അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ 800 ഓളം കുടുംബങ്ങള്‍ക്കായി ചെലവിട്ടത് 140 കോടി; എന്നിട്ടും മധുവിന് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത ട്രൈബല്‍ വകുപ്പും പ്രതിക്കൂട്ടില്‍, കയ്യേറ്റക്കാര്‍ ആദിവാസിയുടെ ഭൂമി മുഴുവനും തട്ടിയെടുത്തു, നിര്‍മിതി കേന്ദ്രത്തിന്റെ വര്‍ക്കറായിരുന്ന മധുവിന് സമനിലതെറ്റിയത് ജോലിക്കിടെ തലക്കടിയേറ്റപ്പോള്‍

പാലക്കാട്: (www.kvartha.com 23.02.2018) അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ 800 ഓളം കുടുംബങ്ങള്‍ക്കായി ട്രൈബല്‍ വകുപ്പ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചെലവിട്ടത് 140 കോടിയോളം രൂപ. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ പട്ടിണിയും രോഗവും മാത്രമാണ്. കഴിഞ്ഞദിവസം മോഷ്ടാവ് എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിന് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത ട്രൈബല്‍ വകുപ്പും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ആദിവാസിയുടെ ഭൂമി മുഴുവനും കയ്യേറ്റക്കാര്‍ തട്ടിയെടുത്തിരിക്കയാണ്.

നിര്‍മിതി കേന്ദ്രത്തിന്റെ വര്‍ക്കറായിരുന്ന മധുവിന് സമനിലതെറ്റിയത് ജോലിക്കിടെ അറിയാതെ തലക്കടിയേറ്റപ്പോഴാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനുശേഷം മധു കാട്ടിലാണ് താമസിക്കുന്നത്. തലയ്ക്കടിയേറ്റ ശേഷം മധുവിന് മനുഷ്യരെ കാണുന്നതുതന്നെ ഭയമാണ്. വീട്ടില്‍ നിന്നിറങ്ങിപ്പോയി കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമാണ് കഴിഞ്ഞുവന്നിരുന്നത്. നാട്ടകാര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നിട്ടും മധുവിനെ വിചാരണ ചെയ്തും, സെല്‍ഫി എടുത്തും വിഡിയോ മൊബൈലില്‍ പകര്‍ത്തിയും മര്‍ദിച്ചും പീഡിപ്പിച്ചും കൊല്ലുകയായിരുന്നു.

Tribal youth beaten to death by mob for alleged theft in Kerala, Palakkad, Trending, News, Crime, Criminal Case, Protesters, Mobile Phone, Kerala

ഇടയ്ക്കിടെ നാട്ടില്‍ വന്ന് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് കാട്ടിലേക്ക് തിരിച്ചുപോകും. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത മധുവിനെ നിഷ്ഠരമായി കൊലപ്പെടുത്തിയ സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കയാണ്. ഉത്തരേന്ത്യയില്‍ മാത്രം നടന്നുവന്നിരുന്ന ഇത്തരം വിചാരണ കൊലകള്‍ കേരളത്തിലും ആവര്‍ത്തിച്ചപ്പോള്‍ സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് തലകുനിക്കേണ്ടി വന്നിരിക്കയാണ്.

മധുവിനെ വിചാരണ ചെയ്തവര്‍ അവന്റെ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും കണ്ടെടുത്തത് ഇലയില്‍ പൊതിഞ്ഞപാതി വെന്ത അരിയും, കുറച്ചു മല്ലിപ്പൊടിയും, മുളകുപൊടിയും മറ്റുമായിരുന്നു. എവിടുന്നോ കിട്ടിയ കേടായ മൊബൈല്‍ ചാര്‍ജറും മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നു. കാട്ടിനുള്ളില്‍ സംഘങ്ങളായി ചെന്ന് മധുവിനെ പിടികൂടി മര്‍ദിച്ചശേഷം ഉടുതുണി അഴിച്ചെടുത്ത് അതുകൊണ്ട് കൈ കൂട്ടിക്കെട്ടിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് നാട്ടില്‍ വെച്ചും വിചാരണ തുടര്‍ന്നു.

അതിനുശേഷം പോലീസിനെ വിളിച്ചുവരുത്തി മോഷ്ടാവാണെന്ന് പറഞ്ഞ് ഏല്‍പിക്കുകയായിരുന്നു. പോലീസ് ജീപ്പില്‍ വെച്ച് പലതവണ ഛര്‍ദിച്ച മധുവിനെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദിവാസികളുടെ ക്ഷേമത്തിനായി കോടികള്‍ തുലയ്ക്കുന്ന ട്രൈബല്‍ വകുപ്പ് എന്നും ആദിവാസികളുടെ സഹായങ്ങള്‍ കൈയ്യിട്ടുവാരുകയാണ് ചെയ്യുന്നത്. മധുവിന്റെ കൊലപാതകത്തിന്റെ ഉത്തവാദിത്തത്തില്‍ നിന്നും ട്രൈബല്‍ വകുപ്പിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് ആദിവാസി ക്ഷേമപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ഭരണകൂടം ഇനിയെങ്കിലും തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമികളെല്ലാം ഇന്ന് കൈയ്യേറ്റക്കാരുടെ പിടിയിലാണ്. ഇത് ഒഴിപ്പിച്ച് അര്‍ഹരായ ആദിവാസികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Keywords: Tribal youth beaten to death by mob for alleged theft in Kerala, Palakkad, Trending, News, Crime, Criminal Case, Protesters, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?