എ കെ ജി ജനമനസിലുള്ളപ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള സ്മാരകം വേണോ? നിര്‍ധനര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികളുടെ പ്രായോഗികതയാകട്ടെ പാവങ്ങളുടെ പടത്തലവനോടുള്ള ആദരവ്

ടി കെ പ്രഭാകരന്‍ 

(www.kvartha.com 06.02.2018) കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുന്നു. സംസ്ഥാനബജറ്റിലും സാമ്പത്തികപ്രതിസന്ധിയുടെ കെടുതികള്‍ അദ്ദേഹം അക്കമിട്ടുനിരത്തുന്നു. ഇതിനെ മറികടക്കാന്‍ നികുതി ഭാരം അടക്കമുള്ളവ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മാരകനിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഭൂമികുതിയുടെ വര്‍ധനവാണ്. മാത്രമല്ല ഭൂമിരജിസ്ട്രേഷനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

Kerala, Article, Politics, CPM, AKG, T.K Prabhakaran, AKG issues and Kerala Budget, Article.

ഇതിനുപുറമെ ക്ഷേമപെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്ന കടുത്ത നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്. വലിയ വീടുകളും വാഹനങ്ങളും ഉള്ളവര്‍ക്കുമാത്രമല്ല രണ്ടേക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍ക്കും ഇനി പെന്‍ഷന് അര്‍ഹതയില്ലെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു. രണ്ടേക്കര്‍ സ്ഥലം വരുമാനമില്ലാത്ത പാറപ്രദേശമാണെങ്കില്‍പോലും പെന്‍ഷന് അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിപോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇരുപത്തഞ്ച് സെന്റിന് താഴെ മാത്രം സ്ഥലമുള്ളവര്‍ മാത്രമേ ലൈഫ് പദ്ധതിയില്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നായിരുന്നു ആദ്യഘട്ടനിബന്ധന. രണ്ടാംഘട്ടമെത്തിയപ്പോള്‍ പദ്ധതിക്ക് കൂടുതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. 10 സെന്റ് സ്ഥലത്തിനുതാഴെയുള്ളവര്‍ക്ക് മാത്രം വീട് എന്നതാണ് പുതിയ വ്യവസ്ഥ. റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കുകയുള്ളൂ. പത്തുസന്റ് സ്ഥലം മാത്രമുള്ളവര്‍ ഭവനരഹിതരാണെങ്കില്‍ പോലും റേഷന്‍കാര്‍ഡില്ലെങ്കില്‍ വീടില്ല. വീടില്ലാതെ റേഷന്‍കാര്‍ഡ് ലഭിക്കില്ല എന്നിരിക്കെ ഈ നിബന്ധനയുടെ ഉദ്ദേശശുദ്ധി ഇപ്പോള്‍ പരക്കെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേ സമയം ഭരണത്തില്‍ നല്ല സ്വാധീനമുള്ളവര്‍ക്കും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി തഴയപ്പെടുകയാണെന്ന ആക്ഷേപങ്ങളും ഉയര്‍ന്നുവരികയാണ്.

വീടുകള്‍ ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും വീട് എന്ന വിരോധാഭാസവുമുണ്ട്. ലൈഫ് പദ്ധതിയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നതിന് ഇടനിലക്കാരുടെ അവിഹിതമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കള്ളക്കളികളും പ്രധാനകാരണമാണ്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഈ മേഖലയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുടങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തികപ്രതിസന്ധിയിലാണ്. കര്‍ഷക കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ആശാവഹമായ നടപടികളൊന്നുമില്ല. റബ്ബറിന്റെയും തേങ്ങയുടെയും കുരുമുളകിന്റെയും വിലയിടിവ് കര്‍ഷകരുടെ ജീവിതനിലവാരത്തെ ബഹുദൂരം പിറകോട്ടുവലിക്കുന്നു. വിലക്കയറ്റം കാരണം കര്‍ഷകരും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളും അടക്കമുള്ള അടിസ്ഥാനവര്‍ഗങ്ങള്‍ ജീവിതമാര്‍ഗം വഴിമുട്ടിയ അവസ്ഥയിലാണ്.

ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് എ കെ ജിക്ക് സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാനബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കകത്തുതന്നെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എ കെ ജിക്ക് സ്മാരകം നിര്‍മിക്കരുതെന്ന അഭിപ്രായം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അതിന് തിരഞ്ഞെടുത്ത സാഹചര്യമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ ദുരിതങ്ങളില്‍ നിന്നും ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ആശ്വാസപദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം കൂടിയാണ് എ കെ ജി സ്മാരകം പോലുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. അനുചിതമായ സമയത്ത് ചിലവഴിക്കുന്ന പണം വിവേകപൂര്‍ണമല്ലെന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നത് ഒരു ഭരണകൂടമാണെങ്കില്‍ അത് നീതിരഹിതമായ ധൂര്‍ത്ത് കൂടിയാണ്. ജനതാത്പര്യങ്ങള്‍ക്ക് എതിരുമാണത്. വയോജനങ്ങളും വികലാംഗരും വിധവകളും അടക്കമുള്ളവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ക്ഷേമപെന്‍ഷനുകള്‍ പോലും കവര്‍ന്നെടുത്ത് എ കെ ജിക്ക് സ്മാരകം നിര്‍മിച്ചാല്‍ മഹാനായ ആ മനുഷ്യന്റെ ആത്മാവ് പോലും പൊറുക്കില്ല.

തുഛമായ 1,000 രൂപ മാത്രമാണ് പെന്‍ഷന്‍ എന്ന പേരില്‍ അവശജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ആ പെന്‍ഷന്‍വിതരണം തന്നെ പൊതുവെ മുടങ്ങിയ അവസ്ഥയിലാണ്. മൂന്നോ നാലോ മാസം കൂടുമ്പോള്‍ മാത്രമാണ് നാമമാത്രമായ പെന്‍ഷന്‍ തുക ലഭിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും ഈ ചെറിയ തുക തികയില്ല. പുതിയ കുറെ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അതുപോലും ഇല്ലാതാക്കാനുള്ള മനുഷ്യത്വരഹിതമായ നിലപാടുകളാണ് ക്ഷേമപെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഞ്ചുലക്ഷത്തോളം പേരെ ക്ഷേമപെന്‍ഷനില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികളുമായാണ് അധികാരികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതേ സമയം സര്‍ക്കാര്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും കോടികളുടെ ഭൂസ്വത്തുക്കള്‍ സ്വന്തം പേരിലും ബിനാമിപേരിലും വാങ്ങിക്കൂട്ടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ക്കുള്ള പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.

സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ പൗരന്‍മാരെന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെ രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കൂലിവേലക്കാരും കര്‍ഷകരും മത്സ്യതൊഴിലാളികളും മറ്റ് അടിസ്ഥാനജനവിഭാഗങ്ങളും പൗരന്‍മാരല്ലെന്ന മനോഭാവമാണോ ഇവിടത്തെ ഭരണകൂടം പുലര്‍ത്തുന്നതെന്ന ചോദ്യം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവരെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗങ്ങളെ കണ്ണീരുകുടിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി തെരുവില്‍ ഐതിഹാസികസമരങ്ങള്‍ നടത്തുകയും കൊടിയ പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത മഹാനായ എ കെ ജിയോട് കാണിക്കുന്ന തികഞ്ഞ അനാദരവാണ്. വിലക്കയറ്റത്തിലും കടക്കെണിയിലും ഉഴറുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മുതുകില്‍ അധികനികുതിയുടെ മാറാപ്പ് കയറ്റിയും ആനുകൂല്യങ്ങളുടെ ചെറിയ തുരുത്തുകള്‍ പോലും വെട്ടിനീക്കിയും അവരെ നിരാലംബതയുടെ അഗാധതയിലേക്കേ് വലിച്ചെറിയുന്ന നയം സ്വീകരിക്കുന്നത് എ കെ ജിയുടെ സ്മാരകമടക്കമുള്ള രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ ഇതിനെ നഗ്‌നമായ അധികാരദുര്‍വിനിയോഗവും ഏകപക്ഷീയമായ ജനാധിപത്യധ്വംസനവുമായി വിലയിരുത്തേണ്ടിവരും. ജനലക്ഷങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും മുകളില്‍ പടുത്തുയര്‍ത്തുന്ന  എ കെ ജിയുടെ സ്മാരകത്തില്‍ ആര്‍ക്കാണ് അഭിമാനം കൊള്ളാനാവുക. എ കെ ജിയുടെ പേരില്‍ പാവങ്ങള്‍ക്ക് ആശ്വാസവും സഹായവുമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരുമെഡിക്കല്‍ കോളജ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്ളത് കാസര്‍കോട്ടാണ്.

