സുന്നി ഐക്യനീക്കങ്ങള്‍ക്ക് എന്തുപറ്റി? ഇനിയെത്രനാള്‍ കാത്തിരിക്കണം?

തിരുവനന്തപുരം: (www.kvartha.com 25.01.2018)  കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി ജംഇയ്യത്തുല്‍ ഉലമയും ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തമ്മിലുള്ള ഐക്യനീക്കങ്ങള്‍ മുമ്പെന്നേക്കാള്‍ ആത്മാര്‍ത്ഥതയോടെ നീങ്ങുന്നുവെന്നു വന്നതോടെ അതു പൊളിക്കാന്‍ ശ്രമം നടന്നതായി സൂചനകള്‍ പുറത്തുവന്നു.

പൂര്‍ണമായി വിജയിച്ചില്ലെങ്കിലും ഇ കെ വിഭാഗത്തെ കുറച്ചു പിന്നോട്ടടിക്കാന്‍ കഴിഞ്ഞു എന്നാണ് വാസ്തവം. സമസ്തയുടെ അസ്ഥിത്വം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഐക്യമുണ്ടാകില്ലെന്ന് അധ്യക്ഷന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത് ഇതിന് തെളിവായാണ് വിലയിരുത്തപ്പെടുന്നത്. സമസ്തയുടെ കീഴിലുള്ള പ്രമുഖ മത കലാലയമായ ജാമിഅ നൂരിയയുടെ വാര്‍ഷിക സമ്മേളനത്തിലാണ് തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ ജിഫ് രി തങ്ങളുടെ പ്രഖ്യാപനം.

Leaders from both factions are sincere on Sunny Unity attempt, Thiruvananthapuram, Muslim, Conference, News, Malappuram, Video, Social Network, Kerala, Religion.

അതേസമയം ഐക്യനീക്കത്തില്‍ നിന്നു പിന്മാറുന്നു എന്ന സൂചനകളല്ല ഉള്ളത് എന്നത് ഐക്യവിരോധികള്‍ക്ക് പൂര്‍ണമായും വിജയിക്കാനായില്ല എന്നതിനും തെളിവാകുന്നു. സമുദായത്തിന്റെ ആത്മീയ നേതൃത്വം സമസ്ത പോലുള്ള സംഘടനകളും, രാഷ്ട്രീയ നേതൃത്വം ലീഗുമാണ് എന്ന് ഇതേ സമ്മേളനത്തില്‍ അവകാശപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി എം പി കാന്തപുരം വിഭാഗത്തിനു നേര്‍ക്കെറിഞ്ഞ ഒളിയമ്പാണ് അവരുമായുള്ള ഐക്യംപൊളിക്കല്‍ നീക്കങ്ങള്‍ക്ക് പരസ്യമായ തെളിവായി കണക്കാക്കപ്പെടുന്നത്.

ലീഗും സമസ്തയും തമ്മില്‍ എന്തോ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന പഴുതിലൂടെ ഇങ്ങോട്ട് കയറി വരാന്‍ ശ്രമിക്കുന്നവര്‍ മെലിഞ്ഞു മെലിഞ്ഞ് ചെറുതായവരാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. അതിന് സമൂഹമാധ്യമങ്ങളില്‍ എ പി വിഭാഗം കണക്കിനു മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യക്തിത്വം നഷ്ടപ്പെടുത്തി ഐക്യമുണ്ടാക്കില്ല എന്ന കാന്തപുരം വിഭാഗം കാസര്‍കോട് നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് അസ്ഥിത്വം നഷ്ടപ്പെടുത്തി ഐക്യമുണ്ടാകില്ല എന്ന് ജിഫ് രി തങ്ങള്‍ പറയുന്നത്.

എന്നാല്‍ ലയനവും ഐക്യവും തമ്മില്‍ കൂട്ടിക്കുഴച്ച് രണ്ടു പക്ഷത്തെയും ചില നേതാക്കള്‍ തെറ്റായി മനസിലാക്കിയതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലയനമല്ല പരസ്പര സംഘര്‍ഷങ്ങളും അകല്‍ച്ചയും ഒഴിവാക്കുന്ന ഐക്യമാണ് നടപ്പാവുക എന്നാണ് മുതിര്‍ന്ന നേതാക്കളും ഐക്യം ആഗ്രഹിക്കുന്ന പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നത്.

മുജാഹിദ് ഗ്രൂപ്പുകള്‍ ഐക്യപ്പെടുകയും അവരുടെ സംസ്ഥാന സമ്മേളനത്തിന് സമസ്തയുടെ വിലക്ക് ലംഘിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും സംബന്ധിച്ചത് വിവാദമായതിനുപിന്നാലെയാണ് സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചത്.

മുമ്പ് പലതവണ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഐക്യചര്‍ച്ചകള്‍ പലതും നടന്നെങ്കിലും എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പുതിയ നീക്കങ്ങള്‍ക്ക് പിന്തുണയുമായി ഇരു സമസ്തകളും ചര്‍ച്ചകള്‍ക്കായി നാലുവീതം പ്രതിനിധികളെ നിയോഗിച്ചതോടെ സുന്നി സമൂഹം ഏറെ പ്രതീക്ഷകളോടെയാണ് ഐക്യശ്രമങ്ങളെ എതിരേറ്റത്.

