സിറിയ കത്തുന്നു; അലൈന്‍ കുര്‍ദിയും ഇമ്രാന്‍ ദിഖ്നിശും പുനര്‍ജനിക്കുന്നു

സഫ് വാന്‍ അരിയില്‍

(www.kvartha.com 01.03.2018) ലോകത്തിലെ ഏറ്റവും വലിയ സമ്പത്താണ് മാനവ വിഭവ ശേഷി. കാരണം ജനങ്ങളുടെ അഭാവം രാജ്യത്തിന്റെ അഭാവമാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്കും അഖണ്ഡതയ്ക്കും മാനവ വിഭവ ശേഷിയോളം കിടപിടിക്കുന്ന മറ്റൊന്നുണ്ടാവില്ല. പ്രത്യേകിച്ച് യുവ സമൂഹം. രക്തത്തിളപ്പിന്റെ സമയത്തു എന്തിനും പാകപ്പെടാന്‍ അവര്‍ക്ക് കഴിയും. യുവാക്കളുടെ അഭാവം പുരോഗതിക്ക് മങ്ങലേല്‍പ്പിക്കുമെന്നത് തീര്‍ച്ചയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. 'നാമൊന്ന് നമുക്കൊന്ന്' എന്ന ആയുക്തമായ പരിഷ്‌കാരം നടപ്പിലാക്കിയപ്പോള്‍ യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഖേദകരമെന്ന് പറയട്ടെ വൃദ്ധന്മാരുടെ ആധിക്യം കൊണ്ട് പൊറുതി മുട്ടുകയും സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തു. നയം തിരുത്താനുള്ള നെറികേട്‌ലേക്ക് അവരെ ചെന്നെത്തിച്ചു.

Ameer Alhalbi/Agence France-Presse — Getty Images

യുദ്ധം ലോകത്ത് സൃഷ്ടിക്കുന്നത് നേട്ടങ്ങളല്ല. കോട്ടങ്ങളാണ്. കഴിഞ്ഞ കാലങ്ങളില്‍ ലോകത്ത് നടന്ന യുദ്ധങ്ങളുടെ ദാരുണമായ ചുറ്റുപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. പ്രവിശാലമായ ഭൂമിയില്‍ അതിര്‍ത്തികള്‍ നിശ്ചയിച്ചപ്പോഴാണ് രാജ്യങ്ങളും ദ്രുവങ്ങളും രൂപപ്പെട്ടത്. ഒരു രാജ്യത്തിന്റെ അധികാരം കിട്ടിയാല്‍ പോലും മനുഷ്യന്റെ ആര്‍ത്തിക്ക് അറുതി വരുന്നില്ല. അയല്‍ രാജ്യങ്ങളെയും തന്റെ അധീനതയില്‍ കീഴിലൊതുക്കണമെന്ന അത്യാര്‍ത്തിയാണ് മനുഷ്യനെ യുദ്ധങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വഴി നടത്തുന്നത്.

സിറിയ! ഇന്ന് ലോകത്തിന്റെ നോവായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്ന വീഡിയോകളും ഫോട്ടോകളും മനുഷ്യത്വമുള്ളവരുടെ ഹൃദയം പിളര്‍ക്കുന്നു. 2011 ലെ 'മുല്ലപ്പൂ വിപ്ലവ'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണ മാറ്റ പരമ്പരകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയിലാണ് സിറിയയിലും കലാപം തുടങ്ങുന്നത്. മനുഷ്യന്റെ രക്തത്തിന് വില കല്‍പിക്കാതെ അധികാരത്തില്‍ ആര്‍ത്തി പൂണ്ട വന്‍ ശക്തികള്‍ തമ്മിലുള്ള കിട മത്സരമാണ് സത്യത്തില്‍ സിറിയയെ ഈ ദയനീയാവസ്ഥയിലേക്ക് ചെന്നെത്തിച്ചത്. വന്‍ ശക്തികളുടെ രാഷ്ട്രീയ വടം വലിയിലും തീവ്രവാദികളുടെ മനുഷ്യത്വ രഹിതമായ അറുംകൊലകളിലും അധികാരം കാത്ത് സൂക്ഷിക്കാനായി സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന ആക്രമണത്തിന്റെ നേര്‍ ചിത്രമാണ് തകര്‍ന്നു തരിപ്പണമായ സിറിയ ലോകത്തിന് മുമ്പില്‍ വിളിച്ച് പറയുന്നത്.