ജനിതകവൈകല്യങ്ങളടക്കം ബാധിച്ചും വരള്‍ച്ച മുരടിച്ചും ശരീരം തളര്‍ന്നും മനോവൈകല്യങ്ങള്‍ ബാധിച്ചും നരകതുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങളാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടുള്ളത്. ഇത്തരമൊരു പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്ത് കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. കാസര്‍കോട്ട് എത്രയും വേഗം മെഡിക്കല്‍ കോളജ് നിര്‍മിച്ച് അതിന് എ കെ ജിയുടെ പേരിട്ടിരുന്നുവെങ്കില്‍ അത് ഉചിതമായ ജീവകാരുണ്യപ്രവര്‍ത്തനമാകുമായിരുന്നു. അല്ലെങ്കില്‍ ജനക്ഷേമകരമായ മറ്റുപദ്ധതികളും എ കെ ജിയുടെ നാമത്തില്‍ നടപ്പില്‍ വരുത്തുന്നതിനെ ആരും എതിര്‍ക്കില്ല. അതൊന്നും ചെയ്യാതെ എ കെ ജിക്ക് പ്രത്യേക സ്മാരകമുണ്ടാക്കുന്നതും അതിനായി 10 കോടി നീക്കിവെക്കുന്നതും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അധാര്‍മികമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകള്‍ നിരത്തുന്ന ധനമന്ത്രിയുടെ വാദഗതിയെ തന്നെ കൊഞ്ഞനം കുത്തുന്ന സാമ്പത്തിക ദുരുപയോഗത്തിന്റെയും ധൂര്‍ത്തിന്റെയും നടുക്കുന്ന വിവരങ്ങളാണ് സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിത രീതികളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരമുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ക്കും ഖജനാവില്‍ നിന്നും പണം ചോര്‍ത്താമെന്ന ഭാവത്തോടെയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നിഷേധിച്ചുകൊണ്ടാണ് ഈ ഖജനാവ് കൊള്ളയെന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഏതൊരു കേരളീയന്റെയും സിരകളില്‍ രോഷം പതഞ്ഞുപൊങ്ങുക തന്നെ ചെയ്യും. സുഖചികിത്സക്കും വിദേശയാത്രകള്‍ക്കും സ്വന്തം വസതികളും ഔദ്യോഗികവസതികളും മോടിപിടിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന ഖജനാവില്‍ നിന്നും ധൂര്‍ത്തടിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല.

മന്ത്രി പുംഗവന്‍മാരുടെ സാധാരണ അസുഖങ്ങള്‍ക്കുപോലും ചികിത്സ അമേരിക്കയിലും ദല്‍ഹിയിലും. കണ്ണിന്റെ കാഴ്ചക്ക് ചെറിയതോതില്‍ മങ്ങലേറ്റാല്‍ ധരിക്കാന്‍ അരലക്ഷത്തിന്റെ കണ്ണടകള്‍. ആദ്യം ആരോഗ്യമന്ത്രിയും ആണ് കണ്ണടവിവാദത്തിലകപ്പെട്ടവര്‍. ഭരണസ്വാധീനവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ചുള്ള ഭൂമികയ്യേറ്റങ്ങള്‍ വേറൊരു ഭാഗത്ത് തകൃതിയാകുന്നു. കേരളത്തിന് കോടികളുടെ കടബാധ്യതയുണ്ടെന്ന് പറയുമ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബരജീവിതത്തിനും ഒരു കുറവുമില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ചില മന്ത്രിമാരുടെ ആഴിമതികളും മറ്റ് നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി തങ്ങളുടെ പണക്കൊഴുപ്പ് നിറഞ്ഞ ജീവിതത്തിന് ന്യായീകരണം കണ്ടെത്താനല്ലാതെ പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്കാകുന്നില്ല. രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ അഴിമതികളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇവരുടെ ന്യായം പറച്ചില്‍ അങ്ങേയറ്റം അരോചകവുമാണ്. വലുതായാലും ചെറുതായാലും അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനക്ക് നിരക്കാത്തതുമാണ്. ഒരു കാര്യം മറക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഓര്‍ത്താല്‍ നന്നായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Politics, CPM, AKG, T.K Prabhakaran, AKG issues and Kerala Budget, Article.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?