കീഴ്ജാതിക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വിവാഹ തലേന്ന് മകളെ വെട്ടികൊലപ്പെടുത്തിയ നാട്ടില്‍ ഈ അച്ഛന്റെയും മകളുടേയും ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം:(www.kvartha.com 27/03/2018) മനുഷ്യ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കേരളം കേട്ടത്. കീഴ്ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെ തന്നെയാണ് കേരളം കേട്ടത്. ആ വാര്‍ത്തയ്ക്കു ശേഷം പലതരത്തിലുള്ള അഭിപ്രയ പ്രകടനങ്ങളും നമ്മള്‍ കേട്ടു. ഇപ്പോഴിതാ ആ കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഒരു അച്ഛനും മകളും.

ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന് മകള്‍ പറയുമ്പോള്‍ ജാതി, മതഭ്രാന്തുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ക്രൂരതകളില്ലെന്ന് ഓര്‍മ്മിപ്പിച്ച് അച്ഛനും.

അച്ഛന് മകളെ കൊല്ലാനാകുമോ? കീഴ്ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയിരിക്കുന്നു. ഈ സംഭവം ഒരു പെണ്‍കുട്ടിയിലുണ്ടാക്കുന്ന പ്രതികരണമാണ് ടി കെ മഞ്ജു അച്ഛന് അയച്ച ഫേസ് ബുക്ക് സന്ദേശം.

News, Thiruvananthapuram, Kerala, Facebook, Social Network, Father, Daughter, Facebook post of this father and daughter go viral

മഞ്ജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അച്ഛാ.......

ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചില്‍ കിടന്ന് കരയണം ചിരിക്കണം......

പെണ്ണായ് പിറന്നിട്ടും കെട്ടിച്ചയക്കാന്‍ മാത്രമായി വളര്‍ത്താത്തതിന് , തിരഞ്ഞെടുപ്പുകള്‍ക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും തന്നതിന്,

ജനിപ്പിച്ചു എന്നതിന്റെ പേരില്‍, ചിലവിന് തന്നു എന്നതിന്റെ പേരില്‍ ,എന്നെ സ്‌നേഹിക്കുന്നു എന്ന നാട്യത്തില്‍ എന്റെ ജീവിതവും സ്വപ്നങ്ങളും ബോധ്യങ്ങളുമാകെ തീറെഴുതി വാങ്ങാത്തതിന്

കാലിടറിയപ്പോഴെല്ലാം കൈത്താങ്ങ് തന്നതിന്. തണല്‍മരമായ് വിരിഞ്ഞ് നിന്നപ്പോഴും പൊരിവെയിലില്‍ ഇറങ്ങി നടക്കാന്‍ കരുത്തും കരുതലും തന്നതിന്

ജാതി മത ദേശ ഭേദങ്ങള്‍ക്കപ്പുറം മനുഷ്യ നെ മനുഷ്യനായ് കാണാന്‍ പഠിപ്പിച്ചതിന് അങ്ങനെ ജീവിക്കാന്‍ നട്ടെല്ലുള്ള പെണ്ണായ് വളര്‍ന്നതില്‍ സന്തോഷിച്ചതിന്

ഒരു കൈ കൊണ്ട് ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു മാത്രം എന്റെ തെറ്റുകളിലേക്ക് വിരല്‍ ചൂണ്ടിയതിന്,

അച്ഛാ.... എങ്ങനാണൊരച്ഛന് തന്റെ മകളെ കൊല്ലാനാവുക..... അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തി താഴ്ത്താനാവുക


 മകളുടെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ മകള്‍ക്ക് മറുപടിയെന്നോണം അച്ചനും ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ജാതി മത ഭ്രാന്തിനു ചെയ്യാന്‍ കഴിയാത്ത ക്രൂരതകളില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് അച്ചന്‍.

അച്ഛന്‍ നാരായണദാസന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

അച്ഛന്റെ കൊച്ചു ടോട്ടോ,
............................................

ഇന്നലെ നിന്റെ പോസ്റ്റിന് പ്രതികരിക്കാന്‍ കഴിയാതെ വന്നത് അതിന്റെ വൈകാരികതയില്‍ ഞാനറിയാതെ അലിഞ്ഞു പോയതുകൊണ്ടാണ്.

