സമരത്തിന് ഹൈക്കോടതി സ്റ്റേ; അനിശ്ചിതകാല അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി നഴ്‌സുമാര്‍

തിരുവനന്തപുരം: (www.kvartha.com 02.03.2018) മാര്‍ച്ച് അഞ്ചിന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ അനിശ്ചിതകാല അവധി എടുത്ത് പ്രതിഷേധിക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍. ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ സംസ്ഥാന യോഗം തീരുമാനിച്ചിരിക്കുന്നത്.


സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഞ്ചാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിന് സംഘടന ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സമരം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹരജി നല്‍കിയത്. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തിര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുക. സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന പ്രകാരം 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.

ശമ്പള വര്‍ധനവ് നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. സമരം തടഞ്ഞ ഹൈക്കോടതി നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും സംഘടന കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Protest, Strike, Nurses, High Court, Nurses to protest against private hospital management, To ready for Indefinite leave   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?