വയല്‍ക്കിളിയുടെ സമരപ്പന്തല്‍ കത്തിച്ച സംഭവം; സി പി എമ്മിന്റെ ഫാസിസ്റ്റ് നിലപാടുകളും എതിര്‍ക്കപ്പെടണം: നടന്‍ പ്രകാശ് രാജ്

കാസര്‍കോട്: (www.kvartha.com 15.03.2018) മുംബൈയില്‍ കര്‍ഷകമാര്‍ച്ച് സംഘടിപ്പിച്ച സിപിഎം തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍സംരക്ഷണസമിതിയുടെ സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടുകളും എതിര്‍ക്കപ്പെടേണ്ടതാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിനും മാനവികതയ്ക്കും എതിരുനില്‍ക്കുന്ന ഏതൊരു ചിന്താഗതിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സിപിഎം കര്‍ഷകരുടെ സമരം തകര്‍ത്തെങ്കില്‍ അവരുടെ നടപടിയും ബിജെപിയുടെ ഫാസിസം പോലെ അപകടകരമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളെന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.

കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. വിശപ്പിന് പ്രത്യേകിച്ചൊരു നിറമോ പ്രത്യയശാസ്ത്രമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനീകാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് താന്‍ അവരെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. അവരെ ജനങ്ങള്‍ സ്‌നേഹിച്ചത് അവരുടെ സിനിമകള്‍ കൊണ്ടാണ്. ഇപ്പോള്‍ പുതിയൊരു മേഖലയില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍ അവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളെപ്പോലെയാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയേക്കാള്‍ അപകടകരമാണ് ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയമെന്ന് പ്രകാശ്‌രാജ് വ്യക്തമാക്കി. നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ മാത്രമേ ഭരണാധികാരികളെ തിരുത്താന്‍ സാധിക്കൂ. തങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയരാന്‍ പോലും ബിജെപി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മറുപടി പറഞ്ഞു. മതത്തിന്റെ പിന്നില്‍ ഒളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്.

ഭൂരിപക്ഷം കിട്ടാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും മേഘാലയിലും അടക്കം ബിനാമി സര്‍ക്കാരുകളെ വെച്ച് ബി ജെ പി ഭരിക്കുന്നു. ബിജെപിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍ രാജ്യത്തെ ഏല്‍പിച്ചുകൊടുക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ബി ജെ പി എന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തെ ഇവിടെ നിന്നും തുടച്ചുനീക്കണമെന്നും ഭരണഘടന പൊളിച്ചെഴുതണമെന്നുമാണ് ബി ജെ പിയുടെ നിലപാട്. ഇത് അപകടകരമാണ്.

വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ താന്‍ ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചരണത്തിനിറങ്ങില്ല. എന്നാല്‍ ബിജെപിക്കെതിരെ പ്രചരണം നടത്തും. ഇനിയുമൊരു ഗൗരി ലങ്കേഷ് സംഭവം ആവര്‍ത്തിക്കരുത്. പ്രകാശ്‌രാജ് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ സ്വന്തം കഴിവുകൊണ്ടു മാത്രമല്ല, സമൂഹത്തിന്റെ സ്‌നേഹം കൊണ്ടുകൂടിയാണ്. ആ സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലായതുകൊണ്ടാണ് താനിപ്പോള്‍ ശബ്ദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Prakash Raj about BJP, kasaragod, News, Press meet, Politics, Criticism, Allegation, BJP, CPM, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?