മരവിപ്പിച്ചത് നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍; പിന്നാലെ ശമ്പളം നല്‍കാന്‍ പണമില്ലെന്നും വേറെ ജോലി നോക്കാനും ജീവനക്കാരോട് നിര്‍ദേശിച്ച് നീരവ് മോഡിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: (www.kvartha.com 24.02.2018) സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ, ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും വേറെ ജോലി നോക്കാനും ജീവനക്കാരോട് നിര്‍ദേശിച്ച് നീരവ് മോഡിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സി.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസില്‍പ്പെട്ട് നീരവ് മോഡിക്കൊപ്പം അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും 1200 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ ഇന്ത്യയിലെ ബിസിനസ് നിര്‍ത്തുകയാണെന്ന സൂചനകള്‍ ഇരുസ്ഥാപനങ്ങളും പുറത്തുവിട്ടു.

PNB fraud: Nirav Modi’s passport revoked, Mehul Choksi tells employees he can’t pay their dues, Cheating, Corruption, Bank, Banking, Business, Business Man, Trending, Corruption, National

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളം നല്‍കാനാവില്ലെന്നു നീരവ് മോഡിയും ജീവനക്കാരെ അറിയിച്ചിരുന്നു. അതേസമയം ശമ്പളം ആവശ്യപ്പെട്ട് നീരവിന്റെ സ്ഥാപനങ്ങളിലെ എഴുന്നൂറോളം ജീവനക്കാര്‍ സമരത്തിലാണ്. ഇതിനുപിന്നാലെയാണു തട്ടിപ്പില്‍ പങ്കാളിയായ മെഹുല്‍ ചോക്‌സിയും ജീവനക്കാരെ കൈവിട്ടത്. നൂറുകണക്കിനു ജീവനക്കാരാണു ചോക്‌സിയുടെ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നത്.

രണ്ടു പേജ് കത്താണു ജീവനക്കാരെ അഭിസംബോധന ചെയ്ത് ചോക്‌സി പുറത്തുവിട്ടത്. തട്ടിപ്പുകേസില്‍ തന്നെ കുടുക്കിയതാണെന്നും നീതിരഹിതമായാണു പെരുമാറുന്നതെന്നും ചോക്‌സി പറയുന്നു. യുക്തിരഹിതമായ അന്വേഷണം തന്നെ അരക്ഷിതനാക്കുന്നു, ഭയപ്പെടുത്തുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണ്. സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ചേര്‍ന്നു തന്റെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കി. നിരപരാധിത്വം തെളിയിക്കാന്‍ സമയമേറെ എടുക്കും.

ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തനിക്കിപ്പോള്‍ നിര്‍വാഹമില്ല. ജീവനക്കാര്‍ പുതിയ ജോലി കണ്ടുപിടിക്കുന്നതാണു നല്ലത്. ശമ്പളം മാത്രമല്ല, വൈദ്യുതി ബില്‍, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവയും എങ്ങനെ അടയ്ക്കുമെന്ന് അറിയാന്‍ വയ്യ. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ശമ്പളാനുകൂല്യങ്ങള്‍ കിട്ടുംവരെ കൈവശം വയ്ക്കാം. തൊഴിലാളികള്‍ക്കു റിലീവിങ് ലെറ്ററും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും എച്ച്ആര്‍ വിഭാഗം ഉടന്‍ നല്‍കണമെന്നും കത്തില്‍ ചോക്‌സി ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണു നീരവും ചോക്‌സിയും ചേര്‍ന്നു നടത്തിയത്. 11,400 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും ഇരുവരും ന്യായീകരിക്കുന്നു. അതിനിടെ, പിഎന്‍ബി തട്ടിപ്പില്‍ മൗനം ഭഞ്ജിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. പൊതുപണം കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

മൊഹുല്‍ ചോക്‌സിയുടെ സ്ഥാപനമായ ഗീതാഞ്ജലി ജെംസിനു ഹൈദരാബാദ് പ്രത്യേക സാമ്പത്തികമേഖലയിലുള്ള വസ്തുവകകളാണു കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. ചോക്‌സിയുടേതും നീരവ് മോഡിയുടേതുമായി 94.5 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപങ്ങളും മരവിപ്പിച്ചു. ഇതില്‍ 86.72 കോടിയുടെ നിക്ഷേപവും ചോക്‌സിയുടേതാണ്. മുംബൈയില്‍ മോഡിയുടെ ഒന്‍പത് ആഡംബരക്കാറുകളും പിടിച്ചെടുത്തു.