മാത്രമല്ല, 2011 ല്‍ ആരംഭിച്ച യുദ്ധം 2016 വരെ തുടര്‍ന്നു. സിറിയയുടെ ഒരു പ്രദേശവും സുരക്ഷിതമല്ല. ഇവിടെ പിടഞ്ഞു വീഴുന്ന മനുഷ്യ കോലങ്ങള്‍ക്ക് മൃഗത്തിന്റെ വില പോലും വകവെച്ചു കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. 2011 മുതല്‍ 2016 വരെ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ കണക്കുകള്‍ യു എന്‍ വിവരിച്ചത് ഇങ്ങനെയാണ്. നാല് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു, പകുതിയില്‍ അധികം പേരും മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇത് ഏകദേശ കണക്കു മാത്രം. ബോംബ് സ്ഫോടനങ്ങളും അനുബന്ധ ദുരന്തങ്ങളും ഇവിടെ നിത്യ സംഭവമാണ്.

എന്നാല്‍ മനുഷ്യന്റെ നിസ്സഹായവസ്ഥയും കണ്ണീരും അനവധി ദുരവസ്ഥകളും കണ്ണ് തുറപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഒട്ടും ചോര്‍ച്ച സംഭവിക്കാതെ ദൃശ്യവത്കരിക്കാന്‍ ചിത്രങ്ങള്‍ക്ക് സാധിച്ചേക്കും. വിയറ്റ്നാം യുദ്ധത്തില്‍ ബോംബിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അഭയം തേടി നഗ്നയായി ഓടുന്ന ബാലികയും പട്ടിണി മൂലം മരണാസന്നനായി കിടക്കുന്ന കുഞ്ഞിനരികെ ഊഴം കാത്തു നില്‍ക്കുന്ന കഴുകന്റെ ചിത്രവും ലോകത്തെ കരയിപ്പിക്കുന്നതായിരുന്നു. സിറിയയുടെ മണ്ണിലും ഇത്തരത്തില്‍ രണ്ടു പൈതങ്ങള്‍ ക്യാമറ കണ്ണിന്റെ പിടിയിലൊതുങ്ങിയത് ലോകം മുഴുവനും ദര്‍ശിച്ചതാണ്.

ഇസിലും സര്‍ക്കാറും സേനയും പേരുള്ളതും ഇല്ലാത്തതുമായ സായുധധാരികളും സാമ്രാജ്യത്വ കഴുകന്മാരും വംശീയ വെറിയന്മാരും സൈ്വരവിഹാരം നടത്തി തരിപ്പണമാക്കിയ സിറിയയിലെ കൊബാനി പ്രവിശ്യയില്‍ നിന്നാണ് അബ്ദുല്ല കുര്‍ദ്ധിയുടെ കുടുംബം പലായനം ചെയ്തത്. അത്യധികം അപകടം നിറഞ്ഞ ആ നരക യാത്ര അബ്ദുല്ല കുര്‍ദ്ധിയുടെ പിഞ്ചു മകന്‍ ഐലന്‍ കുര്‍ദ്ധിയുടെ അനന്തമായ ഉറക്കില്‍ പര്യവസാനിച്ചു. ഐലന്‍ കുര്‍ദി എന്ന പിഞ്ചോമന മണലില്‍ മുഖം കമിഴ്ത്തി നിദ്രയിലാണ്ടത് പോലെ ആര്‍ത്തലച്ച് വരുന്ന കടലിന്റെ തീരത്ത് അന്ത്യശ്വാസം വലിച്ച ചിത്രം മനുഷ്യത്വം മരവിക്കാത്തവരുടെ ഉള്ളകത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അതേ സമയത്താണ് മറ്റൊരു പിഞ്ചോമനയുടെ കരളലയിക്കുന്ന ചിത്രം കണ്ട് ലോകം ഞെട്ടിയത്. ഇമ്രാന്‍ ദിഖ്‌നിഷ് എന്ന അഞ്ചു വയസ്സുകാരന്‍. സിറിയയിലെ ആലപ്പൊ നഗരത്തില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നെറ്റിയില്‍ നിന്ന് ചോര മുഖത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ദേഹം മുഴുവന്‍ വെളുത്ത നിറമുള്ള പൊടി കൊണ്ട് നിറഞ്ഞിട്ടുണ്ട്. ആംബുലന്‍സിന്റെ പിന്‍ സീറ്റില്‍ തനിച്ചിരിക്കുമ്പോഴും ഒരിറ്റ് കണ്ണ് നീര് പോലും ഉതിര്‍ന്നു വീണില്ല. ഭയാനകമായ നിസ്സംഗത.

