ശുഹൈബ് വധക്കേസ് പ്രതികളും ജയിലില്‍ വി.ഐ.പികള്‍
കണ്ണൂര്‍ (www.evisionnews.co): ശുഹൈബ് വധത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുമ്പോഴും ജയിലില്‍ കഴിയുന്ന പ്രതികള്‍ പാര്‍ട്ടിക്ക് വി.ഐ.പികള്‍ തന്നെ. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. ഇതോടെ അറസ്റ്റിലായ സി.പി.എം സൈബര്‍ പോരാളി ആകാശ് ജയിലധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുമ്പ് മറ്റ് രാഷ്ട്രീയ അക്രമകേസുകളില്‍ റിമാന്‍ഡിലായപ്പോഴും പാര്‍ട്ടി സ്വാധീനത്തിന്റെ ബലത്തില്‍ ആകാശ് ജയിലില്‍ ഇതേരീതിയിലാണ് പെരുമാറിയതെന്ന് ജയിലുദ്യോഗസ്ഥര്‍ പറയുന്നു.
നവസഖാക്കള്‍ക്കിടയില്‍ വലിയൊരു സുഹൃദ് വലയത്തിനുടമയാണ് ആകാശ്. ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യം ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം നേതാക്കള്‍ നിഷേധിച്ചെങ്കിലും പിന്നീട് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അതു തിരുത്തിപ്പറഞ്ഞു. ഇപ്പോള്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ദിവസവും ആകാശിനെയും അറസ്റ്റിലായ മറ്റു പ്രതികളെയും കാണാനെത്തുന്നത്. അതിനിടെ കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ ആകാശ് അടക്കമുള്ള പ്രതികളെ രണ്ടുതവണ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. പാര്‍ട്ടിക്കായി കൊല നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് ഒരു കുറവും നേതൃത്വം വരുത്താറില്ല.
പ്രതികള്‍ക്കുള്ള നിയമ സഹായവും പാര്‍ട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. ശുഹൈബ് വധക്കേസിലെ പ്രതികളുടെ കുടുംബത്തിനു വേണ്ടിയുള്ള പരസ്യ സാമ്പത്തിക സമാഹരണമടക്കമുള്ള കാര്യങ്ങളിലേക്ക് കൂടി പാര്‍ട്ടി കടക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്ക് ജയില്‍ അധികൃതരെയും പോലീസിനെ സ്വാധീനിച്ച് റിമാന്‍ഡ് -വിചാരണാ സമയത്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു പതിവുള്ളതാണ്.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ സംരക്ഷിക്കില്ലെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന പാലിക്കാതിരുന്നാല്‍ കണ്ണൂരില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുമെന്നതിനാലാണിത്. നേരത്തേ മറ്റു അക്രമകേസുകളില്‍പെട്ടപ്പോഴും ആകാശിന് എല്ലാ പിന്തുണയും നല്‍കിയത് പാര്‍ട്ടി നേതൃത്വമാണ്. ജയില്‍ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി സി.പി.എം തടവുകാര്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്സ നല്‍കിയത് അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment