പ്രണയത്തിനുമപ്പുറം, അവളുടെ ഓര്‍മ്മയില്‍ അവന്‍

കൂക്കാനം റഹ് മാന്‍

(www.kvartha.com 02.03.2018) ചെന്നൈയിലേക്കുളള ട്രെയിന്‍ യാത്രയിലാണ് അര്‍ജ്ജുനനെ പരിചയപ്പെട്ടത്. സംസാരം അളന്നുമുറിച്ചാണ്. വര്‍ത്തമാനം പറയുന്നതില്‍ പിശുക്കുണ്ടെങ്കിലും മുഖത്തെ പ്രസന്നഭാവം കണ്ടതിനാല്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അയാളുമായി സംഭാഷണത്തിലേര്‍പ്പെട്ടു. ചെന്നൈയില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയാണെന്നും ലീവ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞു. കമ്പാര്‍ട്ടുമെന്റില്‍ കോളജ് വിദ്യാര്‍ത്ഥികളെന്നുതോന്നുന്ന യുവതീയുവാക്കള്‍ പരസ്പരം സംസാരിച്ച് ബഹളം വെക്കുന്നുണ്ട്. ആണും പെണ്ണും തമ്മില്‍ ഇടപഴകുന്നത് കാണുമ്പോള്‍ മനസ്സില്‍ അമര്‍ഷം തോന്നി. കമ്പാര്‍ട്ടുമെന്റില്‍ മറ്റ് യാത്രക്കാരുണ്ട് എന്ന ചിന്ത പോലുമില്ലാതെയാണ് അവരുടെ കെട്ടിപ്പിടുത്തവും മറ്റും...

അര്‍ജ്ജുനന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം പുറത്തേക്ക് കണ്ണുംനട്ട് എന്തോ ചിന്തയില്‍ ഇരിക്കുകയാണ്. ഒന്ന് തൊട്ട്‌വിളിച്ച് സ്വകാര്യമായി യുവത്വത്തിന്റെ പേക്കൂത്തുകള്‍ ശ്രദ്ധിക്കാന്‍ ഞാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നിട്ടും അതിലൊരു താല്‍പര്യം കാണിക്കാത്ത ഭാവത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വിവാഹിതനും ഒന്നുരണ്ടു കുട്ടികളുടെ അച്ഛനുമായിരിക്കാം അര്‍ജ്ജുനനെന്ന് ഞാന്‍ കരുതി. താല്‍പര്യപൂര്‍വ്വം കുടുംബകാര്യമന്വേഷിച്ചു. 'അങ്ങനെ ഒരു സംഭവം ഇതേവരെ നടന്നിട്ടില്ല' ഇതായിരുന്നു പ്രതികരണം. വീണ്ടും ആകാംക്ഷയോടെ എന്റെ ചോദ്യം. 'ഇത്ര പ്രായമായിട്ടും മാന്യമായ തൊഴിലുണ്ടായിട്ടും അതെന്താ അങ്ങനെ സംഭവിച്ചത്'. 'അതൊരു കഥയാണ് സര്‍'. ഊം... ഞാന്‍ കഥ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.

Article, Kookanam-Rahman, Love, Train, School, Girl, Letter, Beyond love, He is in her memory.

'രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ നാട്ടില്‍ ഒരു ഹൈസ്‌ക്കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആ സ്‌ക്കൂളില്‍ പത്താം ക്ലാസ്സുകാരിയായ ഒരു പെണ്‍കുട്ടിയോട് എനിക്കെന്തോ ഒരു പ്രത്യേകത തോന്നി. അവളുടെ ചുരുളന്‍ മുടിയും, വെട്ടിത്തിളങ്ങുന്ന കണ്ണുകളും, കുസൃതി നിറഞ്ഞ ചിരിയും എനിക്ക് ആകര്‍ഷകമായി തോന്നി. അതിനെ പ്രണയമെന്നൊന്നും വിളിച്ചുകൂടാ. എന്തോ ഒരു അടുപ്പം. അത് അവളോട് പറഞ്ഞിട്ടില്ല. പറയുകയുമില്ല. പതിനാറ്കാരിയായ അവളുടെ ഗുരുവാണ് ഞാന്‍. പിന്നെങ്ങനെ പറയും?. കാലം അങ്ങനെ കടന്നു പോകുമെന്നും നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മനക്കോട്ട കെട്ടി. ആ സമയത്ത് ഞാന്‍ ഇരുപത്തഞ്ചു വയസ്സുകാരനാണ്. ഞാന്‍ മുപ്പതില്‍ എത്തുമ്പോള്‍ അവള്‍ ഇരുപത്തിയൊന്നിലെത്തും. അനുയോജ്യമായ സമയം അതായിരിക്കും. എന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടി ജീവിച്ചുവന്നു.

