ആധാര്‍ ഇപ്പോള്‍ ബന്ധിപ്പിക്കേണ്ടത് സബ് സിഡി ഇളവ് ലഭിക്കുന്ന കാര്യത്തിനു മാത്രം; സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ സേവനത്തിന് ആധാറുമായി ബന്ധിപ്പിക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിയത് ജനത്തിന് താല്‍ക്കാലിക ആശ്വാസം

ന്യൂഡല്‍ഹി: (www.kvartha.com 14.03.2018) വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചതോടെ നെട്ടോട്ടത്തിലായ ജനത്തിന് താല്‍ക്കാലിക ആശ്വാസം. അക്ഷയ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആധാറുമായി ബന്ധിപ്പിക്കാന്‍ എത്തുന്നവരുടെ തെരക്ക് ഇതോടെ കുറഞ്ഞിരിക്കയാണ്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സുപ്രധാന വിധി നടത്തിയത്. ആധാര്‍ സംബന്ധിച്ച ഒരുകൂട്ടം കേസുകളില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയിരുന്നത്.

No Need to Link Aadhaar With Phone, Bank Account Till SC Verdict on Validity,New Delhi, News, Mobile Phone, Bank, Passport, Application, Supreme Court of India, Justice, National

മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിക്കാനുള്ള അവസാനതീയതിയാണ് അനിശ്ചിതകാലത്തേയ്ക്ക് നീട്ടിയിരിക്കുന്നത്. തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനു പോലും ആധാര്‍ കേസില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആധാര്‍ നിയമത്തിന്റെ ഏഴാം വകുപ്പില്‍ ഉള്‍പ്പെടുന്ന സബ്‌സിഡികള്‍ക്ക് ഇളവ് ബാധകമായിരിക്കില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 15 ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമയപരിധിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

സുപീംകോടതിയുടെ മുന്‍ ഉത്തരവ് മറികടന്ന് തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പുതുതായി ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ ചൂണ്ടിക്കാട്ടി. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകളും സ്വീകരിക്കുന്നുണ്ടെന്നും നടപടികള്‍ എളുപ്പത്തിലാക്കുന്നതിനാണ് ആധാര്‍ ആവശ്യപ്പെടുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

കേസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയിലുളള അവ്യക്തത ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് ഏഴിന് നടന്ന വാദത്തിനിടെ സുപ്രീംകോടതി 31 നകം ഉത്തരവ് ഉണ്ടായേക്കില്ലെന്ന് നിരീക്ഷിച്ചിരുന്നു. അന്തിമനിമിഷം കാലാവധി നീട്ടിനല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം ആധാര്‍ ബന്ധിപ്പിക്കലിന്റെ ഇളവ് നീട്ടുകയാണെങ്കില്‍ ആധാര്‍ നിയമത്തിന്റെ ഏഴാം സെക്ഷനില്‍ വരുന്ന സബ് സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ബാധകമാക്കരുതെന്നും കെ കെ വേണുഗോപാല്‍ അഭ്യര്‍ഥിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ആധാര്‍ നിയമം ധനബില്ലായി അവതരിപ്പിച്ചതിനെതിരെയുള്ള പി ചിദംബരത്തിന്റെ വാദത്തോടെയാണ് കോടതി വാദം ആരംഭിച്ചത്. നിയമനിര്‍മ്മാണത്തില്‍ രാജ്യസഭയുടെ പങ്കാളിത്തത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് ഇത് വിരുദ്ധമാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യസഭ നേരത്തെ ബില്‍ പരിഗണിച്ചപ്പോള്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ധനബില്ലായി നിയമം പാസാക്കിയതെന്നും ചിദംബരം കോടതിയെ അറിയിച്ചു.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിവിധ ഉത്തരവുകളിലായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. സ്വകാര്യത മൗലിക അവകാശമാണെന്ന ഒമ്പതംഗ ഭരണഘടന ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാറിന്റെ സാധുത ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്.

Keywords: No Need to Link Aadhaar With Phone, Bank Account Till SC Verdict on Validity,New Delhi, News, Mobile Phone, Bank, Passport, Application, Supreme Court of India, Justice, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?