സൗദിയില്‍ സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി രാജകുമാരന്‍

റിയാദ്: (www.kvartha.com 20.03.2018) സൗദിയില്‍ സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി രാജകുമാരന്‍. ശരീരം മുഴുവന്‍ മറയ്ക്കുന്ന അയഞ്ഞ കറുത്ത പര്‍ദയോ തലമുഴുവന്‍ മൂടുന്ന കറുത്ത ദുപ്പട്ടയോ ഇനി സൗദി അറേബ്യന്‍ സ്ത്രീകള്‍ ധരിക്കേണ്ടതില്ലെന്നും പകരം മാന്യതയും ആദരവും നില നിര്‍ത്തുന്ന തരം വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്നും 32കാരനായ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. സൗദിയുടെ ഭരണാധികാരിയായശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സി ബി എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയിലെത്തിയ സൗദി രാജകുമാരന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് കാണാനിരിക്കെയാണ് പുതിയ പ്രഖ്യാപനങ്ങള്‍. സൗദി സ്ത്രീകള്‍ക്ക് ദശാബ്ദങ്ങളായി നിയന്ത്രണം ഏര്‍പ്പെടുത്തിയ ചില നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

Saudi women do not need to wear black abayas, Mohammed bin Salman says ahead of trip to US, Riyadh, Saudi Arabia, America, Visit, News, Report, Women, Trending, Gulf, World

രാജ്യത്തെ ആധുനികതയിലേക്കു നയിക്കുന്ന തരത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ കടുത്ത യാഥാസ്ഥിതിക പാരമ്പര്യത്തിന് അയവ് വരുത്തുമെന്നതിന്റെ സൂചന വ്യക്തമാക്കിയ രാജകുമാരന്‍ പക്ഷേ ഇസ്ലാമിക സ്ത്രീകള്‍ക്ക് ഇപ്പോഴും സൗദിയില്‍ പൂര്‍ണ സ്വാതന്ത്ര്യമില്ലെന്നും അവകാശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. സൗദിയില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത് ശരിയത്ത് നിയമമാണ്. അതില്‍ സ്ത്രീകളും പുരുഷന്മാരെപ്പോലെ മാന്യവും ആദരവും കലര്‍ന്ന വസ്ത്രധാരണ രീതിയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അത് കറുത്ത കുപ്പായമോ തലമൂടുന്ന കറുത്ത ദുപ്പട്ടയോ ആയിരിക്കണമെന്ന് പ്രത്യേകിച്ച് പറയുന്നില്ല. മാന്യവും ആദരവുളവാക്കുന്നതുമായ തരം ഏത് വേഷവും സ്ത്രീകള്‍ക്ക് ധരിക്കാമെന്നാണ് വിവക്ഷിക്കുന്നതെന്നും രാജകുമാരന്‍ പറഞ്ഞു.

അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആഭ്യന്തരമായി ഒട്ടേറെ മാറ്റങ്ങള്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്ന സൂചന നേരത്തേ തന്നെ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. സൗദിയിലെ കടുത്ത ആചാരങ്ങളെയും നിയമങ്ങളെയും അയഞ്ഞതാക്കി മാറ്റാനുള്ള തന്റെ താല്‍പര്യം കൂടി വ്യക്തമാക്കുന്നതായിരുന്നു രാജകുമാരന്റെ പ്രതികരണം. കഴിഞ്ഞ ജൂണിലാണ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പമിരുന്നു കളി കാണുന്നതിനും സൗദി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിനും അനുവദിച്ചു കൊണ്ട് നവീകരണം കൊണ്ടുവന്നത്. രാജ്യത്ത് തിയറ്ററുകള്‍ തുറക്കുകയും ചെയ്തിരുന്നു.

യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദിയില്‍ സ്ത്രീകള്‍ അയഞ്ഞ കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധിതമായി അനുശാസിക്കുന്നില്ലെങ്കിലും സ്ത്രീകള്‍ വ്യാപകമായി അംഗീകരിച്ച വേഷമായി അത് മാറിയിരുന്നു. എന്നാല്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലേക്ക് വരുന്നതോടെ സ്ത്രീകള്‍ നാമമാത്രമായ അവകാശങ്ങള്‍ ആസ്വദിക്കുകയാണ്്. അടുത്തിടെയായി തങ്ങളുടെ പര്‍ദയിലും സ്ത്രീകള്‍ ഈ ആധുനികത പരീക്ഷിക്കുന്ന ട്രെന്റുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കറുപ്പിന് പകരം നീലയും പിങ്കും നിറത്തിലുള്ള പര്‍ദയും മറ്റും സ്ത്രീകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. മാര്‍ച്ച് എട്ടിന് സൗദി നഗരമായ ജിദ്ദയില്‍ സ്ത്രീകള്‍ വനിതാദിനം ആഘോഷിക്കുകയും ചെയ്തിരുന്നു.

അതേസമയം തന്നെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യണമെങ്കിലോ ജോലിക്ക് പോകണമെങ്കിലോ വിവാഹം കഴിക്കുന്നതിനോ ബന്ധുവായ പുരുഷന്റെ അനുവാദം വേണമെന്ന രാജ്യത്തില്‍ നില നില്‍ക്കുന്ന പുരുഷകേന്ദ്രീകൃതമായ നിയമത്തില്‍ നിന്നും പിന്നോക്കം പോകാന്‍ അദ്ദേഹം തയ്യാറായില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവേചനപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുഎന്‍ ശബ്ദമുയര്‍ത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു.

Keywords: Saudi women do not need to wear black abayas, Mohammed bin Salman says ahead of trip to US, Riyadh, Saudi Arabia, America, Visit, News, Report, Women, Trending, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?