പര്‍ദയിലും നീന്താം: മുങ്ങിത്തുടിക്കാം. സീനത്ത് പറയുന്നത് കേള്‍ക്കൂ

(www.kvartha.com 27/03/2018) പര്‍ദ ധരിച്ചു കൊണ്ട് പുഴയില്‍ നീന്തുന്നതിന് പിന്നിലെ കൗമാരകാല അനുഭവങ്ങള്‍ വിവരിച്ച് അധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് ചെറുകോടിന്റെ ഫെയ്‌സ് ബുക് പോസ്റ്റ്. യത്തീംഖാനയിലെ ജീവിതകാലത്തേക്ക് ഓര്‍മകളിലൂടെയുള്ള തിരിച്ചു പോക്ക് കൂടിയാണ് സീനത്തിന്റെ കുറിപ്പ്.

'ഇപ്പം കഴിഞ്ഞ മാസം യതീംഖാനയില്‍ പോയിരുന്നു. തമാശയും കളിയും ചിരിയുമായി ഇരിക്കേ മറിയം ബി ചോദിച്ചു. ' സീനാ .... നമ്മളെ അഴിച്ചിട്ട കുളി ഓര്‍മണ്ടോ ...' ഞങ്ങള്‍ ഒരു പാട് ചിരിച്ചു. അന്നത്തെ ഇറങ്ങാ കുളിയുടെ ഓര്‍മയ്ക്ക് എന്റെ പര്‍ദയുമായി ഞാന്‍ നീന്തല്‍ ഹരമാക്കുന്നു.' എന്നു സീനത്ത് എഴുതുന്നു.

 News, Facebook, Kerala, Seenath, Sulaikha, Warden, Interesting Pardha Experiences from a teacher

പോസ്റ്റിന്റെ പൂര്‍ണരൂപം:

പര്‍ദയും തലയടക്കിയൊരു കെട്ടും.പുഴയിലോ കുളത്തിലോ എവിടെയും എന്റെ നീന്തല്‍ വേഷം അതാണ് .( പൊന്നു സ്വാമീ .. ശവങ്ങള്‍ പുഴയിലൂടെ നീന്തുന്നു എന്നൊന്നും പറയരുത്. ഈ ശവങ്ങള്‍ ചെലപ്പം ആകാശത്തിലൂടെ പറക്കേം ചെയ്യും. സകല ശവങ്ങള്‍ക്കും ഉമ്മ...) ഇക്കയുടെ നാട്ടില്‍ തൂതപ്പുഴയിലെത്തിയാല്‍ ലുങ്കിയും നീളന്‍ കൈയന്‍ ഷര്‍ട്ടും പിന്നെ തലേക്കെട്ടുമായി വേഷം മാറും. ഏതിലും കൊഴപ്പല്ല. എങ്ങനെയും നീന്തും. ഏതാഴത്തിലും നീന്തും.(പൊറത്തക്കുളമേ നന്ദി... നീയാണ് ഗുരു) ഈ വേഷം ഇത്ര ജാഗ്രതയോടെ കിട്ടാന്‍ ഒരു ഇല്ലാ കുളിയുടെ നാണക്കേടുണ്ട്. ഒരു കാലത്ത് തൊലിയുരിഞ്ഞു പോയ ദിവസങ്ങള്‍ പിന്നീട് ഓര്‍മച്ചി രിയുടെ പൂരമായിട്ടുണ്ട്.സംഭവം പ്രീഡിഗ്രിക്കാലം.

സകല ഗുലുമാലുകളുടെയും കാലം. സുബഹി നിസ്‌കാരം കഴിഞ്ഞ് ചായക്കും ബ്രഡിനുമുള്ളവരി കണ്ടപ്പം എനിക്ക് ഉറക്കം വന്നു. ബ്രഡൊക്കെ ഞാനെത്ര കണ്ടതാ എന്ന മട്ടില്‍ ഞാനുറങ്ങി. എല്ലാം കഴിഞ്ഞ് കൂടെയുള്ളവരൊക്കെ വാര്‍ഡനോട് സമ്മതം വാങ്ങി പുഴയിലേക്ക് കുളിക്കാന്‍ പോയി.പോകുമ്പം എന്നെ കുറേ തട്ടി വിളിച്ചത്രേ. ഞാന്‍ ഒന്നുകൂടി ചുരുണ്ടു കിടന്നു എന്ന് പിന്നീട് കേട്ടിട്ടുണ്ട്.ഞങ്ങളെ വല്യ വിശ്വാസമായിരുന്നു അതോണ്ടാണല്ലോ വാര്‍ഡനില്ലാതെ കുളിക്കാന്‍ വിട്ടത്. ആ വിശ്വാസം കൂടി കണക്കിലെടുക്കാതെ ഞാന്‍ ഉറങ്ങി. കുറച്ചു കഴിഞ്ഞപ്പം സുലൈഖയുണ്ട് എന്നെ ഉരുട്ടി വിളിക്കുന്നു.' സീനാ.... ടാങ്കില് വെള്ളല്ല. ജ് പൊഴേ പോരണോ ...' ?

