വാടിക്കാല്‍ രാമകൃഷ്ണന്‍ വധം; പി. ജയരാജനെതിരെ കേസെടുക്കണമെന്ന് കുമ്മനം

കാസര്‍കോട്: (www.kvartha.com 30.01.2018) ആര്‍ എസ് എസ് പ്രവര്‍ത്തകനായ വാടിക്കാല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. ബിജെപിയുടെ വികാസ് യാത്രയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.

1969 ലാണ് രാമകൃഷ്ണന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. രാമകൃഷ്ണന്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നോ കൊലയാളികള്‍ ആരാണെന്നോ ഇത്രയും കാലമായിട്ടും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പി. ജയരാജന്‍ വെളിപ്പെടുത്തിയത് രാമകൃഷ്ണനെ കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന് തിരിച്ചടിയായി കൊലപ്പെടുത്തിയെന്നാണ്. വരമ്പത്ത് കൂലി സിദ്ധാന്തപ്രകാരമാണ് രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് ജയരാജന്‍ മേനി നടിക്കുകയും ചെയ്തിരിക്കുന്നു. ജയരാജന്റെ ഇത്തരമൊരു വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. ജയരാജന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി രാമകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

പാവപ്പെട്ട കുടുംബത്തിലെ തൊഴിലാളിയായിരുന്നു രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം അനാഥാവസ്ഥയിലാവുകയായിരുന്നു. കൊലയാളികള്‍ തങ്ങള്‍ തന്നെയെന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലാണ് ജയരാജന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ പോലീസ് ജയരാജനെതിരെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തേണ്ടതാണ്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയായ എം എം മണി വണ്‍ ടൂ ത്രീ പ്രയോഗത്തിലൂടെ സിപിഎം കൊല ചെയ്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഉടന്‍ തന്നെ മണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ജയരാജനെതിരെ കേസെടുക്കാന്‍ ആവശ്യമായ നടപടികള്‍ ആഭ്യന്തര വകുപ്പാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ ഉണ്ടാകണം. കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ബിജെപി ആലോചിക്കുമെന്ന് കുമ്മനം വ്യക്തമാക്കി.



Keywords: Kasaragod, Kerala, News, Case, Kummanam Rajasekharan, BJP, Murder case, Politics, Vadikkal Ramakrishnan murder; Kummanam against P. Jayarajan
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?