നീരവ് മോഡിയുടെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഇതില്‍ 30 കോടി രൂപയുടേതു നിക്ഷേപവും ശേഷിക്കുന്നത് ഓഹരികളുമാണ്. ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ ശേഖരവും കഴിഞ്ഞദിവസം പിടിച്ചെടുത്തു. ഒരാഴ്ചത്തെ റെയ്ഡിനിടെ 176 സ്റ്റീല്‍ അലമാരകള്‍, 158 വലിയ പെട്ടികള്‍, 60 കണ്ടെയ്‌നറുകള്‍ എന്നിവ നിറയെ സാധനങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. വിവിധയിടങ്ങളില്‍ പരിശോധന തുടരുകയാണ്.

അതിനിടെ ചോദ്യംചെയ്യലിനു തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പട്ടു നീരവ് മോഡിയുടെ ഭാര്യ ആമിക്കു സമന്‍സ് അയച്ചു. അന്നുതന്നെ ഹാജരാകാന്‍ നീരവിനും ബിസിനസ് പങ്കാളിയായ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, പാസ് പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നതിനാല്‍ എത്താനാകില്ലെന്നാണ് ആദ്യത്തെ സമന്‍സിന് നീരവ് നല്‍കിയ മറുപടി. അതിനിടെ, ചോക്‌സി ദക്ഷിണ മുംബൈ ഫോര്‍ട്ടിലെ ജമ്മുകശ്മീര്‍ ബാങ്ക് ശാഖയില്‍ 152 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വിവരവും പുറത്തായി.

അതേസമയം 11,300 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോഡിയുടേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടേയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കമ്പനി നിയമ ട്രൈബ്യൂണലിനെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സമീപിച്ചു. നീരവ് മോഡി, ഭാര്യ എമി മോഡി, മോഡിയുടെ സഹോദരന്‍ നിശാല്‍ എന്നിവരും കേസില്‍ പ്രതികളാണ്.

കമ്പനി നിയമത്തിലെ 221, 222 വകുപ്പുകള്‍ പ്രകാരം നീരവ് മോഡി കേസിലുള്‍പ്പെട്ട 64 പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാരിന്റെ നീക്കം. കുടുംബാംഗങ്ങളെ കൂടാതെ നീരവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടേയും ട്രസ്റ്റുകളുടേയും സ്വത്തുക്കളും ഏറ്റെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കൈമാറ്റം ചെയ്യുന്നതോ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ട്രൈബ്യൂണലിനെ സമീപിച്ചത്. 2009ല്‍ സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പ് ഉണ്ടായപ്പോള്‍ സമാനമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വത്തുക്കള്‍ ഏറ്റെടുത്തിരുന്നു.

അതിനിടെ പി.എന്‍.ബിയിലെ വായ് പാ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രമുഖ ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ കൂപ്പേഴ് സിനെ (പി.ഡബ്ലിയു.സി)ചുമതലപ്പെടുത്തി. ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ നിന്ന് വായ് പ ലഭിക്കാന്‍ സഹായകമായ ലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് (എല്‍.ഒ.യു) നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയത് സംബന്ധിച്ചാകും പി.ഡബ്ലിയു.സി അന്വേഷിക്കുക.

മോഡിയുടെയും കേസില്‍ ഉള്‍പ്പെട്ട അമ്മാവന്‍ മെഹുല്‍ ചോക്‌സി ഉള്‍പ്പടെയുള്ളവരുടെയും ആസ്തികള്‍ സംബന്ധിച്ചും പി.ഡബ്ലിയു.സി അന്വേഷിക്കും. അതേസമയം, നീരവ് മോഡിയെ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍' ആയി പ്രഖ്യാപിക്കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്ക് ശ്രമം തുടങ്ങി. വില്‍ഫുള്‍ ഡിഫോള്‍ട്ടറായി പ്രഖ്യാപിക്കപ്പെട്ടാല്‍ മോഡിക്ക് ഇനി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകില്ല. ലിസ്റ്റഡ് കമ്പനികളുടെ നേതൃത്വവും വഹിക്കാനാവില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PNB fraud: Nirav Modi’s passport revoked, Mehul Choksi tells employees he can’t pay their dues, Cheating, Corruption, Bank, Banking, Business, Business Man, Trending, Corruption, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?