വീടുകളില്‍ കയറി ഭക്ഷണം കട്ടുതിന്ന് വാനരപ്പട; പൊറുതിമുട്ടി നാട്ടുകാര്‍


ആദൂര്‍: (www.kasargodvartha.com 11.02.2018) വീടുകളില്‍ കയറി ഭക്ഷണം കട്ടുതിന്നും കാര്‍ഷിക വിളകള്‍ നശിപ്പിച്ചും വാനരപ്പടയുടെ വിളയാട്ടം. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദേലംപാടി, കാറഡുക്ക, മുളിയാര്‍ എന്നിവിടങ്ങളിലും കുറ്റിക്കോല്‍, ബേഡഡുക്ക അതിര്‍ത്തി പ്രദേശങ്ങളിലുമാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കുരങ്ങുകള്‍ കടുത്ത തലവേദനയായി മാറുകയാണ്.

വീടുകളില്‍ കയറി ഭക്ഷണസാധനങ്ങള്‍ കട്ടുതിന്നുന്നതിന് പുറമെ വസ്ത്രങ്ങള്‍ കീറി നശിപ്പിക്കുകയും ചെയ്യുന്നു. ഇവയെ ഓടിക്കാന്‍ ശ്രമിക്കാന്‍ കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നു. വാനരന്മാരെ ഭയന്ന് വീടുകളില്‍ കഴിയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ആദ്യമൊക്കെ ആളുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ വാനരന്മാര്‍ ഓടിയൊളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഇവറ്റകള്‍ വകവെക്കുന്നില്ല.

ഏറെ നാളായി അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാനരന്മാര്‍ ശല്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ജീവനു തന്നെ ഭീഷണിയാകുന്ന സ്ഥിതിയാണ്. പകല്‍ സമയത്ത് ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കുരങ്ങുകള്‍ ആളുകളുടെ ശ്രദ്ധ ഒന്നു തെറ്റിയാല്‍ വീട്ടിനുള്ളില്‍ കടന്ന് ഭക്ഷണ സാധനങ്ങള്‍ തട്ടിയെടുക്കുന്നു. വീട്ടുകാര്‍ നോക്കി നില്‍ക്കെ തന്നെയാണ് കുരങ്ങുകളുടെ പിടിച്ചുപറി. ഗൃഹോപകരണങ്ങള്‍ക്ക് കേട് വരുത്താനും ഇവറ്റകള്‍ക്ക് മടിയില്ല.

വീടിനും പുറത്തും മറ്റും ഉണങ്ങാനിടുന്ന വസ്ത്രങ്ങളിലേക്ക് ചാടിക്കയറി ഊഞ്ഞാലാടുന്ന വാനരന്മാര്‍ തുണിയുടെ ഒരു ഭാഗം കീറി അതുമായി ഓടുന്നു. വീടുകളില്‍ ആരുമില്ലെങ്കില്‍ സര്‍വ്വ നാശം വരുത്തിയ ശേഷമാണ് വാനരന്മാര്‍ പുറത്തിറങ്ങുന്നത്. ഓടുമേഞ്ഞ വീടുകളില്‍ അടച്ചിട്ടാലും മുകളിലേക്ക് ചാടിക്കയറി ഓടുകള്‍ നീക്കി തൂങ്ങി അകത്തേക്ക് ചാടാനും ഇവര്‍ക്ക് വിരുതുണ്ട്. ഇപ്പോള്‍ കള്ളന്മാര്‍ക്ക് പുറമെ കുരങ്ങുകളെയും ഭയക്കേണ്ട അവസ്ഥയാണ് നാട്ടുകാര്‍ക്ക്.

കരിക്കുകളും മൂപ്പെത്താത്ത അടക്കകളും പച്ചക്കറികളും കുരങ്ങുകള്‍ നശിപ്പിക്കുന്നു. പത്തും അമ്പതും ഉള്ള കൂട്ടങ്ങള്‍ രാവിലെയെത്തി വൈകുന്നേരം തിരിച്ചുപോകുമ്പോഴേക്കും കൃഷി തോട്ടങ്ങള്‍ ആകെ അലങ്കോലമാക്കിയിട്ടുണ്ടാകും. ഈ ഭാഗങ്ങളിലെ സ്‌കൂളുകളിലും അംഗണ്‍വാടികളിലും കുരങ്ങുകള്‍ കൂട്ടത്തോടെ കയറി ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുന്നുണ്ട്. പരാക്രമങ്ങള്‍ തുടര്‍ന്ന് പൊറുതി മുട്ടിക്കുന്ന കുരങ്ങുകളെ കെണിവെച്ച് പിടികൂടി ഉള്‍കാട്ടിലേക്ക് വിടാനുള്ള നടപടികള്‍ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയിരുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. മുളിയാര്‍ കുണിയേരിയില്‍ കുരങ്ങുകളെ കുടുക്കാന്‍ കൂട് വരെ തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ ഈ കൂടുകളില്‍ കുരങ്ങുകളൊന്നും കയറിയില്ല. വാനരന്മാരെ തുരത്താന്‍ കഴിയാതെ വനപാലകരും വിഷമവൃത്തത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Natives, House, Adoor, Monkeys disturbs peoples
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?