എന്‍. പ്രഭാകരന്‍: എഴുത്തിന്റെ രാഷ്ട്രീയം
അഭിമുഖം
മധൂര്‍ ഷെരീഫ്
മധൂര്‍ ഷെരീഫ്
(www.kvartha.com 10.03.2018) കഥാകൃത്ത് സക്കറിയ മുമ്പേ രേഖപ്പെടുത്തിയത് പോലെ, എന്‍. പ്രഭാകരനോ അദ്ദേഹത്തിന്റെ കഥകള്‍ക്കോ അവതാരികയോ പരിചയപ്പെടുത്തലോ ഇന്ന് ആവശ്യമില്ല. എഴുത്തില്‍ സാഹിത്യത്തിന്റെ സാമ്പ്രദായികമായ കല്‍പിതരൂപങ്ങള്‍ ഒരു പരിധിവരെ തകര്‍ത്ത കഥയെഴുത്തുകാരനായ എന്‍. പ്രഭാകരന്‍ യഥാര്‍ത്ഥമായ കഥയുടെ പുതിയ ഭൂപടവും, ജീവിതവും സൃഷ്ടിച്ച പ്രതിഭയാണ്. ഈ അഭിമുഖത്തില്‍ തന്റെ എഴുത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചും, ജീവശാസ്ത്രത്തെക്കുറിച്ചും, എഴുത്ത് എന്ന സാംസ്‌കാരിക ജൈവികതയുടെ രാഷ്ട്രീയത്തെക്കുറിച്ചുമാണ് എന്‍. പ്രഭാകരന്‍ സംസാരിക്കുന്നത്.
? 'ഒറ്റയാന്റെ പാപ്പാന്‍' എന്ന ചെറുകഥയിലൂടെയാണ് താങ്കള്‍ കഥയെഴുത്തിലേക്ക് കടന്നു വന്നത്. ആധുനികതയുടെ കാലത്തെഴുതിയ ഈ കഥ മുതല്‍ ഏറ്റവും അവസാനമെഴുതിയ കഥവരെയുള്ള താങ്കളുടെ എഴുത്ത് ജീവിതത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഉ: 1971 ലാണ് ഒറ്റയാന്റെ പാപ്പാന്‍ എന്ന കഥ വരുന്നത്. എന്‍. പ്രഭാകരന്‍ എന്ന പേരില്‍ വരുന്ന ആദ്യത്തെ കഥയാണത്. ഇത്രയും വര്‍ഷക്കാലത്തിനിടയില്‍ സ്വാഭാവികമായും എന്റെ കഥ ഒരുപാട് പരിണമിച്ചിട്ടുണ്ടാകും. ഓരോ കാലത്തും മലയാള കഥയുടെ രൂപസങ്കല്‍പ്പത്തില്‍ വരുന്ന മാറ്റങ്ങള്‍, കഥയ്ക്കാവശ്യമുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, പിന്നെ ഞാന്‍ തന്നെ വരുത്തുന്ന മാറ്റങ്ങള്‍ ഒക്കെ എന്റെ കഥയെഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാകും. ഇതിന്റെ പ്രതിഫലനങ്ങള്‍ സ്വാഭാവികമായിട്ടും എന്റെ കഥയിലും ഉണ്ടാകും.
? നോവലില്‍ വേറിട്ട ശബ്ദം രേഖപ്പെടുത്തിയ എഴുത്തുകാരനാണ് താങ്കള്‍, 'ഏഴിനും മീതെ', പുലിജന്മം തുടങ്ങിയ വാമൊഴി കഥകളുമായി ബന്ധപ്പെട്ട രചനകള്‍, ജനകഥ, തീയൂര്‍ രേഖകള്‍, ക്ഷൗരം തുടങ്ങിയ പ്രാദേശിക ഭൂപട ജീവിതങ്ങളുടെ നിര്‍മിതി. എങ്ങിനെയാണ് താങ്കള്‍ നോവലെഴുത്തിനെ കാണുന്നത്?
ഉ: പുലിജന്മം നാടകമാണ്. അത് പിന്നീട് പ്രിയനന്ദനന്‍ സിനിമയാക്കി. ഞാന്‍ നോവലെഴുതുമ്പോഴും കഥയെഴുതുമ്പോഴുമൊക്കെ മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഇതിവൃത്തത്തിന്റെ കാര്യത്തിലും രൂപത്തിന്റെ കാര്യത്തിലുമൊക്കെ ആ നിര്‍ബന്ധം ഞാന്‍ പരമാവധി പുലര്‍ത്തിപ്പോന്നിട്ടുണ്ട്. 'ഏഴിനും മീതെ', കതിവന്നൂര്‍ വീരന്റെ പുരാവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ നോവലാണ്. അത് ഞാന്‍ ഒരു പരീക്ഷണം എന്ന നിലയിലാണ് ചെയ്തിട്ടുള്ളത്. പരീക്ഷണം എന്ന് പറഞ്ഞാല്‍ കേവല പരീക്ഷണം അല്ല. സാധാരണയായി നമ്മള്‍ ഇതിഹാസങ്ങളിലെ കഥാവസ്തുക്കളെ സ്വീകരിച്ച് നോവലെഴുതാറുണ്ട്. എം.ടി. വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' വരെയുള്ള നോവലുകള്‍ അങ്ങനെ വന്നതാണ്. നമ്മുടെ വടക്കന്‍ കേരളത്തിലെ പ്രാദേശിക ഇതിവൃത്തങ്ങള്‍, ഫോക്ക് ഇതിവൃത്തങ്ങള്‍ സ്വീകരിച്ചു കൊണ്ട് നോവലെഴുതുക എന്നതില്‍ ഒരു വെല്ലുവിളിയുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തിയത്. പ്രാദേശിക ഇതിവൃത്തങ്ങള്‍ക്കും ഫോക് ദൈവങ്ങളുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങള്‍ക്കുമുള്ള ഒരു പ്രത്യേകത, അവ മതത്തിന്റെയൊ വരേണ്യ പാരമ്പര്യ സംസ്‌കാരത്തിന്റെയോ വേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയല്ല എന്നതാണ്. അവ വളരെ ജനകീയമായിട്ടുള്ള ഇതിവൃത്തങ്ങളാണ്. സാധാരണ മനുഷ്യരുടെ ജീവിതസമരങ്ങളാണ് അവയില്‍ വിഷയമായി വരുന്നത്. ഈ മനുഷ്യര്‍ പിന്നീട് ഒരു ഘട്ടം കഴിയുമ്പോള്‍ ദൈവപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ടെന്നത് ശരി തന്നെ പക്ഷെ, അപ്പോഴും അവര്‍ മനുഷ്യര്‍ തന്നെയാണ്. കതിവന്നൂര്‍ വീരനെ നോക്കുക. അയാള്‍ ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ സംഘര്‍ഷങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ഭാര്യയുമായിട്ടുള്ള കലഹം കുടകില്‍ താന്‍ താമസിക്കുന്നതിനടുത്ത പ്രദേശത്തെ അസൂയാലുക്കളായ എതിരാളികളുമായുള്ള സംഘര്‍ഷം, ഇങ്ങനെയുള്ള സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാവുന്ന എല്ലാ ജീവിത പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്ന ഒരു മനുഷ്യന്‍ തന്നെയാണ് കതിവന്നൂര്‍ വീരന്‍. പൊരുതി മരിച്ച കതിവന്നൂര്‍ വീരനോട് മരണാനന്തരം ആളുകള്‍ക്ക് തോന്നുന്ന അതിയായ ആദരവും പ്രത്യേക തരത്തിലുള്ള സഹഭാവവുമൊക്കെ അദ്ദേഹത്തെ ദൈവപദവിയിലേക്ക് ഉയര്‍ത്തുന്നു എന്നു മാത്രമേ ഉള്ളൂ. അങ്ങനെയുള്ള സാധാരണ മനുഷ്യരുടെ, സാധാരണ ജനങ്ങള്‍ ദൈവപദവിയിലേക്ക് ഉയര്‍ത്തിയിട്ടുള്ള മനുഷ്യരുടെ കഥകള്‍ ഇതിവൃത്തമായി സ്വീകരിച്ച് എഴുതേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് 'ഏഴിനും മീതെ' എഴുതിയത്. പക്ഷെ, അത് വളരെ ചെറിയൊരു നോവലാണ്. വാസ്തവത്തില്‍ അത് ഒരു വലിയ നോവലായി ഇപ്പോള്‍ എന്റെ മനസ്സിലുണ്ട്. കതിവന്നൂര്‍ വീരന്‍ എന്ന മന്ദപ്പന്‍ ജീവിച്ചിരുന്ന പത്ത് ഇരുനൂറ്റമ്പത് അല്ലെങ്കില്‍ മുന്നൂറ് വര്‍ഷക്കാലം മുമ്പുള്ള വടക്കന്‍ കേരളത്തിന്റെ ഭൂപ്രകൃതി, ആ കാലത്തെ ജീവിതം, കേരളത്തിലെയും കുടകിലെയും ജീവിതം, അതിന്റെ വിശദാംശങ്ങളൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് അതിനെയെല്ലാം പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ഒരു വലിയ മനുഷ്യ ജീവിത കഥ എഴുതുക എന്നത് ഒരു സ്വപ്നമായിട്ട് ഞാനിപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. അത് സാധിക്കും എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
ഫോക്‌ലോര്‍ എന്ന പഠനശാഖ രൂപപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഫോക് ഇതിവൃത്തങ്ങളില്‍ ഉള്ള താല്‍പര്യം എന്നില്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. കുറച്ച് വര്‍ഷങ്ങളേ ഫോക്‌ലോര്‍ നമ്മുടെ നാട്ടില്‍ ഒരു പഠനശാഖയായി വികസിച്ചുവന്നിട്ട്. അതിനു മുമ്പേ തന്നെ പലരും നാട്ടുവഴക്കങ്ങളെപ്പറ്റിയും നാടന്‍കലകളെപ്പറ്റിയുമെല്ലാം അന്വേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഫോക്‌ലോര്‍ പഠനവുമായുള്ള എന്റെ ബന്ധം ഒരുതരത്തില്‍ പറഞ്ഞാല്‍ യാദൃച്ഛികമായി സംഭവിച്ചതാണ്. ഒരുകാലത്ത്,അതായത് 1975-77 കാലത്ത് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. കേരള യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്ര വിഭാഗത്തിലാണ് ഞാന്‍ ഗവേഷണം നടത്തിയത്. അന്നവിടെ പൊതുവെ വിവരണാത്മക പഠനങ്ങളാണ് നടന്നിരുന്നത്. എന്നാല്‍ ഗവേഷണത്തിന് അന്ന് ഞാനെടുത്തവിഷയം കണ്ണൂര്‍ ജില്ലയിലെ സ്ഥലനാമങ്ങള്‍ എന്നതാണ്. അന്നത്തെ കണ്ണൂര്‍ ജില്ല ഇന്നത്തെ വടക്കേ വയനാടും കാസര്‍കോട് ജില്ലയും കൂടി ഉള്‍പ്പെടുന്ന ജില്ലയാണ്. അതുകൊണ്ട് വളരെ വലിയ ജില്ലയാണത്. ആ ഗവേഷണത്തിനായി ഞാന്‍ ഏതാണ്ട് ഒന്ന് രണ്ട് വര്‍ഷത്തോളം പഠനം നടത്തിയിരുന്നു. പിന്നെ ഒരു ജോലി കിട്ടി തല്‍ക്കാലം അത് നിര്‍ത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി കുറേ സഞ്ചരിച്ചിരുന്നു. ഓരോ സ്ഥലപ്പേരിനും ഒരു ഫോക്എറ്റിമോളജിയുണ്ടാകും. ഒരു പ്രാദേശിക നിരുക്തി. സാധാരണ ജനങ്ങള്‍ ഓരോ സ്ഥലപ്പേരിനും അവരുടേതായിട്ടുള്ള അര്‍ത്ഥം കല്‍പ്പിച്ച് വെച്ചിട്ടുണ്ടാകും. അര്‍ത്ഥവുമായി ബന്ധപ്പെട്ട് ഒരു കഥയും അവരുണ്ടാക്കിയിട്ടുണ്ടാകും, അത് ശേഖരിച്ച് തുടങ്ങിയ ഘട്ടത്തിലാണ് വാസ്തവത്തില്‍ ഞാന്‍ ഫോക്‌ലോര്‍ എന്ന് പറയുന്ന മേഖലയുമായി ബന്ധപ്പെട്ടു തുടങ്ങുന്നത്. അന്ന് ഫോക്‌ലോര്‍ ഒരു പഠനശാഖയായി വിദേശങ്ങളില്‍ ഉരുത്തിരിഞ്ഞെങ്കിലും നമ്മുടെ നാട്ടില്‍ ആളുകള്‍ അത് അങ്ങനെ പരിചയിച്ചിരുന്നില്ല. ഞാനും പരിചയിച്ചിരുന്നില്ല. കുറച്ചുകഴിഞ്ഞതിനു ശേഷമാണ് ഫോക്‌ലോര്‍ എന്ന പഠന മേഖലയെ ഞാന്‍ കുറച്ചെങ്കിലും അടുത്തറിയുന്നത്. അതിന് മുമ്പേ തന്നെ ആ മേഖലയുമായി ബന്ധപ്പെടുകയും അനുഭവങ്ങള്‍ സ്വാംശീകരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതുകൊണ്ട് ഫോക്ലോര്‍ എനിക്ക് സ്വന്തം സ്ഥലമെന്ന പോലെ തോന്നി. ഫോക് ഇതിവൃത്തം സ്വീകരിക്കുക എന്നു പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം ജന്മ ഗൃഹത്തിലേക്ക് പോകുന്നതുപോലുള്ള സംഗതിയാണ്.
? മലയാളത്തില്‍ വടക്കന്‍ കേരളത്തിന്റെ നിരവധി ഫോക്‌ലോര്‍ മാതൃകകള്‍ കഥയെഴുത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ താങ്കള്‍ സ്വീകരിക്കുന്ന ഫോക്‌ലോര്‍ വിഷയം വേറിട്ട് നില്‍ക്കുന്നു. എന്താണ് താങ്കളുടെ എഴുത്തിലെ ഫോക്‌ലോര്‍ കാഴ്ചപ്പാട്?
