ദേശീയ പുരസ്‌കാരത്തിളക്കവുമായി ഉത്തരവാദിത്ത ടൂറിസം; ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്

തിരുവനന്തപുരം: (www.kvartha.com 12.02.2018) ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ് മെന്റ് അവാര്‍ഡ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്.

ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡ് വിഭാഗത്തിലാണ് കേരളത്തിന് ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത്.

Kerala responsible Tourism gets grant award, Thiruvananthapuram, News, Travel & Tourism, Business, Minister, Award, New Delhi, Hotel, Kerala

രൂപീകരണ കാലം മുതല്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന പുതുമയുള്ള ആശയങ്ങള്‍ക്കും നടപ്പിലാക്കുന്ന ജനകീയവും കാര്യക്ഷമവുമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായി ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഈ പരമോന്നത നേട്ടത്തെ കണക്കാക്കാം.

ഫെബ്രുവരി 9, 10 തിയ്യതികളില്‍ ന്യൂ ഡെല്‍ഹിയിലെ ഐ ടി സി മൗര്യ ഹോട്ടലില്‍ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന അവാര്‍ഡ് നിശയില്‍വെച്ച് പുരസ്‌കാരം വിതരണം ചെയ്തു. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ലോക പ്രശസ്ത ഇന്നോവേറ്ററും അവാര്‍ഡ് ജേതാവും ഐസ് സ്തൂപ പ്രൊജക്റ്റ് ശില്പിയുമായ സോനം വാങ്ചുക്, ഡബ്ല്യൂ ടി എം റെസ്‌പോണ്‍സിബിള്‍ ടൂറിസം അഡൈ്വസര്‍ ഡോ. ഹാരോള്‍ഡ് ഗുഡ്‌വിന്‍, ഔട്ട്‌ലുക്ക് ട്രാവലര്‍ സി ഇ ഒ ഇന്ദ്രനീല്‍ റോയ് എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്.

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേരത്തേ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തില്‍ കോട്ടയം ജില്ലയിലെ കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കി തുടങ്ങിയത്. കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ രാജ്യത്തേക്ക് പ്രസ്തുത പുരസ്‌കാരം ആദ്യമായി കടന്നു വരികയായിരുന്നു.

പ്രാദേശിക ജനതയുടെ ജീവിതത്തിനും പരിസ്ഥിതിക്കും ഒട്ടും ഹാനികരമാവാത്ത വിധത്തില്‍ ടൂറിസം വ്യവസായവുമായി അവയെ കണ്ണിചേര്‍ത്തുകൊണ്ടുള്ള പദ്ധതികള്‍ തദ്ദേശ ജനതയുടെ പൂര്‍ണമായ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രാദേശിക ജീവിതവും സാംസ്‌കാരിക സവിശേഷതകളും ജീവനോപാധികളുമെല്ലാം ടൂറിസവുമായി കണ്ണി ചേര്‍ത്തതിലൂടെ പാരിസ്ഥികാഘാതം പരമാവധി കുറയുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്തു.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ അതിനൂതനാശയങ്ങള്‍ സൃഷ്ടിക്കുന്ന കേരളം ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരണത്തിലൂടെ ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടു.

' ടൂറിസം മേഖലയില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്തെ പുതിയ ചുവടുവെപ്പുകളോടെ വളരെയേറെ ദേശീയ - അന്തര്‍ദേശീയ ശ്രദ്ധ നേടിയിരിക്കുന്നു. തദ്ദേശീയ ജനതയുടെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ആവശ്യങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നിറവേറ്റപ്പെടുന്നത്.

ടൂറിസം മേഖലയില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളില്‍ പൊതുജന പങ്കാളിത്തം ഉറപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം. വയനാട്, കുമരകം, തേക്കടി, കോവളം തുടങ്ങിയ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാദിത്ത മിഷന്റെ മികവുറ്റ പ്രകടനത്തിനുള്ള വലിയ അംഗീകാരമാണ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം രംഗത്ത് ലഭിച്ചിട്ടുള്ള ഉന്നതമായ ഈ പുരസ്‌കാരം ' എന്ന് ടൂറിസം,സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

'കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ഏറെ ദൂരം താണ്ടിയിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്കും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കും അധിക വരുമാനവും ഉപജീവനോപാധിയും ഉറപ്പുവരുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തെ പൊതു സമൂഹത്തിനൊന്നടങ്കം പ്രയോജനകരമായിത്തീര്‍ന്നിട്ടുണ്ട്,' ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് പറഞ്ഞു.

'ടൂറിസം പദ്ധതികളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കി അവര്‍ക്ക് സഹായ ഹസ്തം നീട്ടുന്നത് വഴി രാജ്യത്തിനും ലോകത്തിനു തന്നെയും കേരളം മാതൃകയാവുകയാണ്. ഉത്തരവാദിത്ത ടൂറിസം രംഗത്തെ കേരളത്തിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം ഈ ദിശയില്‍ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തു പകരും,' കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐ എ എസ് പറഞ്ഞു.

ടൂറിസം രംഗത്തെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും ലോകവും കേരളത്തെ മാതൃകയാക്കണം എന്ന് സോനം വാങ് ചുക്ക് അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡും ലോകത്തെ എടുത്തുപറയേണ്ട ടൂറിസം പദ്ധതിക്കുള്ള ഡബ്ല്യൂ ടി എം അവാര്‍ഡും നേരത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങിയിരുന്നു.

Keywords: Kerala responsible Tourism gets grant award, Thiruvananthapuram, News, Travel & Tourism, Business, Minister, Award, New Delhi, Hotel, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?