സിപിഐ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 07.02.2018) സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതല്‍ 13 വരെ ചട്ടഞ്ചാലില്‍ നടക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ബഹുജനറാലി, റെഡ് വളണ്ടിയര്‍ പരേഡ്, പ്രതിനിധി സമ്മേളനം എന്നിവ നടക്കും.

സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായി. ട്രേഡ് യൂണിയന്‍ സമ്മേളനം, കര്‍ഷക സമ്മേളനം, വനിതാ സമ്മേളനം, യുവജന- വിദ്യാര്‍ത്ഥി സമ്മേളനം, ആദിവാസി സമ്മേളനം, വിവിധ സാംസ്‌കാരിക വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണ സദസ്സുകള്‍, കൂട്ടയോട്ടം, കലാ-സാഹിത്യ മത്സരങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു. ഫെബ്രുവരി 11ന് വൈകുന്നേരം ചട്ടഞ്ചാലില്‍ ഇ കെ മാസ്റ്റര്‍ നഗറില്‍ ബഹുജനറാലി നടക്കും.

മൂന്നു മണിക്ക് പൊയിനാച്ചിയില്‍ നിന്നും റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഇ കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ എത്തുന്നതോടുകൂടി പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. പൊതുസമ്മേളന നഗരിയില്‍ യുവകലാസാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഗായക സംഘം അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും ഉണ്ടാകും.

പ്രതിനിധി സമ്മേളനം ഫെബ്രുവരി 12,13 തീയ്യതികളില്‍ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ അഡ്വ. കെ കെ കോടോത്ത് നഗറില്‍നടക്കും. പ്രതിനിധി സമ്മേളന നഗരിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എന്‍ ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ എന്നീ നേതാക്കള്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ എക്സിക്യൂട്ടീവംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളും ഉള്‍പ്പെടെ 163 പേര്‍ പങ്കെടുക്കും. സമ്മേളനം പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം കാസര്‍കോട് ജില്ലയുടെ സവിശേഷമായ വികസനവും മറ്റ് ജനകീയ ആവശ്യങ്ങളും ചര്‍ച്ച ചെയ്യും.

സമ്മേളന നഗരികളില്‍ ഉയര്‍ത്തുന്നതിനുള്ള കൊടി, കൊടിമര, ബാനര്‍ എന്നിവ ഫെബ്രുവരി 10 ന് ജില്ലയിലെ വിവിധ സമരാദ്ധ്യരായ പാര്‍ട്ടി നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ കൊണ്ടുവരും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന കയ്യൂരിലെ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ന നിന്നും രാവിലെ 9.30 ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി എ നായര്‍ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണനെ ഏല്‍പ്പിക്കും. കൊടിമരം കുറ്റിക്കോലിലെ പയന്തങ്ങാനം കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ വെച്ച് ഉച്ചയ്ക്ക് 1.30 ന് പാര്‍ട്ടി ജില്ലാ കൗണ്‍സിലംഗം പി ഗോപാലന്‍ മാസ്റ്റര്‍ അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണനെ ഏല്‍പ്പിക്കും. ബാനര്‍ രണ്ടു മണിക്ക് മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും മടിക്കൈയിലെ ആദ്യകാല പാര്‍ട്ടി നേതാവ് എം കുഞ്ഞിക്കണ്ണന്‍ ബി കെ എം യു ജില്ലാ സെക്രട്ടറി സി പി ബാബുവിനെ ഏല്‍പ്പിക്കും. സമ്മേളന നഗരിയില്‍ വെച്ച് പതാക ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും കൊടിമരം ജില്ലാ അസി. സെക്രട്ടറി ബി വി രാജനും ബാനര്‍ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് കുര്യാക്കോസും ഏറ്റുവാങ്ങും.

പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക 10 ന് രാവിലെ 9.30 ന് മഞ്ചേശ്വരത്ത് ഡോ. സുബ്ബറാവുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന്  മുതിര്‍ന്ന പാര്‍ട്ടി നേതാവ് ബി എം അനന്ത എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ഹരിദാസ് പെരുമ്പളയെ ഏല്‍പ്പിക്കും. കൊടിമരം രണ്ടു മണിക്ക്  പെരുമ്പളയിലെ ഇ കൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം ചാത്തുകുട്ടി നായര്‍ എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണനെ ഏല്‍പ്പിക്കും. ബാനര്‍ രാവിലെ 11 മണിക്ക് ഏളേരി പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പി അപ്പുഞ്ഞിനായര്‍ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവിയെ ഏല്‍പ്പിക്കും. പതാക സ്വാഗതസംഘം ജനറല്‍ സെക്രട്ടറി വി രാജനും കൊടിമരം ജില്ലാ എക്സിക്യൂട്ടീവംഗം എം അസിനാറും ബാനര്‍ സ്വാഗതസംഘം ട്രഷറര്‍ എം കൃഷ്ണന്‍ നായരും ഏറ്റുവാങ്ങും. ആറ് ജാഥകളും വൈകുന്നേരം നാലു മണിക്ക് 55-ാം മൈലില്‍ കേന്ദ്രീകരിച്ച് പ്രകടനമായി ചട്ടഞ്ചാലിലെ പൊതുസമ്മേളന നഗരിയായ ഇ കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി കൃഷ്ണന്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും.

2015 ജനുവരി 18 മുതല്‍ 20 വരെ നീലേശ്വരത്ത് വെച്ച് നടന്ന ജില്ലാ സമ്മേളനത്തിന് ശേഷം സംഘടനാപരമായ കെട്ടുറപ്പിലും ബഹുജന സ്വാധീനത്തിലും ശ്രദ്ധേയമായ മുന്നേറ്റം നേടിയെടുക്കാന്‍ ജില്ലയില്‍ സി പി ഐ ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ പുതിയ സ്വാധീനമേഖലകളുണ്ടാക്കാനും ചിട്ടയോടെ മുന്നോട്ടുപോകാനും സാധിച്ചിട്ടുണ്ട്. കൂടുതലായി ഒട്ടേറെ ബ്രാഞ്ചുകളും അനുഭാവി ഗ്രൂപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ഗ്ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കമ്മറ്റിയംഗം കെ വി കൃഷ്ണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ടി കൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPI, Conference, CPI District Conference on 11 to 13
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?