മാത്രമല്ല, സിറിയയെ കുറിച്ച് ചര്‍ച്ചകള്‍ തകൃതിയായി വിവിധ ഇടങ്ങളില്‍ നടന്നു. പക്ഷേ, ഈ മനുഷ്യരുടെ ജീവിതത്തിനോ സാഹചര്യങ്ങള്‍ക്കോ മാറ്റമില്ല. ഒരു പക്ഷെ ഈ ചിത്രം പകര്‍ത്തിയ മുസ്ത്വഫ അല്‍ സറൂത്തി എന്ന വ്യക്തി കരുത്തിയിരിക്കില്ല ഈ ചിത്രങ്ങള്‍ ലോകത്തെ പിടിച്ച് കുലുക്കുമെന്ന്. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന് അറുതി വരുമെന്ന ലോകത്തിന്റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി സിറിയ വീണ്ടും യുദ്ധ വെറിയന്മാരുടെ കരാളഹസ്തങ്ങളിലമരുന്ന കാഴ്ചയാണ് വീണ്ടും നാം കഴിഞ്ഞ ദിവസങ്ങളില്‍ അറിഞ്ഞത്. ഒരാഴ്ചയായി ബഷര്‍ സൈന്യം വിമത നഗരമായ കിഴക്കന്‍ ഗൂദയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 2500 ലേറെ പേര്‍ക്ക് പരിക്കേറ്റു. അന്തിയുറങ്ങുന്ന പുരയിടങ്ങള്‍ ചാമ്പലാക്കി. പാവപ്പെട്ടവരുടെ ജീവന് വിലയില്ല. 'കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന' അവസ്ഥയാണ് ലോകത്ത് നടക്കുന്നത്. ഒടുവില്‍ ലോക നേതാക്കളുടെ ഇഴ കേറിയ ചര്‍ച്ചക്ക് ശേഷം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. പക്ഷെ, പിറ്റേന്ന് തന്നെ ബഷാറിന്റെ സൈന്യം വെടിയുതിര്‍ത്ത് മുഖം വികൃതമായി.

ഈ ചിത്രങ്ങളൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത് മാനവ വിഭവ ശേഷിയുടെ ഉന്മൂലനം ലോകത്തിന്റെ ഉന്മൂലനത്തിലേക്ക് നയിക്കുമെന്നതാണ്. 'ഒരു വസ്തു മോഷമാവുമ്പോള്‍ മറ്റൊന്നിന് വളമാവു'മെന്ന് പറഞ്ഞത് പോലെ ഇതര രാജ്യങ്ങളെ പിടിച്ചടക്കാന്‍ യുദ്ധങ്ങള്‍ അനിവാര്യമാണ്. യുദ്ധമുണ്ടാവുമ്പോള്‍ മനുഷ്യ, വസ്തു ധന നഷ്ടങ്ങള്‍ സ്വാഭാവികമാണ്. അതില്‍ 'വിലപിക്കേണ്ടതില്ല'! എന്ന കാടന്‍ ആശയത്തിലേക്കാണ് ഇവര്‍ നമ്മെ ചിന്തിപ്പിക്കുന്നത്. മരിച്ചു വീഴുന്ന മനുഷ്യ പേകോലങ്ങള്‍, തരിപ്പണമാവുന്ന കെട്ടിടങ്ങള്‍, ആശുപത്രികള്‍, മറ്റ് നാശ നഷ്ടങ്ങള്‍ ചരിതത്തില്‍ നിന്ന് ചവറ്റു കൊട്ടയിലേക്ക് പുറം കാല്‍ കൊണ്ട് തള്ളിയിടുന്നു. ആര്‍ക്കും പരാതി ഇല്ല, പരിഭവമില്ല. കാരണം എല്ലാം തീരുമാനിക്കുന്നത് കയ്യൂക്കുള്ളവന്‍ മാത്രം. പാവങ്ങള്‍ കാഴ്ചക്കാരായി ഗ്യാലറിയില്‍ നില്‍ക്കണം. കിട്ടിയത് വാങ്ങി മൃതിയടണം.