നിന്റെ തൊട്ടുപിറകെ നടന്ന്
നീ വീഴുമ്പോള്‍ താങ്ങായി
അഥവാ വീണാല്‍ തലോടി സാന്ത്വനിപ്പിച്ച്

നിന്റെ എല്ലാ കുസൃതികളേയും വികൃതികളേയും ക്ഷമയോടെ കൗതുകത്തോടെ നോക്കി നിന്ന്,
നീ വളര്‍ന്നു വന്നപ്പോള്‍ നിന്റെ ധിക്കാരങ്ങളേയും പരിഹാസങ്ങളേയും ക്ഷമയോടെ സഹിച്ച്

അസാമാന്യമായ മനസ്സാന്നിധ്യത്തോടെ നിന്റെ കൂടെത്തന്നെ നിന്ന്....
അതാരാണെന്ന് നിനക്കറിയാം.
ടോട്ടോച്ചാന്‍ എഴുതിയ ടെറ്റ് സൂക്കോ കുറോ യാ നാഗിക്ക് ജയ്‌ലില്‍ നിന്ന് ഒരു തടവുപുള്ളി പുസ്തകം വായിച്ച ശേഷം ഇങ്ങിനെ എഴുതിയ ത്രെ : 'നിങ്ങളുടെ അമ്മയെപ്പോലെ ഒരമ്മയും കാവോ ബാഷി മാഷെപ്പോലെ ഒരു മാഷും ഉണ്ടായിരുന്നെങ്കില്‍ ഞാനീ തടവറയില്‍ എത്തുമായിരുന്നില്ല.'

തന്റേടിയായ ഒരു പെണ്‍കുട്ടിയായി നിന്നെയും ഒരു തന്റേടി കുട്ടിയുടെ അച്ഛനായി എന്നെയും വളര്‍ത്തിയത് അവരാണ്. നമുക്ക് ഈ സന്തോഷവും അഭിമാനവും നല്കിയത് അവരാണ്.

പീന്നെ നിന്റെ അവസാനത്തെ ചോദ്യം: അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തിയിറക്കാന്‍ ഒരച്ഛനു കഴിയുമോ?

ഇല്ല; ഒരച്ഛനും അതു കഴിയില്ല.
ആതിരയെ കൊന്നത് ജാതിഭ്രാന്താണ്.
ജാതിഭ്രാന്തിനും മതഭ്രാന്തിനും ചെയ്യാന്‍ കഴിയാത്ത ക്രൂരതകളില്ല.

ജീവനു വേണ്ടി യാചിച്ചു നില്ക്കുന്ന കുത്തബുദ്ദീന്‍ അന്‍സാരി. വെട്ടി നുറുക്കാന്‍ കൊലവെറി പൂണ്ടു നില്ക്കുന്ന അശോക് ബക് ചി. ചിത്രം ഓര്‍മ്മയില്ലേ? രണ്ടു പേരും കണ്ണൂരില്‍ വേദി പങ്കിട്ടപ്പോള്‍ അയാള്‍ പറഞ്ഞു. 'അന്ന് എനിക്കു ഭ്രാന്തായിരുന്നു.'

അശോകിനു കുടിക്കാന്‍ കുത്തബുദ്ദീന്‍ ജലം നല്കി. അശോക് കുത്തബുദീന് ഒരു റോസാപ്പൂവും.

അശോക് സ്‌നേഹമില്ലാത്തവനല്ല; ഗുജറാത്തില്‍ വിവരണാതീതമായ ക്രൂരതകള്‍ കാട്ടിയവര്‍ സ്‌നേ ഹമില്ലാത്തവരായിരുന്നില്ല' . അവര്‍ക്കു ഭ്രാന്തു പിടിച്ചിരുന്നു'

പെഷവാറില്‍ 128 സ്‌കൂള്‍ കുട്ടികളെ വെടിവെച്ചു വീഴ്ത്തി ആ ഇളം ചോരയില്‍ അസ 47 ഉയര്‍ത്തി നൃത്തം ചെയ്ത താലിബാന്‍കാരും മനുഷ്യരായിരുന്നു! പക്ഷെമത ഭ്രാന്ത് അവരെ ചെകുത്താന്മാരാക്കിയിരുന്നു.

'അമ്പലക്കുളം ' എന്ന കവിതയില്‍ മുങ്ങിമരിക്കുന്ന മകളെ രക്ഷിക്കാന്‍ തുനിഞ്ഞവരെ വിലക്കുന്ന ഒരച്ഛനുണ്ട്. കുളവും മകളും അശുദ്ധമാവാന്‍ പാടില്ലെന്ന വാശിയായിരുന്നു ആ പിതാവിന് ' പരിഹാസ്യമായ ആ ദീനം പിടിച്ച മനസ്സ് ഇന്നും വേരറ്റുപോയിട്ടില്ല. അരീക്കാട് രാജനിലൂടെ , ജാതിയുടേയും മതത്തിനേറെയും പേരില്‍ വിദ്യേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരിലൂടെ ആ ഭ്രാന്തന്‍ മനസ്സ് ഇന്നും ജീവിക്കുന്നു '

ഉള്ളൂര്‍.-ട പരമേശ്വരയ്യരുടെ വിമര്‍ശനം പാഴായിപ്പോയിരിക്കുന്നു.. - ?!



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?