മധു മരിച്ചത് തലയുടെ പിന്നിലേറ്റ ശക്തമായ അടിയെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം ; ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

തൃശൂര്‍: (www.kvartha.com 24.02.2018) അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ചു കൊന്നതാണെന്ന വാദം ശരിവച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മധു മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്നും ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴുവകുപ്പുകള്‍ കൂടി ചുമത്തുമെന്നും ഐജി അറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം 12 മണിയോടെ അവസാനിച്ചു. പോലീസിന്റെ കൂടി സാന്നിധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

Madhu's Post mortem report, Thrissur, News, Trending, Local-News, Dead Body, Police, Medical College, Kerala

മധുവിന്റെ നെഞ്ചിലും മര്‍ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി. അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലീസ് ജീപ്പില്‍ വച്ച് ഛര്‍ദിച്ചിരുന്നു. തലയിലുണ്ടായ ക്ഷതം കാരണമാണ് മധു ഛര്‍ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

വ്യാഴാഴ്ചയാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്. അരി മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി ശനിയാഴ്ച അറസ്റ്റു ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട എട്ടു പ്രതികളും പിടിയിലായി.

Keywords: Madhu's Post mortem report, Thrissur, News, Trending, Local-News, Dead Body, Police, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?