മഹാസ്വപ്നവുമായി 'മഹാസാഗരം' അരങ്ങിലേക്ക്; ആദ്യാവതരണം തിങ്കളാഴ്ച ടാഗോര്‍ തീയറ്ററില്‍

തിരുവനന്തപുരം: (www.kvartha.com 18.03.2018) മലയാളത്തിന്റെ എക്കാലത്തെയും പ്രിയകാഥികന്‍ എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇതള്‍ വിരിയുന്ന സ്മൃതിസാഗരമായി 'മഹാസാഗരം' അരങ്ങിലെത്തുന്നു. മോഹന്‍ ലാലും മുകേഷും അഭിനയിച്ച 'ഛായാമുഖി'യടക്കം മുപ്പതോളം നാടകങ്ങള്‍ രചിച്ച പ്രമുഖ നാടകകാരന്‍ പ്രശാന്ത് നാരായണന്‍ രംഗരചനയും ആവിഷ്‌ക്കാരവും നടത്തുന്ന 'മഹാസാഗരം' മാര്‍ച്ച് 19-ന് തിങ്കളാഴ്ച വൈകിട്ട് 6 30-ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ അരങ്ങേറും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

ഭ്രാന്തന്‍ വേലായുധനും കുട്ട്യേടത്തിയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളര്‍ത്തുമൃഗങ്ങലിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും, എന്തിന്, എംടിതന്നെയും അരങ്ങില്‍ പുനരവതരിക്കുന്നു. എംടിതന്നെ എഴുതിയ ഗാനങ്ങള്‍ നാടകത്തിന്റെ സാഹിത്യമിഴിവിനു മാറ്റുകൂട്ടുന്നു. അഭിനയരംഗത്തു മലയാളികള്‍ക്കു പരിചിതരും പ്രിയങ്കരരായ സുരഭി ലക്ഷ്മിയും ബിനീഷ് കോടിയേരിയും നിസ്താറും അടക്കമുള്ള പ്രതിഭകള്‍ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കും.

മഹാസാഗരത്തെ ചെപ്പിലൊതുക്കാന്‍ ശ്രമിക്കുന്നതുപോലെ ഒരു സാഹസമാണ് താന്‍ ചെയ്യുന്നതെന്ന് പ്രശാന്ത് നാരായണന്‍ പറഞ്ഞു. ''എം.ടി.യുടെ കഥാപാത്രങ്ങള്‍ - വ്യത്യസ്ത സൃഷ്ടികളിലേത്, വ്യത്യസ്ത കാലങ്ങളിലേത്, വ്യത്യസ്ത ശൈലിയിലുള്ളവ, വൈവിദ്ധ്യമാര്‍ന്ന സ്വഭാവവും സംസ്‌ക്കാരവും വസ്ത്രധാരണരീതികളും ഉള്ളവര്‍ - ഇവയെ ഇണക്കി ഒറ്റ നാടകം എന്നത് അത്ര ലളിതമായ ദൗത്യമല്ല. രണ്ടാമൂഴത്തിനും കാലത്തിനും മഞ്ഞിനും ഒരെ ട്രീറ്റ്മെന്റ് പറ്റില്ല. കുട്ട്യേടത്തിക്കും നാലുകെട്ടിനും ഇരുട്ടിന്റെയാത്മാവിനുമൊക്കെ വെവ്വേറെ ശൈലികള്‍ വേണം. അങ്ങനെ പത്തുപന്ത്രണ്ടു നാടകശൈലികള്‍ സമന്വയിപ്പിച്ചാണു 'മഹാസാഗരം' സൃഷ്ടിച്ചിരിക്കുന്നത്.'' അദ്ദേഹം വിശദീകരിച്ചു.