ഞാന്‍ ചാടിയെണീറ്റു. വേനലാണ്. യതീംഖാനയില്‍ ചെലപ്പം വെള്ളം കഴിഞ്ഞാ എപ്പഴാ വരാന്ന് പറയാന്‍ പറ്റില്ല.എനിക്കാണെങ്കി അലക്കാനുമുണ്ട്. ടീച്ചറേ മൂത്രമൊഴിക്കാന്‍ പോട്ടേന്ന് ഒരു കുട്ടി സമ്മതം വാങ്ങി പിന്നാലെ പത്തെണ്ണം പായുന്നതു പോലെ ഞാനും സുലൈഖയും ആദ്യം പോയവരുടെ സമ്മതത്തിന്റെ പിന്നാലെ ബക്കറ്റുമെടുത്തു പാഞ്ഞു. ഞാന്‍ ഒറക്കത്തില്‍ നിന്നെണീറ്റ് മുഖം പോലും കഴുകീട്ടില്ല. നൂറ്റി ചില്ലാനം ഒതുക്കുമിറങ്ങി എന്റെ ഉറക്കും അഴുക്കുംപുഴയില്‍ താഴ്ത്താന്‍ ഓടിച്ചെല്ലുമ്പം പുഴയില്‍ പാട്ടും ബഹളവും കുളിയുടെ മേളവും. വെള്ളം കണ്ടാ പിന്നെ എനിക്ക് എന്നെനിയന്ത്രിക്കാനാവില്ല.ഞാന്‍ ത്രില്ലടിച്ച് നീങ്ങുമ്പം മുമ്പിലൊരലര്‍ച്ച.

പടച്ചോനേ എന്റെ സ്വപ്ന ലോകത്തിലായിരിക്കും ഞാന്‍ പലപ്പോഴും. ഒറക്കത്തിന്റെ ഒരു ചെറിയ മാല്ണ്ട് താനും. ഇതാണോ കഥകളില്‍ വായിക്കുന്ന രാക്ഷസന്‍.ഞാന്‍ വിറച്ചു. സുലൈഖ അതിലേറെ വിറച്ചു. ' യതീംഖാനയിലെ പെണ്ണുങ്ങളാണോ ആ അഴിച്ചിട്ട് കുളിക്ക്ണത്... ഒരദബും ഇല്ലാതെ .. എന്തൊരു ഒച്ചീം വിളീം ആണിത്' റബ്ബേ... ഇനിയെന്തു ചെയ്യും ഞങ്ങള്‍ നല്ല ഉയരത്തിലും പുഴ താഴെയും .ഇയാള്‍ വേലിക്കപ്പുറം ഇയാളുടെ പറമ്പില്‍ ഞങ്ങളുടെ തൊട്ടടുത്ത് .കലിതുള്ളി നില്‍ക്കാണ് മൂപ്പര്.ഒരു മുദ്ര പോലും ഇവര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ഞാനവരെ നോക്കി. ഓല് പര്‍ദയൊന്നും ഇട്ടിട്ടില്ല.(അന്ന് പര്‍ദ വ്യാപകമല്ല) പക്ഷേ ശരീരമൊക്കെ നല്ലോണം മറച്ചിട്ടുണ്ട്. ഞാനും സുലൈഖയും പുഴയിലേക്കിറങ്ങാതെ തിരിച്ചു നടന്നു. സത്യം ഞാന്‍ മുഖം പോലും കഴുകീട്ടില്ല. ഇറങ്ങിയ സ്റ്റെപ്പ് മുഴുവന്‍ തിരിച്ചു കയറാതെ മുകളിലെത്തില്ലല്ലോ. കയറി. ചെന്നപ്പം പെണ്‍കുട്ടികളുടെ ഭാഗത്തെ ഗേറ്റ് അടച്ചിരിക്കുന്നു.

അപകടം മണത്തു.ചീഫ് വാര്‍ഡന്റെ അടുത്തൂടെ മാത്രമേ ഇനി പോകാന്‍ പറ്റൂ. കാല് വിറച്ചു. നെഞ്ചിടിച്ചു. വരാന്തയില്‍ അഴിച്ചിട്ട് കുളിച്ച വരെ കാണാന്‍ പ്രധാനികള്‍ എത്തിയിട്ടുണ്ട്. പുഴയിലിറങ്ങാതെ കുളിച്ച ഞങ്ങള്‍ വിയര്‍ത്തു നിന്നു .പിറകെ ഒറിജിനല്‍ കാരും എത്തി.വി ചാരണയായി. ഞങ്ങള്‍ ഇറങ്ങിയില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു.ഇവരെ ഞാന്‍ വിട്ടിട്ടില്ല എന്ന് വാര്‍ഡന്റെ മൊഴി. അത് അതിനേക്കാള്‍ പുലിവാല്. ഹൊ .... എന്റെ പടച്ചോനേ ഓരോ ദിവസവും ആണ്‍കുട്ടികളുടെ വരാന്തയിലൂടെ കോളേജില്‍ പോകുമ്പം ഭൂമിയിലേക്ക് താഴ്ന്ന് പോകണേന്ന് ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ വരാന്തയില്‍ നിന്ന് ഒരുത്തന്‍പതുക്കെ ചോദിക്കേം ചെയ്തു.... 'ന്നാലും....' ഞാനവനെ നോക്കിയ നോട്ടത്തില്‍ അവന്‍ കത്തിയിട്ടുണ്ടാവും. പിന്നവനെ കണ്ടില്ല. ഇപ്പം കഴിഞ്ഞ മാസം യതീംഖാനയില്‍ പോയിരുന്നു. തമാശയും കളിയും ചിരിയുമായി ഇരിക്കേ മറിയം ബി ചോദിച്ചു. ' സീനാ .... നമ്മളെ അഴിച്ചിട്ട കുളി ഓര്‍മണ്ടോ ...' ഞങ്ങള്‍ ഒരു പാട് ചിരിച്ചു.അന്നത്തെ ഇറങ്ങാ കുളിയുടെ ഓര്‍മയ്ക്ക് എന്റെ പര്‍ദയുമായി ഞാന്‍ നീന്തല്‍ ഹരമാക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?