ഉ: കാഴ്ചപ്പാട് വളരെ യാദൃച്ഛികമായി, അല്ലെങ്കില്‍ എഴുത്തിനിടയില്‍ രൂപപ്പെട്ട് വരുന്നതാണ്. മുന്‍കൂട്ടി ഒരു കാഴ്ചപ്പാടുണ്ടാക്കി ഇതിവൃത്തത്തെ അതിന് പാകത്തില്‍ ചെത്തിയെടുക്കുകല്ല ചെയ്യുന്നത്. ഒരു ഫോക് ഇതിവൃത്തം സ്വീകരിച്ച് എഴുതുമ്പോള്‍ ആ ഫോക് ഇതിവൃത്തത്തില്‍ സംഭവം നടന്ന ഒരു കാലമുണ്ട്. ആ കാലത്തില്‍ നിന്ന് നമുക്ക് വളരെയധികം മുന്നോട്ട് പോകാന്‍ പറ്റില്ല. മുന്നൂറ് വര്‍ഷം മുമ്പ് നടന്ന കഥയാണെങ്കില്‍ മുന്നൂറ് വര്‍ഷം മുമ്പ് ഉള്ള ഒരു ജീവിതം, ഭൂപ്രകൃതി, അതിന്റെ പശ്ചാത്തലം, അന്നത്തെ മനുഷ്യരുടെ ലോകബോധം അതൊക്കെ നമ്മളതില്‍ സൂക്ഷിക്കേണ്ടിവരും. പക്ഷെ, ഫോക് സംസ്‌കാരത്തിന് ഒരു പ്രത്യേകതയുണ്ട്. കാലവും ജീവിതവും മാറിക്കഴിഞ്ഞാലും അതിന്റെ അടിസ്ഥാനഘടകങ്ങളില്‍ ചിലതിനോടുള്ള മാനസികബന്ധം ഒരു ജനത നിലനിര്‍ത്തും. നാഗരികതയുടെതായ പലതും സ്വാംശീകരിച്ചു കഴിഞ്ഞെങ്കിലും നമ്മള്‍ ഈ വടക്കേ കേരളത്തിലെ ജനങ്ങള്‍ വിശേഷിച്ചും ഫോക് എന്ന് പറയുന്ന കൂട്ടായ്മയുടെ സംസ്‌കാരം നിലനിര്‍ത്തുന്ന ആള്‍ക്കാരാണ്. ആ കൂട്ടായ്മ പക്ഷേ, നിശ്ചലമായിട്ടുള്ള ഒന്നല്ല. ആ കൂട്ടായ്മയുടെ വിശ്വാസങ്ങളിലേക്ക്, താല്‍പര്യങ്ങളിലേക്ക് പലതരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ആ കടന്നുകയറ്റങ്ങളും കൂടി രേഖപ്പെടുത്തുമ്പോഴാണ് നമുക്ക് ഇന്നത്തെ ഒരു ഫോക് രചന സാധ്യമാവുക. എന്റെ ക്ഷൗരം എന്ന ചെറിയ നോവലില്‍, അച്ഛന്റെ മരണാനന്തര കര്‍മ്മം നടത്തുന്നത് ക്ഷുരകനാണ്. അയാള്‍ക്ക് സമ്മാനമായി മകന്‍ കൊണ്ടുവന്നു കൊടുക്കുന്നത് വിദേശ മദ്യമാണ്. മാര്‍ട്ടിനി എന്ന് പറയുന്ന വിദേശ മദ്യം. ഇപ്പോള്‍ വടക്കന്‍ കേരളത്തിലെ ഫോക് ജീവിതം നിരീക്ഷിക്കുന്ന ഒരാള്‍ക്ക് അതും കൂടി കാണേണ്ടിവരും. ഫോക് ജീവിതം നിശ്ചലമല്ല, വിശ്വാസങ്ങളെല്ലാം നിലനില്‍ക്കേതന്നെ അതിന്റെ ഇടയില്‍ പലതരത്തിലുള്ള ആധുനിക ജീവിത സൗകര്യങ്ങളും വസ്തുക്കളും അഭിരുചികളുമെല്ലാം കടന്നുവരുന്നുണ്ട്. അതെല്ലാം സ്വീകരിച്ചുകൊണ്ട് തന്നെയാണ് നമ്മള്‍ ഫോക് സംസ്‌കാരം നിലനിര്‍ത്തുന്നത്. കേവലം നിശ്ചലമായിട്ടുള്ള സംഗതി എന്ന നിലയ്ക്ക് ഫോകിനെ കാണുന്നത്, ഫോക് ഇതിവൃത്തങ്ങളെ കാണുന്നത് എന്റെ ഒരു വഴിയല്ല. അങ്ങനെ കണ്ട് എഴുതുകയാണെങ്കില്‍ നമുക്കിപ്പോള്‍ വടക്കന്‍ പാട്ട് വെച്ച് കഥയെഴുതാം. അല്ലെങ്കില്‍ മറ്റേതെങ്കിലും നാടന്‍പാട്ടുകള്‍, അല്ലെങ്കില്‍ കഥാഗാനങ്ങള്‍ വെച്ച് കഥയെഴുതാം. അങ്ങനെ നിശ്ചലമായ ഇതിവൃത്തം വെച്ചു തന്നെ കഥയെഴുതാവുന്നതാണ്. നൃത്തനാടകങ്ങളിലും പുണ്യപുരാണനാടകങ്ങളിലുമൊക്കെ അതാണ് ചെയ്യുന്നത്. ആ ഏര്‍പ്പാടിനോട് എനിക്ക് വിശേഷിച്ചും താല്‍പര്യം തോന്നാറില്ല. ഒരു മുന്നൂറ് വര്‍ഷം മുമ്പുള്ള കേരള കുടക് ജീവിതം ചിത്രീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍പ്പോലും ഞാന്‍ കാണുന്നത് അന്നത്തെ ജീവിതത്തിന്റെ വളരെ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളും മറ്റു കാര്യങ്ങളുമൊക്കെയാണ്. അതല്ലാതെ അതിന്റെ ഇതിവൃത്തത്തില്‍ ആരോപിതമായ ദൈവിക പരിവേഷമോ അതുപോലുള്ള മറ്റു കാര്യങ്ങളോ അല്ല ഞാന്‍ ശ്രദ്ധിക്കുന്നത്. മനുഷ്യന്‍ എങ്ങനെയാണ് ജീവിച്ചത്, ഏതൊക്കെ തരം പ്രയാസങ്ങളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയുമൊക്കെയാണ് കടന്നുപോയത് എന്നു മാത്രമാണ് ഞാന്‍ അന്വേഷിക്കുന്നത്.
? ഒരു കഥയ്ക്ക് അല്ലെങ്കില്‍ ഒരു നോവലിന് താങ്കള്‍ വിഷയം സ്വീകരിക്കുന്നത് എപ്രകാരമാണ്? താങ്കളുടെ എഴുത്തിന്റെ രീതി ഒന്നു വിശദീകരിക്കാമോ?
ഉ: ഇതിവൃത്തസ്വീകാരം മിക്കവാറും യാദൃച്ഛികമായി സംഭവിക്കുന്നതാണ്. മിക്കവാറും എല്ലാ കഥാകൃത്തുകളുടെ കാര്യവും അങ്ങനെ തന്നെയായിരിക്കും. നമ്മുടെ മനസ്സിലേക്ക് വിഷയങ്ങള്‍ വന്നു വീഴുന്നത് വളരെ യാദൃച്ഛികമായിട്ടായിരിക്കും. ഉദാഹരണത്തിന് തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ പുറത്ത് കാണുന്ന ഒരു കാഴ്ച്ച, വളരെ സാധാരണമായ ഒരു കാഴ്ച പോലും, ചിലപ്പോള്‍ നമുക്കൊരു കഥയ്ക്കുള്ള പ്രേരണയായിത്തീരാം. അല്ലെങ്കില്‍ പെട്ടെന്നുണ്ടാകുന്ന മറ്റേതെങ്കിലും കാര്യം, വണ്ടിയില്‍ വെച്ചോ മറ്റോ കണ്ടുമുട്ടുന്ന ഒരാള്‍, നമ്മളോട് സംസാരിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന്, ചിലപ്പോള്‍ അയാള്‍ ഉപയോഗിച്ച ഒരു വാക്കില്‍ നിന്നുപോലും ഒരു ഇതിവൃത്തം രൂപപ്പെടും. അതൊക്കെ വളരെ യാദൃച്ഛികമായി സംഭവിക്കുന്നതാണ്. മിക്കവാറും യാത്രയ്ക്കിടയിലാണ് ഞാന്‍ കഥാവസ്തു കണ്ടെത്തുന്നത്. അതിന് വലിയ ദീര്‍ഘമായ യാത്രകളോ വിദേശയാത്രകളോ നടത്തേണ്ടതായിട്ടില്ല. ചെറിയ ഒരു പ്രദേശത്തൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ മിക്കവാറും എവിടുന്നെങ്കിലും എന്തെങ്കിലുമായിട്ട് ഒരു അനുഭവം,അല്ലെങ്കില്‍ ആശയം നമ്മുടെ മനസ്സിലേക്ക് വന്ന് വീഴും. സാധാരണഗതിയില്‍ നമ്മള്‍ ശ്രദ്ധിക്കാനിടയില്ലാത്ത ഒരു സംഗതിയില്‍ നിന്നാവും അത് സംഭവിക്കുന്നത്. പിന്നെ നമ്മളത് പൊലിപ്പിച്ചെടുക്കുന്നതെങ്ങിനെയാണ് എന്നതാണ് പ്രശ്‌നം. അത് വികസിപ്പിച്ചെടുക്കുന്നതില്‍ നമ്മുടെ ജീവിത ദര്‍ശനവും ഭാവുകത്വവും കഥാഖ്യാനസങ്കല്‍പ്പവുമൊക്കെ പ്രവര്‍ത്തിക്കും. അത് അതിന്റെതായ വഴിയിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോയ്‌ക്കൊള്ളും. സ്വാഭാവികമായി സംഭവിക്കുന്ന ഒന്നെന്ന പോലെ അത് സംഭവിച്ചുകൊള്ളും. മറ്റ് ജീവിത പ്രശ്‌നങ്ങള്‍ വന്ന് വലിയ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍ എഴുത്ത് അതിന് സഹജമായുള്ള ഊര്‍ജ്ജവുമായി മുന്നോട്ട് പോകും.
