ഡിജിറ്റല്‍ ഇന്ത്യ പരാജയം; പുനരാവിഷ്‌ക്കരിക്കണം: പ്രൊബീര്‍ പുര്‍കായസ്ഥ

തിരുവനന്തപുരം: (www.kvartha.com 10.03.2018) വ്യവസായം വളര്‍ത്തുന്നതിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും പരാജയപ്പെടുകയും വന്‍തോതില്‍ ധനശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്ന ഇന്നത്തെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഉപേക്ഷിക്കുകയും പുതിയ രൂപത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയും വേണമെന്ന് ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡണ്ട് പ്രൊബീര്‍ പുര്‍കായസ്ഥ പറഞ്ഞു. സ്വതന്ത്ര ജനാധിപത്യ വിജ്ഞാനസഖ്യം (ഡി.എ.കെ.എഫ്.) സംസ്ഥാന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ടില്‍ യുദ്ധങ്ങള്‍ പെട്രോളിയത്തിനും വിഭവങ്ങള്‍ക്കുംവേണ്ടി ആയിരുന്നെങ്കില്‍ ഇന്നതു ഡിജിറ്റല്‍ക്കുത്തക നേടാന്‍വേണ്ടി ആയിരിക്കുന്നു. ഇന്ന് ഏറ്റവും വലിയ കമ്പനികള്‍ ഡിജിറ്റല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന കുത്തകകളാണ്. അവര്‍ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിവിവരങ്ങളും അഭിരുചികളും സ്വഭാവവിശേഷങ്ങളും വരെ ചോര്‍ത്തിയെടുത്തു പരസ്യക്കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വില്‍ക്കുകയാണ്.

ഭരണകൂടം എല്ലാ വിവരവും അറിഞ്ഞാല്‍ പൗരര്‍ കൂടുതല്‍ സുരക്ഷിതരാകും എന്നത് ഫാഷിസ്റ്റ് സങ്കല്‍പമാണെന്നും യാഥാര്‍ത്ഥ്യം മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയാനും ചിന്തിക്കാനും അവകാശനിഷേധത്തിനെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും വേഷം ധരിക്കാനും എല്ലാമുള്ള സ്വാതന്ത്ര്യം ഈ സമഗ്രനിരീക്ഷണം അപകടത്തില്‍പ്പെടുത്തും. സര്‍ക്കാരില്‍പ്പോലും ആരുടെയും വിവരങ്ങള്‍ സുരക്ഷിതമല്ല. ആധാര്‍ വിവരങ്ങള്‍ പൊതുവിപണിയില്‍ കിട്ടുന്നു. ഭീകരപ്രവര്‍ത്തകര്‍ക്ക് അതുപയോഗിച്ചു നിങ്ങളുടെ ആധാര്‍ നമ്പര്‍ അവരുടെ ഫോണുമായി ലിങ്ക് ചെയ്യാനാകും. ഹോളോഗ്രാമോ ചിപ്പോ ഇല്ലാത്ത ഏക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. അതിന്റെ നമ്പര്‍ മാത്രം മതി എന്തുമായും ലിങ്ക് ചെയ്യാന്‍. അങ്ങേയറ്റം അരക്ഷിതമായ അവസ്ഥയാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്.

വ്യക്തികളുടെയും രാജ്യത്തിന്റെയും സുരക്ഷ അപകടത്തിലാക്കുന്ന ഉത്തരവാദിത്വബോധമില്ലാത്ത ഇന്നത്തെ വിവരശേഖരനയം തിരുത്തണമെന്ന് പ്രൊബീര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാങ്കേതികവിദ്യാവികസനവും പ്രയോഗവും സമൂഹത്തിന്റെ, വിശേഷിച്ചു ഭൂരിപക്ഷത്തിന്റെ ഉത്തമതാല്പര്യത്തിന് അനുഗുണമാണെന്ന് ഉറപ്പാക്കാനും സാങ്കേതികവിദ്യാരംഗം ജനാധിപത്യവത്ക്കരിക്കാനും നിതാന്തജാഗ്രത പുലര്‍ത്തണമെന്നു സാങ്കേതികവിദ്യാരംഗത്തു പ്രവര്‍ത്തിക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

വ്യക്തികളുടെമേല്‍ നിരീക്ഷണവും അതിലൂടെ ആധിപത്യവും സ്ഥാപിക്കാന്‍ ജനാധിപത്യവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ പോലും കേന്ദ്രസര്‍ക്കാര്‍ അവലംബിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എ. സമ്പത്ത് എം.പി. പറഞ്ഞു. ആധാര്‍ പോലെ അതിപ്രധാനമായ ഒരു ബില്‍ മണി ബില്ലായി അവതരിപ്പിച്ചത് ഇതിന് ഉദാഹരണമായി സമ്പത്ത് ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പരാജയപ്പെടാതിരിക്കാനാണു രാജ്യസഭയ്ക്ക് വോട്ടുചെയ്യാന്‍ കഴിയാത്ത മണിബില്ലായി വ്യാഖ്യാനിച്ചത്. ക്ഷേമപദ്ധതികളുമായി ബന്ധമുണ്ടെന്നുപറഞ്ഞ് സ്പീക്കറും അതു ന്യായീകരിക്കുകയായിരുന്നു.

വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പിന്നാലെ വിജ്ഞാനവും കോര്‍പ്പറേറ്റുവത്ക്കരിക്കുകയും പണമുണ്ടാക്കാനുള്ള മേഖലയാക്കി മാറ്റുകയുമാണ്. നിങ്ങള്‍ എവിടെ എന്നു മാത്രമല്ല, നിങ്ങളെപ്പറ്റി നിങ്ങള്‍ക്കുപോലും അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍വരെ അവര്‍ വിറ്റു പണമുണ്ടാക്കുകയാണ്. സ്വകാര്യസ്വത്തല്ല, സമൂഹത്തിന്റെ സര്‍വ്വതോമുഖപുരോഗതിക്കു സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണു വിജ്ഞാനമെന്നും സമ്പത്ത് പറഞ്ഞു.

ഡിജിറ്റല്‍ ഇന്‍ഡ്യ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ഓപ്പണ്‍ സോഴ്‌സ് ഹാര്‍ഡ്വെയറും സ്വതന്ത്രസോഫ്റ്റ്വെയറും ഉള്ള മൊബൈല്‍ ഫോണുകളും മദര്‍ ബോര്‍ഡുകളും ചിപ്പും അടക്കമുള്ള അടിസ്ഥാനസാമഗ്രികളുടെ ഉല്പാദനത്തിനു മുന്‍ഗണന നല്‍കണമെന്ന് ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി കിരണ്‍ ചന്ദ്ര നിര്‍ദ്ദേശിച്ചു. വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയും സുരക്ഷിതമായ ഡേറ്റാ സെര്‍വ്വറുകളും രാജ്യത്തുണ്ടാകണം.

ഡിജിറ്റല്‍ ഇന്‍ഡ്യയിലൂടെ ധനം മുഴുവന്‍ വിദേശങ്ങളിലേക്ക് ഒഴുകുകയാണ്. എണ്‍പതു ശതമാനം ഓഹരിയും അമേരിക്കയ്ക്കും ചൈനയ്ക്കും ഉള്ള പേറ്റിഎമ്മും മറ്റുമാണു വന്‍ നേട്ടം ഉണ്ടാക്കുന്നത്. എന്നാല്‍, ആ രാജ്യങ്ങളില്‍ നമുക്കു തൊഴിലവസരങ്ങള്‍ കുറയുകയാണ്. നോട്ടുനിരോധവും മാന്ദ്യവും അശാസ്ത്രീയ ജി.എസ്.റ്റി.യും ഒക്കെ കാരണം രാജ്യത്തും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ആപത്ക്കരമായ സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു കിരണ്‍ ചന്ദ്ര പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും സുരക്ഷിതവും ജനാധിപത്യപരവുമായ ഡേറ്റാശേഖരപരിപാലന-വിനിയോഗനയം പ്രഖ്യാപിക്കണമെന്നു ഡി.എ.കെ.എഫ്. കണ്‍വെന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇന്‍ഡ്യ പദ്ധതി പുനരാവിഷ്‌ക്കരിക്കണം, പൊതുവുടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളും പതുവിവരശേഖരവും സ്വതന്ത്രലൈസന്‍സിങ്ങില്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതു നിര്‍ബ്ബന്ധമാക്കണം, ഗവേഷണപ്രബന്ധങ്ങള്‍ സ്വതന്ത്രലഭ്യത സാധിക്കുമാറു പ്രസിദ്ധീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു.

സ്വതന്ത്ര ജനാധിപത്യ വിജ്ഞാനസഖ്യം (ഡി.എ.കെ.എഫ്.) പ്രസിഡന്റായി ഡോ. എ. സാബുവിനെയും ജ്ജനറല്‍ സെക്രട്ടറിയായി റ്റി. ഗോപകുമാറിനെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. ജെ.എം. സിയാദാണു ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി അജിത് പാനൂര്‍, ഡിറ്റി മാത്യൂ, കെ.എസ്. ഹിരോഷ് കുമാര്‍ എന്നിവരെയും സെക്രട്ടറിമാരായി ശിവഹരി നന്ദകുമാര്‍, എം.യു. തോമസ്, അന്‍വര്‍ സാദത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, State, Conference, Probeer says, digital India is a failure
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?