മരുന്ന് കമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് ഒത്തുകളിക്കുന്നു; ചൂഷണത്തിനിരയാകുന്നത് പാവപ്പെട്ട രോഗികള്‍, മരുന്നു കമ്പനികളുടെ പകല്‍കൊള്ളയ്ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ വില നിയന്ത്രണ നടപടികള്‍ക്കും സാധിക്കുന്നില്ല

കാസര്‍കോട്: (www.kvartha.com 22.02.2018) മരുന്ന് കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിക്കുന്നില്ല. സര്‍ക്കാരിന്റെ വില നിയന്ത്രണ പട്ടികയില്‍ നിന്നും പുറത്തു കടക്കാന്‍ പുതുവഴികള്‍ തേടുകയാണ് മരുന്ന് കമ്പനികള്‍. ഇതിന് ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് കൂട്ടുനില്‍ക്കുന്നു. ഏതാണ്ട് 616 ഓളം മരുന്നുകളാണ് സര്‍ക്കാരിന്റെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പെടുന്നത്. ഇത്തരം മരുന്നുകള്‍ വില കുറച്ചു നല്‍കാന്‍ തയ്യാറാകാതെ മരുന്നുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ മരുന്നുകളിറക്കിയാണ് വില നിയന്ത്രണ പട്ടികയില്‍ നിന്നും പുറത്തു കടന്ന് വലിയ വിലയ്ക്ക് മരുന്നുകള്‍ വില്‍പന നടത്തുന്നത്.

സര്‍ക്കാരിന്റെ വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പെട്ട കുട്ടികളുടെ പനിക്കുള്ള ഡോളപ്പര്‍ 125 എം ജി 21 രൂപയ്ക്കുള്ളില്‍ വില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മരുന്നിന് 20.16 രൂപയാണ് ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില നിയന്ത്രണപ്പട്ടികയില്‍ നിന്ന് പുറത്തു കടക്കാന്‍ ഡോളോ 120 എം ജി എന്ന പുതിയ മരുന്ന് ഇറക്കിയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ഈ മരുന്നിന് 31.50 രൂപയാണ് കമ്പനി രോഗികളില്‍ നിന്നും ഈടാക്കുന്നത്. ആദ്യത്തെ മരുന്നിന്റെ ഉത്പാദനം കുറയ്ക്കുകയും പുതിയ മരുന്നിന് ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കാന്‍ നിര്‍ബന്ധിക്കുകയുമാണ് മരുന്ന് കമ്പനികള്‍ ചെയ്യുന്നത്.

മൈകോഡോക്‌സ് ഡി ടി എന്ന പേരില്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന ആന്റി ബയോട്ടിക്കിന് പത്തെണ്ണത്തിന് 7.25 രൂപയാണ് സര്‍ക്കാരിന്റെ വില നിയന്ത്രണ പട്ടികയില്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ആന്റി ബയോട്ടിക് ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ കിട്ടാനില്ല. ഇതിനു പകരം ലാറ്റിക് ആസിഡ് എന്ന ചേരുവ കൂടി കൂട്ടിച്ചേര്‍ത്ത് മൈകോഡോക്‌സ് എല്‍ബിഎക്‌സ് എന്ന പേരില്‍ പുതിയ മരുന്ന് ഇറക്കിയപ്പോള്‍ വില അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചു. 69.50 രൂപയ്ക്കാണ് ഇതേ ആന്റിബയോട്ടിക് ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകളിലൂടെ വില്‍പന നടത്തുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണപ്പട്ടികയില്‍ വരുന്ന ഓരോ മരുന്നുകളുടെയും അവസ്ഥ സമാനമാണ്.

സര്‍ക്കാര്‍ ഓരോ മരുന്നുകള്‍ക്കും വില നിയന്ത്രണം കൊണ്ടുവരുമ്പോള്‍ കമ്പനികള്‍ ഉടന്‍ തന്നെ അത് മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ച് പുതിയ ചേരുവകള്‍ ചേര്‍ത്ത് മരുന്ന് പുതിയ രൂപത്തില്‍ മാര്‍ക്കറ്റിലിറക്കി നിയന്ത്രണത്തില്‍ നിന്നും പുറത്തു കടക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് നിയന്ത്രണത്തിന്റെ ഒരു ഫലവും ലഭിക്കുന്നില്ല. പുതിയ മരുന്നുകള്‍ക്ക് അംഗീകാരും നല്‍കുന്നതും സര്‍ക്കാര്‍ തന്നെയാണ്. ഇതിനൊരു പരിഹാര നിര്‍ദേശം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ചൂഷണത്തിന് പ്രധാന കാരണം.

കുത്തിവെപ്പ് മരുന്നുകളിലൂടെയും മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നുണ്ട്. ഒരു ഇഞ്ചക്ഷന് രണ്ട് മുതല്‍ മൂന്നു വരെ ഇഞ്ചക്ഷനുകള്‍ സൗജന്യമായി നല്‍കുന്നു. അതല്ലെങ്കില്‍ 200 ശതമാനം വരെ ലാഭ വിഹിതം മരുന്ന് വില്‍പനക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും ഇതിന്റെ പങ്കു പറ്റുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളെ മരുന്ന് കമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് കടുത്ത ചൂഷണത്തിനാണ് ഇരയാക്കുന്നത്. വില നിയന്ത്രണത്തില്‍പെടുന്ന മരുന്നുകളൊന്നും തന്നെ ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കാറില്ല. മരുന്നു കമ്പനികളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ കാസര്‍കോട്ടെ ജി.എച്ച്.എം എന്ന സംഘടന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (NPPA) പരാതി നല്‍കിയിരിക്കുകയാണ്.

കമ്പനികളുടെ പേര് നല്‍കാതെ മരുന്നുകളുടെ ജനിതക പേരുകളിലുള്ള കുറിപ്പടികള്‍ ഡോക്ടര്‍മാര്‍ നല്‍കി തുടങ്ങിയാല്‍ മാത്രമേ മരുന്നു കമ്പനികളുടെ കൊള്ള ചെറിയ രീതിയിലെങ്കിലും തടയാന്‍ കഴിയുകയുള്ളൂവെന്നാണ് മരുന്ന് വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Government, Medicine, Medicine Company, Medicine Co's cheating in Kerala
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?