ഈ അവസ്ഥ വിശേഷത്തിലേക്ക് സിറിയയെ താരം താഴ്ത്തിയ മുഴുവന്‍ സാമ്രാജ്യത്വ കഴുകന്മാരോടും ഇമ്രാന്‍ ദിഖ്നിഷിനും ഐലന്‍ കുര്‍ദിക്കും ചിലത് പറയാനുണ്ട്. 'അല്ലയോ മനുഷ്യ മൃഗങ്ങളെ... ഞങ്ങളെ അന്ത്യ നിദ്രയിലേക് വലിച്ചെറിഞ്ഞത് നിങ്ങളുടെ ആര്‍ത്തി പൂണ്ടതും എത്ര കിട്ടിയാലും മതിയാവാത്ത കൊടും ദ്രാഷ്ട്യവുമാണ്. പൊറുക്കില്ലൊരിക്കലും. മറക്കില്ലൊരിക്കലും. ഇനിയെങ്കിലും ഞങ്ങളുടെ സോദരങ്ങളെ വെറുതെ വീടുമോ?!ജീവിക്കാനനുവദിക്കുമോ?!യുദ്ധം വല്ലായ്മകളും പോരായ്മകളുമല്ലാതെ പിന്നെന്ത് നേട്ടമാണ് നിങ്ങള്‍ക്ക് നേടിത്തന്നത്. നിങ്ങള്‍ മരിക്കാതെ അവശേഷിക്കുന്ന ദൈവമാണോ, അതല്ല ബുദ്ധിയും വിവേകവുമുള്ള മനുഷ്യ ജന്മങ്ങളാണോ? ഞങ്ങളുടെ ഈ മരണത്തില്‍ നിന്ന് മനുഷ്യരുടെ നിസ്സഹായവസ്ഥയും ബാലഹീനതയും എന്ത് കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ ഉള്‍കൊള്ളാന്‍ മാത്രം പാകമായില്ല?'

ഇമ്രാനും കുര്‍ദിയും സ്വര്‍ഗത്തില്‍ മാലാഖമാരോടൊപ്പം പാറി കളിക്കുന്നുണ്ടാവും. നവ സിറിയയുടെ നിശ്ചലാവസ്ഥയും കണ്ണീരും അവരുടെ ആത്മാക്കള്‍ കാണുന്നുണ്ടാവും....എന്നാണ് ലോകം മനസ്സിലാക്കുന്നത്. അധികാരികളെ...,കണ്ണ് തുറക്കൂ' പച്ചയായ വിലാപങ്ങളും സഹതാപങ്ങളും ദുരിതാശ്വാസത്തിന്റെ കൈ നീട്ടലുകളെയുമല്ല സിറിയ ആവശ്യപ്പെടുന്നത്. അഭിമാനകരമായ നില നില്‍പ്പിലേക്കും അന്തസ്സിലേക്കും രാജ്യം ഉണരണം. പക്വതയും പാകതയുമുണ്ടായിരുന്ന പൂര്‍വ സിറിയന്റെ പ്രതാപവും മുഖച്ഛായയും തിരിച്ചു പിടിക്കാനുള്ള ചുവടു വെപ്പുകള്‍ക്ക് നാന്ദി കുറിക്കണം...അതിന് രാജ്യങ്ങള്‍ പരസ്പരം സ്‌നേഹത്തോടെ കൈ കോര്‍ക്കണം...

(ദേളി സഅദിയ്യ ദഅ്‌വ കോളജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Syria, Trending, Warning, Death, Children, Safwan Ariyil.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?