എന്റെ ഉള്ളിന്റെയുളളിലെ മനോവിചാരം ആരുമായും പങ്കിട്ടില്ല. പങ്കിടണമെന്ന് തോന്നിയിട്ടുമില്ല. അതൊരു വിഡ്ഢിത്തമായിപ്പോയെന്ന് കാലം ബോധ്യപ്പെടുത്തിത്തന്നു. അന്ന് ഏതെങ്കിലും തരത്തിലുളള സൂചന അവള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഈ വിധത്തിലുളള മാനസികവ്യഥ അനുഭവിക്കില്ലായിരുന്നു. പറ്റിപ്പോയ അബദ്ധം തിരിച്ചെടുക്കാനാവില്ലല്ലോ?'. 'എന്നിട്ടെന്തുണ്ടായി?' കഥ കേള്‍ക്കാനുളള ആവേശത്താല്‍ ഞാന്‍ ചോദിച്ചുപോയി. 'എന്തുണ്ടാവാന്‍ രണ്ടു വര്‍ഷം കഴിഞ്ഞുകാണും, അവളുടെ പ്രീഡിഗ്രി പഠനം കഴിഞ്ഞു. നീട്ടിപ്പിടിച്ച ഒരു ക്ഷണക്കത്തുമായാണ് ഒരുദിവസം അവള്‍ എന്റെ മുന്നിലേക്ക് വന്നത്. ക്ഷണക്കത്തുവാങ്ങി. വായിച്ചില്ല'. 'മാഷ് വരണം'. അവളുടെ മനോഹരമായ ചുണ്ടില്‍നിന്ന് വന്ന വാക്കുകള്‍ എനിക്ക് ശ്രവിക്കാന്‍ പ്രയാസമുണ്ടാക്കി. എങ്കിലും ഒന്നും പറയാതെ ഞാന്‍ സ്റ്റാഫ് റൂമിലേക്ക് ചെന്നു. കത്ത് പൊട്ടിച്ചു വായിച്ചു. മണിക്കൂറുകളോളം ചിന്തയില്‍ മുഴുകിയിരുന്നു. ആരോ തട്ടിവിളിച്ചപ്പോഴാണ് ചിന്തയില്‍നിന്നുണര്‍ന്നത്. മനസ്സില്‍ കാത്തുസൂക്ഷിച്ചുവച്ച ഒരു നിധിയായിരുന്നു അത്. അത് നഷ്ടപ്പെട്ടതോര്‍ത്ത് ദു:ഖിക്കാനേയിനിയാവൂ. ഞാന്‍ ഒന്നു തീര്‍ച്ചപ്പെടുത്തി. അവളുടെ വിവാഹത്തിന് നിര്‍ബന്ധമായും പങ്കെടുക്കണം. അമൂല്യമായൊരു സമ്മാനം കൈമാറണം. പക്ഷേ അവളുടെ താലികെട്ട് കാണാന്‍ എനിക്ക് കെല്‍പ്പില്ല. ആ ഭാഗ്യവാനെ കാണാന്‍ എന്റെ കണ്ണുകള്‍ക്ക് ശക്തിയില്ല. അതെനിക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു.

