ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ല; സൗദിയില്‍ ആറ് മലയാളി സ്ത്രീകള്‍ ആത്മഹത്യയുടെ വക്കില്‍

റിയാദ്: (www.kvartha.com 28.03.2018) കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയും ശമ്പളവും ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ ആറ് മലയാളി സ്ത്രീകള്‍ ആത്മഹത്യയുടെ വക്കില്‍. കരാറുകാരന്‍ ചതിച്ചതാണ് ഇവരെ ദുരിതത്തിലാക്കിയത്. നാട്ടിലെത്തിക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്ന ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നുമായിട്ടില്ലെന്നും തങ്ങളെ സഹായിക്കണമെന്നുമാവശ്യപ്പെട്ടുള്ള വീഡിയോ ആണ് പുറത്തുവന്നത്. തൊഴില്‍ നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നും മരുന്നിനോ ഭക്ഷണത്തിനോ വകയില്ലെന്നും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. നാട്ടിലെത്തിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏകമാര്‍ഗമെന്നും പറഞ്ഞ് വിലപിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.

No job and pay for one year; Six Malayali women suicide threatened in Saudi, Riyadh, News, Video, Suicide Attempt, Social Network, Saudi Arabia, Gulf, World

ആലപ്പുഴ സ്വദേശി ഗീതമ്മ, നിലമ്പൂര്‍ സ്വദേശി ഹൈറുന്നിസ, കോതമംഗലം സ്വദേശി ശ്രീദേവി, പത്തനംതിട്ട സ്വദേശി മിനി, തിരുവനന്തപുരം സ്വദേശി ഗീത, അഞ്ജലി എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. നാല് കൊല്ലം മുമ്പ് ആശുപത്രി ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ് ഇവരെ ഏജന്റ് സൗദിയിലെത്തിച്ചത്. 800 റിയാലായിരുന്നു വാഗ്ദാനം ചെയ്ത ശമ്പളം. ആദ്യത്തെ രണ്ടു വര്‍ഷം വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയി. എന്നാല്‍ അവധി കഴിഞ്ഞു തിരിച്ചെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇവരുടെ ഏജന്‍സിയ്ക്ക് ആശുപത്രിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതാണ് തിരിച്ചടിയായത്.

അതോടെ ഇവരുടെ ദുരിതവും ആരംഭിച്ചു. തുടക്കത്തില്‍ 53 തൊഴിലാളികള്‍ ഉണ്ടായിരുന്ന കമ്പനിയില്‍ അവധിക്കു നാട്ടില്‍ പോയശേഷം പലരും തിരിച്ചെത്തിയില്ല. എന്നാല്‍ കമ്പനിയുടെ പ്രലോഭനങ്ങളില്‍ വഴങ്ങിയാണ് തങ്ങള്‍ തിരിച്ചെത്തിയതെന്നും ഇവര്‍ പറയുന്നു. തിരിച്ചെത്തിയാല്‍ ശമ്പളം വര്‍ധിപ്പിക്കുമെന്നും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുമെന്നുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് ഇവര്‍ മടങ്ങിയെത്തിയതെന്നും വീഡിയോയില്‍ പറയുന്നു.

ഇതിനിടെ സ്‌കൂളുകളിലും ഓഫീസുകളിലുമായി കുറച്ചുദിവസം ജോലി ചെയ്‌തെങ്കിലും ശമ്പളം കിട്ടിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയാണ്. ഭക്ഷണത്തിന് ഒരു റിയാല്‍ പോലും കമ്പനിയില്‍ നിന്നും ലഭിക്കുന്നില്ലെന്നും നാട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അക്കാമ കാലാവധി കഴിഞ്ഞിട്ട് ഇപ്പോള്‍ എഴു മാസം പിന്നിട്ടു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പുറത്തിറങ്ങാനും കഴിയുന്നില്ല.

തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. കേരള മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആശ്വാസകരമായ ഒരു മറുപടിയും ഇതുവരെ ഇവര്‍ക്ക് ലഭിച്ചില്ല. തങ്ങളെ വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സൗദിയിലെ പ്രവാസി മലയാളികളുടെ സംഘടകര്‍ക്കും ഇവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരെ ആരെയും നേരില്‍ കാണാന്‍ കഴിയാത്തത് തിരിച്ചടിയായിരിക്കയാണ്.

സഹായിച്ചില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്നും ഇവര്‍ ഇന്ത്യന്‍ എംബസിക്കയച്ച അപേക്ഷയില്‍ പറയുന്നുണ്ട്. നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന ഇവരുടെ മക്കളടക്കമുള്ള കുടുംബങ്ങള്‍ പലരും രോഗികളാണെന്നും ഇവരെ ഒരു നോക്ക് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചുവെന്നും പറഞ്ഞാണ് ഇവര്‍ വിലപിക്കുന്നത്.

Keywords: No job and pay for one year; Six Malayali woman suicide threatened in Saudi, Riyadh, News, Video, Suicide Attempt, Social Network, Saudi Arabia, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?