മലയാളിയുടെ ഒരു കാലഘട്ടത്തെ കഥപറഞ്ഞുണര്‍ത്തിയ, വികാരനിഷ്യന്തിയാക്കിയ, ചൈതന്യവത്താക്കിയ എംടി എന്ന ദ്വക്ഷരിയുടെ, നമുക്കെല്ലാം പ്രിയങ്കരനായ, എംടിയെ ആദരിക്കാന്‍ 'ദേശാഭിമാനി' ഒരുക്കിയ ഒരാഴ്ചത്തെ എംടി സാഹിത്യോത്സവത്തിന്റെ സമാപനംകുറിച്ചു കോഴിക്കോട്ട് അരങ്ങേറിയ 'മഹാസാഗരം' നാടകം കോഴിക്കോടുപൗരാവലി അന്നു നെഞ്ചേറ്റിയതാണ്. ഇത്രനാടുകളില്‍നിന്ന് എംടിയുത്സവത്തിന് എത്തിയവരൊക്കെ വാഴ്ത്തിയ നാടകം മറ്റിടങ്ങളിലും കളിക്കണമെന്ന ആവശ്യം പല കോണില്‍നിന്നും ഉയര്‍ന്നിരുന്നു. ആ പ്രേരണയുടെ ഊര്‍ജ്ജമാണ് ഈ സംരംഭത്തിന്റെ ശക്തിസ്രോതസ്.

കോഴിക്കോട്ട് അവതരിപ്പിച്ച 'മഹാസാഗര'മല്ല ഇവിടെ അരങ്ങിലെത്തുന്നതെന്നു നാടകാവതാരകരായ കളത്തിന്റെ ഭാരവാഹി കല സാവിത്രി പറഞ്ഞു.  അന്ന് കഥാകൃത്ത് വി.ആര്‍. സുധീഷാണ് രചന നിര്‍വ്വഹിച്ചത്. കൂടുതല്‍ കഥാപാത്രങ്ങളെയും കൃതികളെയും ഉള്‍ക്കൊള്ളിച്ചും കൂടുതല്‍ നാടകീയമുഹൂര്‍ത്തങ്ങള്‍ നെയ്തുചേര്‍ത്തും രംഗരചനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയും പ്രശാന്ത് നാരായണന്‍തന്നെ പുതിയ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

എംടിയുടെ കഥാപാത്രങ്ങളെ നിമയിലൊന്നും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത തനിക്കു കൈവന്ന മഹാഭാഗ്യമാണിതെന്നു ദേശീയ അവാര്‍ഡു നേടിയ ചലച്ചിത്രനടി സുരഭി ലക്ഷ്മി പറഞ്ഞു. താനും മറ്റ് അഭിനേതാക്കളും ദിവസങ്ങളെടുത്ത് എംടിയുടെ രചനകള്‍ വീണ്ടും വായിച്ചും ചര്‍ച്ചചെയ്തും കൂടുതല്‍ മിഴിവുവരുത്തി. പ്രശാന്തിന്റെ ആവിഷ്‌ക്കാരം അവയ്ക്കു വേറെയും തലങ്ങള്‍ പകര്‍ന്നുനല്‍കുമ്പോള്‍ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് ധാരാളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുരഭി ചൂണ്ടിക്കാട്ടി.

ഈ പ്രൊജക്റ്റിന്റെ മഹത്ത്വംകൊണ്ടുതന്നെ ഇതേപ്പറ്റി കേട്ടറിഞ്ഞ പല നാടകകലാകാരരും താല്‍പര്യപൂര്‍വ്വം മുന്നോട്ടുവന്നു. അവരില്‍നിന്നു തെരഞ്ഞെടുത്ത മികച്ച ഒരുനിര കലാകാരരിലൂടെയാണു നാടകത്തിന്റെ ഉദ്ഘാടനാവതരണം നടക്കുന്നത്. കേരളത്തില്‍ വ്യാപകമായും കേരളത്തിനും ഇന്‍ഡ്യയ്ക്കും പുറത്തു മലയാളികളുള്ള നാടുകളിലൊക്കെയും അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നാടകം നിര്‍മ്മിക്കുന്നതെന്ന് നിര്‍മ്മാതാവായ അനില്‍ നികേത പറഞ്ഞു. ഇതു വിജയമായാല്‍ ഈ രംഗത്തു കൂടുതല്‍ സജീവമായി ഇടപെടാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. നടന്‍ നിസ്താറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. നാടകത്തിന്റെ വിളംബരബാനര്‍ സുരഭി ലക്ഷ്മി നിസ്താറിനു നല്‍കി പ്രകാശനം ചെയ്തു. കളം വാര്‍ത്താപത്രികയുടെ പ്രത്യേകലക്കം കല സാവിത്രി അനില്‍ നികേതയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

