേശം.

കഴിഞ്ഞദിവസം സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ വയല്‍ക്കിളികള്‍ തടഞ്ഞപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടതും വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചതും പാര്‍ട്ടിക്ക് ഏറെ ക്ഷീണം ഉണ്ടാക്കിയെന്നാണു പ്രാഥമിക വിലയിരുത്തല്‍. പന്തല്‍ കത്തിച്ചതു പുറത്തു നിന്നുള്ളവര്‍ക്കു കീഴാറ്റൂരില്‍ ഇടപെടാന്‍ അവസരമൊരുക്കിക്കൊടുത്തുവെന്നും പാര്‍ട്ടി കരുതുന്നു.

വയല്‍ക്കിളികളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നു പിന്മാറിയതിനു ശേഷമുണ്ടായ ഈ സംഭവത്തോടെയാണ് പരിസ്ഥിതി, സാമൂഹിക രംഗങ്ങളില്‍ നിന്നുള്ളവര്‍ വയല്‍ക്കിളികള്‍ക്കു പിന്തുണയുമായി 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലുള്ള സമരം പ്രഖ്യാപിച്ചത്. ഇതോടെ, കീഴാറ്റൂര്‍ വയല്‍ നികത്തി പാത നിര്‍മിക്കാന്‍ സിപിഎം അച്ചാരം വാങ്ങിയെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടാവുകയും പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലാവുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയിലെയും (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരും കീഴാറ്റൂരിലെ പ്രതിഷേധക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ പാര്‍ട്ടി അനാവശ്യമായി തലയിട്ടു ചീത്തപ്പേരു വാങ്ങിക്കൂട്ടുകയായിരുന്നുവെന്ന തോന്നലും ശക്തമായി.

മേല്‍പ്പാത നിര്‍മാണ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതിലൂടെ വിവാദങ്ങളില്‍നിന്നു തലയൂരുകയും പന്ത് ബിജെപിയുടെയും കേന്ദ്രത്തിന്റെയും കോര്‍ട്ടിലാക്കുകയും ചെയ്യാമെന്നാണു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഈ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, ആവര്‍ത്തിക്കുന്നതിനു ജില്ലാ നേതൃത്വത്തിനു ബുദ്ധിമുട്ടില്ല. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പരിസ്ഥിതിക്കും സിപിഎം എതിരല്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് ശനിയാഴ്ചത്തെ സമരം സിപിഎം അവസാനിപ്പിക്കാനാണു സാധ്യത.

Keywords: CPM ready for talks peaceful road opens to Keezhattoor, Kannur, News, Trending, Politics, CPM, Road, Environmental problems, March, Strike, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?