? നാടകം, ചലച്ചിത്രം തുടങ്ങിയ മേഖലകളിലും താങ്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാടകത്തെയും ചലച്ചിത്രത്തെയും അതിന്റെ എഴുത്ത് രൂപത്തിലും ദൃശ്യപരതയിലും താങ്കള്‍ നോക്കിക്കാണുന്നത് എങ്ങിനെയാണ്?
ഉ: നാടകത്തില്‍ ഇപ്പോഴും വലിയതോതില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരാളാണ് ഞാന്‍. നാടകം ആളുകളുടെ അഭിനയത്തില്‍ ഊന്നിക്കൊണ്ടുള്ളതാണ്. യന്ത്രങ്ങളല്ല മനുഷ്യരുടെ നാനാതരത്തിലുള്ള ശാരീരിക ശേഷികളും ഭാവനയുമൊക്കയാണ് ഒരു നാടകത്തെ വേദിയിലെത്തിക്കുന്നത്. നാടകത്തില്‍ ദൃശ്യങ്ങളുടെ രൂപീകരണത്തിനും അവതരണത്തിനുമെല്ലാം സവിശേഷമായൊരു ജനകീയതയുണ്ട്. അത് ജനങ്ങളുടെ മുമ്പില്‍ നേരിട്ട് അവതരിപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍ ജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍ തന്നെ നേരിട്ടറിയാം. സിനിമ അങ്ങനെയല്ല, അത് മിക്കവാറും ഒരു വ്യവസായമായിക്കഴിഞ്ഞു. സിനിമയുടെ സ്വന്തം ആളുകള്‍ തന്നെ അതിനെ വിനോദ വ്യവസായമെന്നേ ഇപ്പോള്‍ പറയുന്നുള്ളൂ. ഒരു കലാരൂപമായിട്ട് ആളുകള്‍ അതിനെ കണക്കാക്കുന്നില്ല. അപൂര്‍വ്വം ചില കലാസൃഷ്ടികള്‍ ചിലപ്പോള്‍ സിനിമയിലും ഉണ്ടായേക്കും. ശരാശരിയില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന ചില സിനിമകളുണ്ട്. ഉദാഹരണത്തിന് 'എന്ന് നിന്റെ മൊയ്തീന്‍' ശരാശരിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു സിനിമയാണ്. അത്തരം ഒറ്റപ്പെട്ട ചില ചിത്രങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. പക്ഷെ, സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും സിനിമയെ കലയായിട്ട് കാണുന്നത് അവസാനിപ്പിച്ചതായിട്ടാണ് തോന്നുന്നത്. സിനിമ നിര്‍മിക്കാന്‍ ഒരാള്‍ പണം നിക്ഷേപിക്കുന്നത് ലാഭമുണ്ടാക്കാനുള്ള ഒരു ഏര്‍പ്പാട് എന്ന നിലയ്ക്കാണ്. സിനിമയ്ക്ക് വേണ്ടി എഴുതുന്നതില്‍ വിശേഷിച്ച് ത്രില്ലൊന്നുമില്ല. ഒരു തിരക്കഥയെഴുതുമ്പോള്‍ സംവിധായകനോട് ആലോചിച്ച് തന്നെയാണ് എഴുതുന്നത്. അങ്ങനെ എഴുതിക്കഴിഞ്ഞാല്‍ മിക്കപ്പോഴും സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ സംവിധായകനെ കൊമേഴ്‌സ്യല്‍ താല്‍പര്യങ്ങള്‍ അല്ലെങ്കില്‍ പരിഗണനകള്‍ പിടികൂടാന്‍ തുടങ്ങും. നല്ല വില്‍പവറുള്ള ഒരു സംവിധായകന് മാത്രമേ ഈ വ്യാപാര താല്‍പ്പര്യങ്ങളെ എതിരിട്ട് സ്വച്ഛമായ ഒരു ആര്‍ട്ട്ഫിലിം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. അത് കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ വളരെ വിഷമമാണ്. പക്ഷേ, അത്തരം ഇഛാശക്തിയുള്ള ചില ആളുകള്‍ക്കേ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളൂ. ചില ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ അതു ചെയ്യുന്നുണ്ട്. പക്ഷെ, സാധാരണഫീച്ചര്‍ സിനിമയുടെ രംഗത്ത് അങ്ങനെയുള്ള ആള്‍ക്കാര്‍ മിക്കവാറും ഇല്ലാതായിക്കഴിഞ്ഞു. വളരെ വിഷമകരമായ അവസ്ഥയാണത്. സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് കുറക്കാന്‍ എന്തൊക്കെ ആധുനിക സാങ്കേതിക വിദ്യകള്‍ വന്നു എന്ന് പറയുമ്പോഴും സാധാരണഗതിയില്‍ സിനിമക്കാര്‍ പറഞ്ഞുവരുന്നത് കോടികളുടെ കണക്കാണ്. നമ്മുടെ ആളുകള്‍ സിനിമയുമായി ബന്ധപ്പെട്ടവരെ ഇത്രമേല്‍ ആരാധിക്കുന്നതിന്റെ പിന്നില്‍ സിനിമാരംഗത്ത് ഒഴുകുന്ന കോടികളെ കുറിച്ചുള്ള അറിവ് കൂടി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതെന്തായാലും അത്രയും തുക മുടക്കുമ്പോള്‍ സ്വാഭാവികമായും അതില്‍ നിന്ന് ലാഭം പ്രതീക്ഷിക്കും. അതുകൊണ്ട് വ്യവസായത്തിന്റെ നിയമങ്ങളും ശീലങ്ങളും അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുക. അതില്‍ ഒരു എഴുത്തുകാരന്, വിശേഷിച്ച് ഒരിടപെടലും സാധ്യമാവില്ല. ചിലപ്പോള്‍ വലിയൊരു പ്രതിഫലം പറ്റി ഒരു തിരക്കഥയെഴുതിക്കൊടുക്കാന്‍ പറ്റും. എഴുതിക്കൊടുത്തതിന് അനുസരിച്ചു തന്നെയാണോ സിനിമ ഉണ്ടാവുക എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം പല ഘട്ടങ്ങളിലായി നിര്‍മാതാവും സംവിധായകനും മറ്റു പലരും അതില്‍ ഇടപെട്ട് കളയും. നല്ല ഒരു സിനിമ ഉണ്ടാക്കുക എന്നതായിരിക്കില്ല നല്ല കച്ചവട സാധ്യതയുള്ള ഒന്ന് പടച്ചുവിടുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. സംഗതി അങ്ങനെ മതി, സിനിമ തങ്ങളെ പ്രത്യേകിച്ച് ഒന്നും ബോധ്യപ്പെടുത്തേണ്ട, ഉള്‍ക്കനമുള്ള ഒരു സൗന്ദര്യാനുഭവവും തരേണ്ട, കുറച്ചു നേരം ചിരിക്കാനും കൗതുകം കൊള്ളാനും കണ്ണുകള്‍ക്ക് ഇമ്പം ചേര്‍ക്കാനുമുള്ള വക നല്‍കിയാല്‍ മതി എന്നതാണ് കാണികളുടെയും നിലപാട്.
