അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി വിവാദം; മത മൗലികവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:(www.kvartha.com 15/02/2018) ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി... എന്ന ഗാനം വിവാദമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണരായി വിജയന്‍ രംഗത്ത്. ഗാനത്തിനെതിരെ ചിലര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മത മൗലികവാദികള്‍ക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലെ ഈ ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഗാനം തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്നാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'അഡാര്‍ ലവ്' എന്ന സിനിമയിലെ 'മാണിക്യ മലരായ ബീവി, മാണിക്യമലരായ പൂവി' എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കുകയാണ്.

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്.

അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി എം എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്.

'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാ ബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്.

മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?