പ്രശാന്ത് നാരായണന്‍ ചെയര്‍മാനും ഇന്‍ഡ്യന്‍ നാടകരംഗത്തെ അതികായനായ കന്നട നാടകാചാര്യന്‍ കെ.ജി. കൃഷ്ണമൂര്‍ത്തി ഡയറക്ടറുമായ 'കളം' എന്ന പുതിയ പ്രസ്ഥാനമാണു 'മഹാസാഗര'ത്തിന്റെ സ്രഷ്ടാക്കള്‍. പാര്‍പ്പിടനിര്‍മ്മാണരംഗത്തെ പ്രമുഖസംരംഭമായ വാസ്തു നികേത ആണു നിര്‍മ്മാതാക്കള്‍.

കളത്തിന്റെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്‌പെന്‍സര്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലോ വാസ്തുനികേതയുടെ തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ഓഫീസിലോ എത്തണം. ഫോണില്‍ ബന്ധപ്പെടുന്നവക്ക് സമീപപ്രദേശങ്ങളാണെങ്കില്‍ പാസ് എത്തിക്കാനും കഴിയും. ബന്ധപ്പെടേണ്ട നമ്പര്‍: +919539633331, +918593011177 (കളം), 04714013331, +919495042910 (വാസ്തു നികേത).

ഫൈനാട്‌സ് സൊസൈറ്റികളിലും ഉത്സവാഘോഷങ്ങളിലും പ്രവാസീകേന്ദ്രങ്ങളിലുമൊക്കെ അവതരണം ലക്ഷ്യമിടുന്ന നാടകത്തിന്റെ ബുക്കിങ്ങിനും ഈ കേന്ദ്രങ്ങളിലും നമ്പരുകളിലും ബന്ധപ്പെടാം.

അരങ്ങൊരുക്കുന്നവര്‍: രചനാസഹായവും ഗവേഷണവും: കല സാവിത്രി, ദീപവിതാനം: ശ്രീകാന്ത് കാമിയോ, രംഗവിധാനം: പ്രശാന്ത് നാരായണന്‍, ഗാനങ്ങള്‍: എംടി, സംഗീതം: ശിവദാസ് പൊയില്‍ക്കാവ്, വേഷം: ഹാറൂണ്‍ ഉസ്മാന്‍, ചമയം: പട്ടണം റഷീദ്, പരസ്യം: ഭട്ടതിരി, പ്രിന്റിംഗ്: മുരളി, സംവിധാനസഹായം : അഭിജിത്ത് രഞ്ജിത്ത്, സഹസംവിധാനം: രതീഷ് രവീന്ദ്രന്‍, രംഗാധിപന്‍: മനു വിശ്വനാഥ്, സഹായം: ശ്രീകുമാര്‍ രാമകൃഷ്ണന്‍, ഓഫീസ് നിര്‍വ്വഹണം : ജയകുമാര്‍, സാമ്പത്തികകാര്യദര്‍ശി : കല സാവിത്രി, നിര്‍മ്മാണം: അനില്‍ നികേത.

അരങ്ങില്‍: സുരഭി ലക്ഷ്മി, ബിനീഷ് കോടിയേരി, നിസ്താര്‍ അഹമ്മദ്, ശ്രീലക്ഷ്മി കലാക്ഷേത്ര, അഖിലേഷ് സി.വി, ദേവാനന്ദിനി, മനു വിശ്വനാഥ്, ആതിര, ആഷിത്ത്, മാസ്റ്റര്‍ അക്ഷയ് പ്രതാപ് , അനന്തു നാഗേന്ദ്രന്‍, എബിന്‍, ഷിനോജ് പൊയ്‌നാടന്‍, ജോസ് ജോണ്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, M.T. Vasudevan Nair's characters on stage
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?