? എന്താണ് ആധുനികത എന്ന എം. മുകുന്ദന്റെ പുസ്തകത്തിന് ശേഷം ഉത്തരാധുനികതയെക്കുറിച്ച് 'കഥ തേടുന്ന കഥ' എന്ന പുസ്തകമെഴുതിയ എഴുത്തുകാരനാണ് താങ്കള്‍. ആധുനികതയുടെ മരണത്തെയും ഉത്തരാധുനികതയുടെ പിറവിയെക്കുറിച്ചുമാണ് താങ്കള്‍ ആ പുസ്തകത്തില്‍ പറഞ്ഞത്. കഥയില്‍ ഇപ്പോള്‍ അത്തരം കാലങ്ങള്‍ ഉണ്ടോ?
ഉ: ഞാന്‍ ആ പുസ്തകമെഴുതുന്ന കാലത്ത് മലയാളത്തില്‍ ഒരു പോസ്റ്റ് മോഡേണ്‍ അന്തരീക്ഷം രൂപപ്പെട്ടിരുന്നു. ലോകവ്യാപകമായിട്ട് അങ്ങനെ തന്നെയുണ്ടായിരുന്നു. പോസ്റ്റ് മോഡേണ്‍ അന്തരീക്ഷം എന്ന് പറയുന്നതിന്റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ള കാര്യം ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസമാണ്. ബൃഹത് ആഖ്യാനം എന്നുവെച്ചാല്‍ ലോക ജീവിതത്തെ മുഴുവന്‍, ലോകത്തെല്ലായിടത്തുമുള്ള ജീവിതത്തെ മുഴുവന്‍ വ്യാഖ്യാനിക്കാന്‍, സമീപിക്കാന്‍ പറ്റുന്ന തരത്തിലുള്ള ദര്‍ശനങ്ങള്‍, മാര്‍ക്‌സിസം അല്ലെങ്കില്‍ ഫ്രോയിഡിയന്‍ മനശ്ശാസ്ത്രം, അതുപോലുള്ള സംഗതികള്‍ ആണ്. അവയില്‍ മൊത്തത്തിലുള്ള ഒരു അവിശ്വാസം വന്നുചേര്‍ന്നിട്ടുണ്ട്. അതൊന്നും എല്ലായിടത്തും അപ്ലിക്കബിളാകുന്നില്ല. ജീവിതം വളരെ ബഹുസ്വരമായിക്കഴിഞ്ഞു. ഓരോ പ്രദേശത്തെയും ജീവിതത്തെ അല്ലെങ്കില്‍ ഓരോ ജനവിഭാഗങ്ങളുടെയും ജീവിതത്തെ സമീപിപ്പിക്കുന്നതും മനസ്സിലാക്കുന്നതും പ്രത്യേകം പ്രത്യേകമായുള്ള രീതികാസ്ത്രവും മാനദണ്ഡങ്ങളും ദര്‍ശനവുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കണം എന്ന നിലപാടില്‍ ലോകജനത എത്തിക്കഴിഞ്ഞു. ഇത് പൂര്‍ണമായും ശരിയായ ഒരു തിരിച്ചറിവാണോ എന്നത് വേറെ കാര്യമാണ്. സംഗതി അങ്ങനെ ആയിക്കഴിഞ്ഞു. പല സംഗതികളാണ് ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ആഗോളതലത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തിക അധികാര കേന്ദ്രങ്ങളുടെ താല്‍പര്യങ്ങളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ, അത് മാത്രമാണ് ആധുനികോത്തരതയെ സൃഷ്ടിച്ചത് എന്നു പറഞ്ഞാല്‍ ശരിയാവില്ല. ടെക്‌നോളജിയുടെ മേഖലയില്‍ സംഭവിച്ച അത്യത്ഭുതകരമായ കുതിപ്പുകള്‍, ആഗോള കുത്തകകള്‍ ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിച്ചു തുടങ്ങിയത്, വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം, വിനോദസഞ്ചരം എന്നീ ആവശ്യങ്ങള്‍ക്കായി ലോകത്തെവിടെയുമുള്ള യുവജനങ്ങളില്‍ കുറേ പേര്‍ വിദേശങ്ങളില്‍ ചെന്നെത്തിയത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരപ്രയോഗം എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കടുത്ത ദുരനുഭവങ്ങളുണ്ടാക്കിയത് അങ്ങനെ പലതും ഉണ്ട്. തര്‍ക്കിച്ച് ഇല്ലെന്ന് വരുത്താവുന്ന സംഗതികളല്ല ഇതൊന്നും. പല ദര്‍ശനങ്ങളും വ്യാഖ്യാനസങ്കേതങ്ങളും സാര്‍വ്വത്രികമായി പ്രയോഗക്ഷമമാവുന്നില്ല എന്ന് അനുഭവത്തിലൂടെ ആളുകള്‍ തിരിച്ചറിഞ്ഞു. പലേയിടത്തും പല പരീക്ഷണങ്ങളും പരാജയപ്പെട്ടു.
ഫ്രോയിഡിയന്‍ മനശ്ശാസ്ത്രം ലോകത്തെവിടെയും ഏതൊരാളുടെ കാര്യത്തിലും ഉപയോഗിക്കാമെന്ന് പറഞ്ഞാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അത് ശരിയാവില്ല എന്ന് ഇന്നിപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ഉദാഹരണത്തിന് സ്വപ്നത്തിലെ പാമ്പ് രതി ചിഹ്നമാണെന്ന് പറഞ്ഞാല്‍ പാമ്പ് എല്ലായ്‌പ്പോഴും എല്ലാ മനുഷ്യരുടെ കാര്യത്തിലും രതിചിഹ്‌നമല്ല എന്ന് നമുക്കറിയാം., പാമ്പ് ഭയത്തിന്റെ പ്രതീകമായിട്ട് വരും. വിശ്വാസത്തിന്റെ അടയാളമായിട്ട് വരും. തിന്മയുടെ ചിഹ്നമായിട്ട് വരും. അങ്ങനെ പലതായിട്ടും വരാം. മുമ്പ് നമ്മള്‍ രതി ചിഹ്‌നമെന്ന ഒന്നില്‍ തന്നെ കേന്ദ്രീകരിച്ചാണ് വ്യാഖ്യാനത്തിന് ശ്രമിച്ചിരുന്നത്. സ്വപ്നവ്യാഖ്യാനത്തിന് മാത്രമല്ല, മനുഷ്യമനസ്സിന്റെ മൊത്തത്തിലുള്ള അപഗ്രഥനത്തിന് തന്നെ ഫ്രോയിഡിയന്‍ മനശാസ്ത്രത്തിന്റെ സങ്കേതങ്ങളെ നമ്മള്‍ അങ്ങനെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അത് സാര്‍വ്വത്രികമായി അപ്ലിക്കബിളാണ്, ഒരു അമേരിക്കക്കാരന്റെ മനസ്സിനെ പഠിക്കുന്നതിന്, ഒരു ഇന്ത്യക്കാരന്റെ മനസ്സിനെ പഠിക്കുന്നതിന് എല്ലാം അത് ഉപയോഗിക്കാം, എല്ലാ ജാതിമത വിഭാഗങ്ങളിലും പെടുന്നവരുടെ, സാമ്പത്തികമായി വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവരുടെ മനസ്സിനെ പഠിക്കാനും ഉപയോഗിക്കാം എന്നൊക്കെയാണ് നമ്മള്‍ വിചാരിച്ചിരുന്നത്. പക്ഷെ, അത് അങ്ങനെയങ്ങ് ശരിയല്ല, കാര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട് എന്ന് നമുക്കിപ്പോള്‍ അറിയാം.
പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ സബാള്‍ട്ടണ്‍ ഹിസ്റ്ററി എന്ന പുതിയ ചരിത്രസങ്കല്‍പം രൂപപ്പെട്ടു. കീഴാളന്റെ കണ്ണിലൂടെ കാണുമ്പോള്‍ ചരിത്രം വേറൊന്നാണ്. ഉപരിവര്‍ഗ്ഗക്കാരും സവര്‍ണരും എഴുതിവെച്ച ചരിത്രമല്ല, കീഴാളന്‍ അനുഭവിച്ച ചരിത്രം. അവരുടെ അനുഭവം വേറൊന്നാണ്. അവരുടെ കാഴ്ച വേറെയാണ്. കീഴാളന്‍ പരമ്പരയാ ചെയ്തുവന്ന തൊഴിലുകള്‍ ചെയ്യുമ്പോളുണ്ടാകുന്ന അനുഭവവും കാഴ്ചയും വേറെ തന്നെയാണ്. മുമ്പ് നമ്മള്‍ ഇതൊന്നും കണക്കിലെടുത്തിരുന്നില്ല. പകരം എല്ലാ മനുഷ്യര്‍ക്കും ബാധകമായിട്ടുള്ള മനസ്സിന്റെ ചില നിയമങ്ങളുണ്ട്, രസങ്ങളുണ്ട്. എല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാഴ്ചപ്പാടുകളുണ്ട്, ചരിത്രസത്യങ്ങളുണ്ട് എന്നൊക്കെയാണ് നാം ധരിച്ചിരുന്നത്. പക്ഷെ, സത്യം അതല്ല, ഇതിലൊക്കെ വളരെ സൂക്ഷ്മമായിട്ടുള്ള വ്യത്യാസങ്ങളുണ്ട്. ആ വ്യത്യാസങ്ങളൊക്കെ വളരെ പ്രധാനപ്പെട്ടതാണെന്ന് നമ്മളിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പല തിരിച്ചറിവുകളും തുടങ്ങുന്ന ഒരു കാലമാണ് പോസ്റ്റ് മോഡേണ്‍ കാലം. എല്ലാ തിരിച്ചറിവുകളും എല്ലാ സാഹചര്യങ്ങളും പ്രസക്തമോ പ്രയോഗക്ഷമമോ ആവില്ല. ഇപ്പോഴത്തെ ഒരു അവസ്ഥയിലാണെങ്കില്‍ പുതിയ ചില വാസ്തവങ്ങള്‍ കൂടി ഉണ്ട്. ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസം, ബഹുസ്വരത എന്നൊക്കെ പറയുന്ന ആ ഒരു ഘട്ടം കഴിഞ്ഞു. അതിന്റെ ഘട്ടം കഴിഞ്ഞു എന്ന് പറയുന്നത് അത് തെറ്റായത് കൊണ്ടല്ല, അതൊക്കെ നമ്മള്‍ മനസ്സിലാക്കി, പഠന വിശകലനങ്ങളില്‍ കുറേയൊക്കെ പ്രയോഗിച്ചു, ഇപ്പോള്‍ ലോകം വേറെയൊരു അവസ്ഥയിലേക്ക് എത്തി. പുതിയ സംഘര്‍ഷങ്ങള്‍ ഒരുപാട് രൂപപ്പെട്ടു. പുതിയ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. അതൊക്ക കൊണ്ട് ഇനി നമ്മള്‍ വേറൊരു രീതിയില്‍ കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അല്ലെങ്കില്‍ പുതിയ അന്വേഷണങ്ങള്‍ ആവശ്യമുണ്ട്, എന്നൊക്കെയുള്ള തിരിച്ചറിവിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമ്മള്‍ ജീവിക്കുന്ന ഈ കാലത്തെ പോസ്റ്റ് മോഡേണ്‍ കാലമെന്ന് ഇന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. സാഹിത്യത്തിലായാലും മറ്റ് മേഖലകളിലായാലും ഇസങ്ങള്‍ പലതും കാലഹരണപ്പെട്ടു കഴിഞ്ഞു. ആധുനികതപോയി അതേപോലെ ആധുനികോത്തരതയും പോയി. ഇന്ന് സമകാലികം എന്ന് മാത്രം പറയാവുന്ന അവസ്ഥയിലാണ് നാം ഉള്ളത്. ഈ അവസ്ഥയെ നമ്മള്‍ പല കോണില്‍ നിന്ന് നിരീക്ഷിച്ച് വരികയാണ്. ആളുകളുടെ അനുഭവങ്ങള്‍ പലതരത്തിലുള്ളതാണ്. ഇതിനൊരു സമവായമുണ്ടാകുന്നില്ല. ഇതിനെ ഏകീകരിച്ചിട്ട് എന്തെങ്കിലുമൊരു സൂത്രവാക്യത്തിലേക്ക്, നിര്‍വചനത്തിലേക്ക്, സംജ്ഞയിലേക്ക് എത്താന്‍ പറ്റുന്നില്ല ഇതിനെയൊരു ഫ്രെയിമിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നില്ല. അങ്ങനെയൊരു അവസ്ഥ ഇപ്പോഴും ലോകവ്യാപകമായി ഉണ്ട്.
? താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട് വാക്കുകള്‍ക്ക് പിന്നില്‍ അടയിരിക്കുന്ന സാഹിത്യത്തിന്റെയും സാഹിത്യകാരന്‍മാരുടെയും കാലം കഴിഞ്ഞു എന്ന്, കഥ ബോധപൂര്‍വ്വമായ നിര്‍മ്മിതിയാണെന്ന്. കഥയും നോവലും ബോധപൂര്‍വ്വമായ നിര്‍മിതി തന്നെയാണോ?
ഉ: വാക്കുകള്‍ക്ക് പിന്നില്‍ അടയിരുന്ന് നിര്‍മ്മിക്കുന്ന സാഹിത്യ രചനയെക്കുറിച്ച് ഓരോ കാലത്തും ഓരോ സങ്കല്‍പ്പങ്ങളുണ്ട്. പണ്ട് വളരെ ഒരു അഭൗമമായിട്ടുള്ള എന്തോ ഒരു സംഭവമായിട്ടാണ് സാഹിത്യരചനയെ ആളുകള്‍ സമീപിച്ചിരുന്നത്. എന്തോ ഒരു ദിവ്യപ്രവൃത്തിയാണ് ചെയ്യാന്‍ പോകുന്നത് എന്ന ധാരണയോടെയാണ് എഴുതുന്നവര്‍ തന്നെ അതിനെ സമീപിച്ചിരുന്നത്. ഞാനെഴുതുന്നതല്ല, ദൈവം കൈപിടിച്ച് എന്നെ എഴുതിക്കുകയാണെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത്തരത്തിലുള്ള ധാരണകളൊക്കെ ഇന്ന് ഇല്ലാതായിക്കഴിഞ്ഞു. ഇന്ന് അങ്ങനെയല്ല, നമ്മള്‍ വളരെ ബോധപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തിയാണിത് നിര്‍മ്മിതിയാണ് സാഹിത്യം എന്ന ബോധം ഒട്ടു മിക്ക പേര്‍ക്കും ഉണ്ടായിക്കഴിഞ്ഞു. നിര്‍മ്മിതിയാവുമ്പോള്‍ നമ്മുടെ ഇടപെടലുകള്‍ക്കൊക്കെ അതിനകത്ത് വലിയ പ്രാധാന്യമുണ്ട്. എല്ലാം അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാണെന്ന ബോധം നമുക്ക് ഇപ്പോഴുണ്ട്. ആ ബോധം ഉണ്ടായിക്കഴിഞ്ഞതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.