ആ സംഭവം നടന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. ഞാന്‍ കൊടുത്ത സമ്മാനം അവളുടെ കൈത്തണ്ടയില്‍ ഇന്നും കാണാം. 'എന്റെ ഹൃദയത്തുടിപ്പുകള്‍' എന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ആ വലിയ വളയുടെ ഉള്‍ഭാഗത്തായി എഴുതിവെച്ചിട്ടുണ്ട്. അതവളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അത്രയും ഇഷ്ടമായിരുന്നു എനിക്കവളെ. ഇനി എനിക്കൊരു വിവാഹം വേണ്ട. വേറൊരു പെണ്‍കുട്ടിയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എനിക്ക് കരുത്തില്ല. ഇത്രയൊക്കെ കേട്ടുകഴിയുമ്പോള്‍ ഈ വ്രണിതഹൃദയനെ ഒന്നാശ്വസിപ്പിക്കണമെന്നെനിക്കു തോന്നി. 'ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടോ? ഇങ്ങനെയൊരു തീരമാനത്തിലെത്തേണ്ട ആവശ്യമുണ്ടോ? നിങ്ങള്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടി വേറൊരാളുടെ ഭാര്യയായി ജീവിക്കുന്നു. അവര്‍ക്ക് കുട്ടികളുണ്ടായിക്കാണും. അവര്‍ ജീവിതം ആഘോഷിക്കുകയായിരിക്കും. നിങ്ങള്‍ എന്തിന് സ്വജീവിതം ഇങ്ങനെ വ്യര്‍ത്ഥമാക്കിക്കളയുന്നു?'. അര്‍ജ്ജുനന്‍ തുടര്‍ന്നു. 'അങ്ങനെയല്ല ഞാന്‍ ചിന്തിക്കുന്നത്. ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാന്‍ കഴിയാത്തത് മറ്റാരുടെയും കുറ്റം കൊണ്ടല്ല. ആ മൃദുല ഹൃദയമുളള പെണ്‍കുട്ടിയുടേതല്ല. കുറ്റം എന്റേതുമാത്രമാണ്. അതാണ് ഞാന്‍ പശ്ചാത്തപിക്കുന്നത്. ആ പശ്ചാത്താപം ഞാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവളുടെ ജീവിതത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കരുത്. അവള്‍ ആഹ്ലാദചിത്തയായി എന്നും ജീവിക്കണം. അത് കണ്ട് എനിക്ക് സന്തോഷിക്കണം. അത്രമേല്‍ ഇഷ്ടമാണെനിക്കവളെ. ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ അവള്‍ എന്റെ കൂടെ ഇറങ്ങിവരുന്ന കാലമുണ്ടായിരുന്നു. വൈവാഹികജീവിതത്തില്‍ അല്‍പമൊരു താളപ്പിഴയുണ്ടായിരുന്നത് ഞാനറിഞ്ഞിരുന്നു. അവളുടെ കണ്ണീരും, കദനവും എന്റെ ഹൃദയത്തില്‍ കൂരമ്പുകളേല്‍പ്പിച്ചിരുന്നു. എന്നിട്ടും ഞാന്‍ അവിവേകം കാണിച്ചില്ല.

വര്‍ഷം വീണ്ടും മുന്നോട്ടുപോയി. അവളുടെ ജീവിതം സുഖശീതളിമയിലായി. ഞാന്‍ സന്തോഷിച്ചു'. 'ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ അറിയുന്നതെങ്ങനെ?. പറഞ്ഞറിയുന്നതാണോ?. നിങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്താറുണ്ടോ?' ഞാന്‍ തിരക്കി. 'അങ്ങനെയൊന്നുമില്ല. ഞാന്‍ നിഴലായി അവളുടെ കൂടെയാണ്. എന്റെ ജീവിതം അവള്‍ക്കുവേണ്ടിയാണ്. അതവളറിയുമോ എന്നുപോലും എനിക്കറിയില്ല. ഞാന്‍ കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നതെങ്കിലും അവളറിയാതെ അവളെ കാണാന്‍ ആഴ്ചയില്‍ നാട്ടിലെത്തും. അതൊരു ആശ്വാസമാണെനിക്ക്. കണ്‍കുളുര്‍ക്കെ നോക്കി നില്‍ക്കും. എനിക്ക് നിരാശയൊന്നും തോന്നാറില്ല. കണ്ടില്ലെങ്കില്‍ മനസ്സ് തളരും. ഒപ്പം കൂട്ടിവരാനല്ല; ഒപ്പം ജീവിക്കാനല്ല, ഒന്നു കാണാന്‍ മാത്രം. അതുമതി എനിക്ക്'. ഇത് ഭ്രാന്തമായ ഒരാവേശമാണെന്ന് മാഷ് കരുതല്ലേ. പേരറിയാത്തൊരു നൊമ്പരമുണ്ട് എന്റെ മനസ്സില്‍. അതവളെ കണ്ടാല്‍ തീരും. അവള്‍ സന്തോഷമായി ജീവിക്കുന്നു എന്നെനിക്കറിഞ്ഞാല്‍ മതി. എനിക്കിന്ന് ബന്ധുക്കളായി ആരുമില്ല. ഞാന്‍ ഒറ്റയാനാണ്. എന്റെ ജീവിതച്ചെലവ് കഴിച്ച് മിച്ചം വെക്കുന്നതെല്ലാം അവള്‍ക്കുളളതാണ്. അവളുടെ കുട്ടികള്‍ക്കുളളതാണ്. ഇത് ഞാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇതും ഭ്രാന്താണെന്ന് മാഷ് വിധിയെഴുതല്ലേ?