അബോധത്തിന്റെ ഒരംശം അല്ലെങ്കില്‍ അടര് സാഹിത്യനിര്‍മാണം എന്ന പ്രവൃത്തിയില്‍ ഉണ്ട്. അബോധം എന്നു പറയുന്നത് അലൗകികമായ ഏതെങ്കിലും ശക്തിയുടെ പ്രേരണ എന്ന അര്‍ത്ഥത്തില്‍ പറയുന്നതല്ല. അബോധപൂര്‍വ്വമായി നാം കാണുമ്പോള്‍ ആ കാഴ്ചക്കകത്ത് ചില സംഗതികള്‍, നമ്മള്‍ സാധാരണഗതിയില്‍ ബോധപൂര്‍വ്വം കാണുന്നതിനപ്പുറത്തുള്ള കാര്യങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടാകും. അതിനുള്ള സാധ്യതയുണ്ടാകും. നമ്മള്‍ സ്വപ്നത്തില്‍ പല കാര്യങ്ങളും കാണുന്നുണ്ടല്ലോ, സ്വപ്നം നമുക്ക് നമ്മുടെ ജീവിതത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വേറെ ചില കാഴ്ചകള്‍ തരും. വേറെ തന്നെ ചില തിരിച്ചറിവുകളും തരും. ആ ഒരു സാധ്യത കൂടി ഇന്നത്തെ കാലത്ത് പ്രസക്തമാണ് എന്നെനിക്ക് തോന്നുന്നുണ്ട്. ബോധപൂര്‍വ്വം എന്ന് പറയുമ്പോള്‍ തന്നെ കേവല ബോധപൂര്‍വ്വമായിട്ടുള്ള രചനകള്‍ നമുക്കങ്ങനെ സാധ്യമല്ലാത്ത ഒരു ഘട്ടം കൂടിയാണ് ഇത്. അതിന് ഒരു പ്രധാനപ്പെട്ട കാരണം നമ്മള്‍ അനുഭവിക്കുന്ന രാഷ്ട്രീയം, നമുക്കുണ്ടാവുന്ന മറ്റനുഭവങ്ങള്‍, പരിചയപ്പെടുന്ന ദര്‍ശനങ്ങള്‍ നമ്മുടെ സാഹിത്യം പോലും ഒരുപാട് വ്യാജവൃത്തികളിലൂടെ കടന്നുപോകുന്ന ഒന്നാണെന്ന് നമുക്കിന്നറിയാം.
ഇപ്പോള്‍ കേരളത്തിലെ ഒരു മനുഷ്യനും ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെയോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെയോ, അത് ഒളിച്ചുവെക്കപ്പെട്ട ഉദ്ദേശ്യങ്ങള്‍ ഒന്നും ഇല്ലാത്ത, വളരെ സ്വച്ഛമായ ഒന്നാണെന്ന് കരുതുന്നതേയില്ല. എല്ലാവര്‍ക്കും സംഗതികളൊക്കെ അറിയാം, ഒരു രാഷ്ട്രീയ സംഭവം അല്ലെങ്കില്‍ നീക്കം ഉണ്ടാകുമ്പോള്‍ അതിന്റെ പിന്നില്‍ വേറെ എന്തൊക്കെയോ ഇടപാടുകളുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ഇത് രാഷ്ട്രീയത്തെപ്പറ്റി മാത്രമല്ല, മൊത്തം എല്ലാ അനുഭവങ്ങളുടെയും കാര്യത്തില്‍ ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. എല്ലാ അനുഭവങ്ങളും കുഴമറിഞ്ഞ് അവയ്ക്ക് നൈസര്‍ഗിക സൗന്ദര്യവും സത്യസന്ധതയും നഷ്ടപ്പെട്ടുപോയിട്ടുണ്ട്, പല കാരണങ്ങള്‍ കൊണ്ട്. ഈ ഒരവസ്ഥയില്‍ നമ്മള്‍ വളരെ ബോധപൂര്‍വ്വം രചനകള്‍ നടത്തിയാല്‍ പോലും സത്യത്തിലേക്ക് എത്തിച്ചേരണമെന്നില്ല. അതുകൊണ്ട് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്ന വെളിപാടുകള്‍, ആന്തരികമായ കാഴ്ചകള്‍ അല്ലെങ്കില്‍ സ്വപ്നം അതിനെയൊക്കെ ആശ്രയിക്കേണ്ടിവരും. അതിനും ഈ പുതിയ കാലം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. ചിലപ്പോള്‍ അതിലൂടെയായിരിക്കും യഥാര്‍ത്ഥമായ വസ്തുതയിലേക്ക് നാം എത്തുന്നത്. എഴുത്തുകാരന്റെ എപ്പോഴുമുള്ള ലക്ഷ്യമെന്നത് ജീവിതത്തെക്കുറിച്ചുള്ള, വിശേഷിച്ചും അവനവന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ജീവിതത്തെക്കുറിച്ചുള്ള സത്യം കണ്ടെത്തുക, അത് പറയുക, സത്യത്തിലേക്കുള്ള ക്ഷണം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടേയിരിക്കുക എന്നതാണ്. അടിസ്ഥാനപരമായി ഈ ഒറ്റ ലക്ഷ്യമേ ഉള്ളൂ. അവനവന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ജീവിതത്തിന്റെ സത്യത്തെ ചെന്നു തൊടാന്‍ ചിലപ്പോള്‍ ബോധപൂര്‍വ്വമായ എഴുത്തുകൊണ്ട് സാധ്യമാവില്ല എന്ന് വന്നേക്കും. സ്വപ്നങ്ങളും വെളിപാടുകളും പെട്ടെന്നുണ്ടാകുന്ന ചില തിരിച്ചറിവുകളും അതിന് സഹായകമായിത്തീര്‍ന്നേക്കുകയും ചെയ്യും. എഴുത്തുകാര്‍ അവയെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
? കഥയ്ക്കും നോവലിനും നാടകത്തിനും പുറമെ താങ്കള്‍ കവിതയും എഴുതാറുണ്ട്, എന്നാല്‍ എന്‍. പ്രഭാകരനെ ഒരു കവിയായിട്ട് അനുവാചകര്‍ കാണുന്നില്ല. ഇത് എന്തുകൊണ്ടാണ്?
ഉ: അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം കവിതയിലെ രൂപത്തെക്കുറിച്ച്, കവിതയില്‍ ആവിഷ്‌കരിക്കാവുന്ന വിഷയങ്ങളെക്കുറിച്ച് ഒക്കെ നമ്മുടെ ജനതയ്ക്ക് ചില തെറ്റിദ്ധാരണകളുണ്ട് എന്നതാണ്. കവിത മലയാളികളെ സംബന്ധിച്ചിടത്തോളം. രൂപകങ്ങളെ ആശ്രയിക്കുന്ന ഒരു മാധ്യമമാണ് മലയാളികളെ സംബന്ധിച്ച് മാത്രമല്ല, ലോകത്തില്‍ പല സ്ഥലത്തും ആളുകള്‍ അതിനെ രൂപകത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമമായിട്ടാണ് കാണുന്നത്. പക്ഷെ, രൂപകത്തിന് ഒരു കുഴപ്പമുണ്ട്. രൂപകനിര്‍മാണം പെട്ടെന്ന് ഒരു ശീലമായിട്ട് മാറും. എന്ത് കണ്ടുകഴിഞ്ഞാലും അതിനെ രൂപകമാക്കി മാറ്റാന്‍, ഒരു ഓര്‍മയുമായോ സങ്കല്‍പ്പവുമായോ വിഷാദഭാവവുമായോ അതിനെ ബന്ധിപ്പിച്ച് സൗന്ദര്യം സൃഷ്ടിക്കാനുള്ള പ്രേരണ വരും. എന്തിനെയും വാക്കുകള്‍ കൊണ്ട് ഒന്നലങ്കരിക്കാനുള്ള ശീലം. അപ്പോള്‍ പിന്നെ ഏതനുഭവമായിക്കഴിഞ്ഞാലും അലങ്കാരമായി അത് മാറുന്ന ഒരു അവസ്ഥ വരും. അങ്ങനെ പറ്റില്ല, സത്യം സത്യമായിട്ട് പറയുന്ന കവിത വേണമെന്ന് തിരിച്ചറിഞ്ഞ കവികളും ലോകത്ത് മറ്റ് പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. നികനോര്‍ പാര്‍റ എന്ന കവി ഒരു ഘട്ടം വരെ പാബ്ലോ നെരൂദയുമായിട്ട് സഹകരിച്ചിരുന്ന ഒരാളാണ്. പാബ്ലോ നെരൂദക്ക് ഇംപ്യൂവര്‍ പോയട്രി എന്ന് പറയുന്ന ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നു. അശുദ്ധ കവിത. ആ ഘട്ടത്തിലാണ് നികനോര്‍ പാര്‍റ പാബ്ലോ നെരൂദയുമായി സഹകരിക്കുന്നത്. പക്ഷെ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാബ്ലോ നെരൂദ യഥാര്‍ത്ഥത്തില്‍ രൂപകങ്ങളുടെ കവി തന്നെയാണ്, അലങ്കാരപ്പണികളുടെ കവി തന്നെയാണെന്ന് നികനോര്‍ പാര്‍റ തിരിച്ചറിയുകയും അങ്ങനെ അദ്ദേഹം ആന്റി പോയട്രി അകവിത അല്ലെങ്കില്‍ കവിതാവിരുദ്ധ കവിത എന്ന് പറയുന്ന ഒരു പുതിയ പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. അതിലദ്ദേഹം കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്ന കവിതയുടെ ഒരു രീതിതന്നെയാണ് ഞാനും ഏറെക്കുറെ സ്വീകരിക്കുന്നത്. അത് സാധാരണ പരമ്പരാഗത കവിത വായിച്ച് ശീലിച്ച ആളുകള്‍ക്ക് സ്വീകാര്യമാവുകയില്ല.
? മായാമയന്‍ എന്ന കഥ വായിച്ച് എന്‍.പി. മുഹമ്മദ് ചോദിക്കുന്നു, ഒരു പരിസ്ഥിതി വാദിയുടെ കണ്ണ് കൊണ്ടാണോ പ്രഭാകരന്‍ കഥയെഴുതുന്നതെന്ന്. പ്രകൃതിയുടെ ആര്‍ദ്രമായ കണ്ണുകളാണ് ഞാനതില്‍ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. അതിനെക്കുറിച്ച്.
ഉ: ഞാന്‍ ആ കഥ എഴുതുന്ന സമയത്ത് പ്രത്യേകമായ എന്തെങ്കിലും ഒരു ദര്‍ശനത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. പെട്ടെന്ന് ഒരു കഥാവസ്തു മനസ്സില്‍ വന്നു അങ്ങനെ എഴുതിയതാണ്. അതിനുണ്ടായിട്ടുള്ള മനോഹരമായ ഒരു പഠനമാണ് എന്‍.പി. മുഹമ്മദിന്റെത് എന്റെ കഥകളെക്കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും നല്ല പഠനം അതുതന്നെയാണ്. എന്റെ കഥകളെക്കുറിച്ച്, എഴുത്ത് ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എന്‍. പ്രഭാകരന്‍ കഥ, ജീവിതം, ദര്‍ശനം' എന്ന പേരില്‍. സോമന്‍ കടലൂരും രതീഷ് ബാബുവും എഡിറ്റ് ചെയ്തതാണ്. അതില്‍ ആദ്യമായിട്ട് ചേര്‍ത്തത് ഈ ലേഖനമാണ്. അത് ചേര്‍ക്കാനുള്ള കാരണം നേരത്തെ എഴുതപ്പെട്ടു എന്നുള്ളത് മാത്രമല്ല, ഇതുവരെ വന്നതില്‍വെച്ച് ഏറ്റവും കൃത്യതയുള്ള, വളരെ ഭംഗിയായിട്ട് എഴുതിയിട്ടുള്ള ഒരു ലേഖനമാണത് എന്നതിനാലാണ്. എന്നെ പുകഴ്ത്തുന്നു എന്നതുകൊണ്ടല്ല, ശരിയായിട്ടുള്ള ഒരു നിരീക്ഷണം വളരെ മിതത്വത്തോടും ഉയര്‍ന്ന ഭാവുകത്വത്തോടും കൂടി അവതരിപ്പിക്കുന്നു എന്നതുകൊണ്ടാണത്. ആ കഥ വന്ന് വളരെ താമസിയാതെ തന്നെ എന്‍.പി. മുഹമ്മദ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണത്. അപ്പോള്‍ എന്നെ അദ്ദേഹത്തിന് അറിയില്ല. പിന്നീട് കുറേ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തവണ അദ്ദേഹത്തെ കണ്ടിരുന്നു. അതും യാദൃച്ഛികമായിട്ട് കണ്ടതാണ്. എന്നെ അറിയാതെ എന്റെ ഒരു കഥ വായിച്ച് അതിനെക്കുറിച്ച് പഠനം നടത്തുക എന്നതില്‍ വലിയ സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ട്. എന്‍.പിയോട് ഇക്കാര്യത്തില്‍ എനിക്ക് അങ്ങേയറ്റത്തെ കൃതജ്ഞതയുണ്ട്.
? എന്താണ് താങ്കളുടെ എഴുത്തിന്റെ രാഷ്ട്രീയം?
ഇന്നത്തെ ഒരു അവസ്ഥയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയോട് വിധേയത്വമുള്ള ഒരു എഴുത്തുകാരനല്ല ഞാന്‍. എന്റെ രാഷ്ട്രീയം എന്നത് നമ്മള്‍ ജീവിക്കുന്ന കാലത്തിലെ ജീവിതത്തെ അതിന്റെ എല്ലാ തലങ്ങളിലും മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന രാഷ്ട്രീയമാണ്. പൊതുജീവിതത്തിലെ സാമ്പത്തികവും സാംസ്‌കാരികവുമായ സംഘര്‍ഷങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തരത്തിലുമുള്ള ഘടകങ്ങള്‍ അവയെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന രാഷ്ട്രീയമാണ് എനിക്കുള്ളത്. അത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയോട് വിധേയമായിക്കൊണ്ട് തന്നെ നിര്‍വ്വഹിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതിന്റെ ആവശ്യമില്ല. ഞാന്‍ പ്രസംഗവേദിയില്‍ കൂടി ചെല്ലുന്ന ആളാണ്. ആ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയുടെ വേദിയില്‍ മാത്രമേ ചെല്ലൂ എന്ന നിര്‍ബന്ധം എനിക്കില്ല. സമീപകാലത്തായിട്ട് അത് ഞാന്‍ പാടേ ഉപേക്ഷിച്ചതാണ്. വര്‍ഗീയ കക്ഷികളൊഴിച്ച് ബാക്കിയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയിലും ഞാന്‍ പോകും. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുകയും ചെയ്യും. പ്രത്യേകമായ ഒരു കക്ഷിയോടും വിധേയപ്പെടുന്ന പ്രശ്‌നമില്ല, മുമ്പും വിധേയപ്പെട്ടിരുന്നില്ല. പക്ഷെ, ആളുകള്‍ അവരുടെ സൗകര്യത്തിന് വേണ്ടി ഓരോരുത്തരെയും ബ്രാന്‍ഡ് ചെയ്യും എന്നെപ്പറ്റി പറഞ്ഞുവരുന്നത് ഞാന്‍ എം.എന്‍. വിജയന്റെ ആളാണെന്നാണ്. അത് എന്നെ എളുപ്പത്തില്‍ ബ്രാന്റ് ചെയ്യാന്‍ കണ്ട സൗകര്യമാണ്. ഞാനെന്തെങ്കിലും സ്വന്തമായിട്ട് ചിന്തിക്കുന്നുണ്ടോ, എഴുതുന്നുണ്ടോ, പറയുന്നുണ്ടോ എന്നൊക്കെ മനസ്സിലാക്കി അതിനോട് പ്രതികരിക്കണമെങ്കില്‍ അവരുടെ ഭാഗത്ത് നിന്ന് ചെറിയ തോതിലെങ്കിലുമുള്ള അധ്വാനം വേണം. ആ അധ്വാനം ഒഴിവാക്കാനുള്ള എളുപ്പ വഴിയാണ് എം.എന്‍. വിജയന്റെ ആളാണെന്ന് പറയുന്നത്. ഇത്തരത്തിലുള്ള എളുപ്പപ്പണികളെ ഞാന്‍ വകവെയ്ക്കാറില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Writer, Story, N Prabhakaran, Madhur Shareef, Article, Novel, Interview, Interview with N Prabhakaran.

Powered by Info News For You

Comments
Post a Comment