എന്റെ ഈ സ്‌നേഹവും നടപടികളും അവളെ ഞാന്‍ അറിയിച്ചിട്ടില്ല. അവളുടെ മനസ്സ് പതറിപ്പോയെങ്കിലോ എന്ന് ഭയന്ന്. അവള്‍ നല്ലൊരു ഭാര്യയായി, മാതൃകയായ ഒരു അമ്മയായി ജീവിക്കണം. മരിക്കുംവരെ എനിക്കത് കാണണം അത്രമാത്രമാണ് എന്റെ ജീവിതാഭിലാഷം. ഇക്കാര്യം ലോകത്താര്‍ക്കുമറിയില്ല. എനിക്ക് മാത്രം അറിയുന്ന വസ്തുത. ഇപ്പോള്‍ മാഷും അറിഞ്ഞു. പക്ഷേ ഇങ്ങനെയൊരു പെണ്‍കുട്ടിയുണ്ട് എന്നല്ലാതെ എവിടെയാണെന്നോ, ആരാണെന്നോ, എന്താണെന്നോ മാഷോട് ഞാന്‍ പറഞ്ഞില്ലല്ലോ?. പറയുകയുമില്ല. പക്ഷേ മാഷെ ഒരു കാര്യം കൂടിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കാണും. അത് അവളുടെ ജന്മദിനത്തിലാണ്. ഞാന്‍ എത്തുമെന്നവള്‍ക്കറിയാം. മനസ്സ് തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണേ എന്ന് ഞാന്‍ അവളോട് മുന്‍കൂട്ടി പറയും. അവള്‍ അതിനേക്കാള്‍ മിടുക്കിയാണ്. സമ്മാനപ്പൊതിയുമായേ ഞാന്‍ ചെല്ലൂ. പക്ഷേ കഴിഞ്ഞ ഇരുപതു വര്‍ഷമായിട്ടും ആ സമ്മാനപ്പൊതി അവള്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കില്ലെന്നറിഞ്ഞതുകൊണ്ടാണ് ഞാന്‍ കൊണ്ടുപോകുന്നതും. എങ്കിലും ആ സമ്മാനപ്പൊതികളൊക്കെ എന്റെ ഷെല്‍ഫില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അവസാനം അവള്‍ക്കെടുക്കാന്‍... നേരില്‍ കാണുമ്പോള്‍ സംസാരം ഒന്നോ രണ്ടോ വാക്കില്‍ ഒതുക്കും. 'സുഖമല്ലേ?'. 'മകള്‍ ഏതു ക്ലാസ്സില്‍ പഠിക്കുന്നു?'. അതിന് ഒന്നോ രണ്ടോ വാക്കില്‍ ഉത്തരം കിട്ടും. കാറില്‍ കയറി ഞാന്‍ യാത്രയാവും. കാറിലിരുന്നു കണ്ണീര്‍ തുടക്കും... ദു:ഖം കൊണ്ടല്ല. കണ്ടതിലുളള സന്തോഷം കൊണ്ടാണ്. ഞാന്‍ ഉണര്‍ന്നെണീറ്റ ഉടനെ എന്റെ മുറിയില്‍ തൂക്കിയിട്ട പതിനാറുകാരിയുടെ മഞ്ഞ ദാവണിയണിഞ്ഞ ഫോട്ടോയിലേക്കു നോക്കും. വെറുതെ സ്വയം ചോദിക്കും. 'ഇന്നലെ സുഖമായുറങ്ങിയില്ലേ?' 'സുഖമല്ലേ?'. ഉത്തരം ഞാന്‍ തന്നെ പറയും.

പറഞ്ഞുതീര്‍ന്നപ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞു. ഉറക്കം മെല്ലെ കണ്ണിലേക്കെത്തി. ഞങ്ങളിരുവരും ബര്‍ത്തിലേക്ക് ചാഞ്ഞു. ഉറക്കം വന്നില്ല. എന്റെ തൊട്ടടുത്ത ബര്‍ത്തില്‍ ഉറങ്ങുന്ന സുമനസ്സിനെക്കുറിച്ചായിരുന്നു ചിന്ത. ഇദ്ദേഹത്തിന്റെ മനസ്സില്‍ ആ പെണ്‍കുട്ടിയെക്കുറിച്ച് നെയ്‌തെടുത്തത് പ്രണയമല്ല. ആത്മാര്‍ത്ഥത നിറഞ്ഞ സ്‌നേഹമെന്നും പറഞ്ഞുകൂടാ. എന്തോ ദൈവീകമായൊരാകര്‍ഷണം. വിട്ടുമാറാന്‍ പറ്റാത്ത ആത്മനിര്‍വൃതിക്കായുളള അടുപ്പം. അതങ്ങനെ തുടരട്ടെ. കളങ്കമില്ലാത്ത രണ്ടു മനസ്സുകള്‍ എന്നെങ്കിലും പരസ്പരം അടുക്കട്ടെ. അപ്പോഴെങ്കിലും ലോകമറിയട്ടെ ഇങ്ങനെയുമുണ്ട് പ്രണയത്തിനപ്പുറത്തൊരു ആത്മബന്ധമുണ്ടെന്ന്...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Love, Train, School, Girl, Letter, Beyond love, He is in her memory.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?