രണ്ടു പക്ഷത്തെയും പണ്ഡിതന്മാരുടെ പരസ്യ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി മുന്നോട്ടു പോകണമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്. മുമ്പ് രണ്ടു പക്ഷത്തിന്റെയും അകല്‍ച്ച വര്‍ധിപ്പിക്കാന്‍ എരിതീയില്‍ എണ്ണയൊഴിച്ചവര്‍ക്ക് തങ്ങള്‍ ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന് തിരിച്ചറിയാന്‍ പാകത്തിനുള്ള പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഇപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറം വെന്നിയൂരിലെ സാദാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങളും എ പി വിഭാഗം നേതാവും മലപ്പുറം മേല്‍മുറി മഅ് ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളും തമ്മില്‍ പരസ്യമായി വേദിയില്‍വച്ചുതന്നെ സൗഹൃദം പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഐക്യനീക്കം പൊളിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചതത്രേ.

1989ലെ പിളര്‍പ്പിനു ശേഷമുണ്ടായ മുഴുവന്‍ മുറിവുകളും മായുന്നതിന് തുടക്കമാകുന്ന ഇടപെടലുകള്‍ വേറെയും പല തലങ്ങളില്‍ നടക്കുന്നുണ്ട്. ഇ കെ വിഭാഗം നേതാക്കളിലൊരാളും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സിന്‍സാറുല്‍ ഹഖ് ഹുദവി കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗം ഈ ദിശയിലുള്ളതാണ്. ഇതിനകം തന്നെ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വന്‍തോതില്‍ പ്രചരിച്ചു കഴിഞ്ഞു. തന്നെ ആക്രമിച്ചവര്‍ക്കുപോലും മാപ്പു നല്‍കാനാണ് അല്ലാഹു തന്നോട് കല്‍പ്പിച്ചതെന്ന് നബി തിരുമേനി പറഞ്ഞത് ഓര്‍മിപ്പിച്ചുകൊണ്ടാണ് സുന്നി ഐക്യശ്രമങ്ങളിലേക്ക് ഹുദവി കടന്നത്.

ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ( സൂചന മരണത്തേക്കുറിച്ച്) ഒരുങ്ങും മുമ്പ് എല്ലാവരും എല്ലാവര്‍ക്കുമായി പൊറുത്തു കൊടുക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. 'സംഘടനകള്‍ തമ്മില്‍ വിയോജിപ്പുകളും പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഒരു ഐക്യത്തിലേക്കും പൊരുത്തപ്പെടലിലേക്കും കടക്കുമ്പോള്‍ ആ ഐക്യത്തേക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടാണെങ്കിലും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഐക്യത്തിന്റെ കാര്യത്തില്‍ ഈ സമുദായം ഒന്നായി നില്‍ക്കേണ്ട നേരമാണിത്. ആരോടും പോരടിക്കാനല്ല, നമ്മള്‍ ചിന്നിച്ചിതറാതിരിക്കാന്‍. ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും തുടങ്ങിക്കഴിയുമ്പോള്‍ വീണ്ടും പണ്ട് പറഞ്ഞതും അകല്‍ച്ചയുണ്ടാക്കുന്നതുമൊന്നും ഇനി പറയരുത്.

കഴിഞ്ഞുപോയ കാലത്തുള്ളതെല്ലാം അല്ലാഹു പൊറുത്തുതരട്ടെ. ഒന്നിച്ചു നില്‍ക്കാന്‍ വൈരാഗ്യമില്ലാതെ സ്‌നേഹത്തോടെ ഒരുമയോടെ കടന്നുവരേണ്ട സമയമാണിത്. അല്ലാഹു ഈ സമുദായത്തിന് ഐക്യം നല്‍കട്ടെ; നമ്മളെ യോജിപ്പിച്ചു നിര്‍ത്തട്ടെ.'' അദ്ദേഹം പറയുന്നു.

അല്ലാഹുവിനു വേണ്ടി പൊരുത്തപ്പെടണം. കടുത്ത വാക്കുകള്‍ ഉപയോഗിച്ച ആളുകളുണ്ട്. പൊറുക്കലിനെ തേടുക. നിലപാടുകളെയും കാഴ്ചപ്പാടുകളെയും ചില ജീവിത രീതികളെയും വ്യവസ്ഥകളെയും തിരുത്താനും നമ്മള്‍ എതിര്‍ത്തിട്ടുണ്ട്. അത് നന്മ ഉദ്ദേശിച്ചാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒരാളും ഒരാളെക്കുറിച്ചും ചെയ്യാന്‍ പാടില്ല.

സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ കഴിഞ്ഞകാല പ്രഭാഷണങ്ങള്‍ ( അത് കാന്തപുരം ഉസ്താദിന്റെ ആയാലും ഇവിടുന്ന് നമ്മുടെ പ്രഭാഷകന്മാരുടേതായാലും) എടുത്തിട്ട് അവരങ്ങനെ പറഞ്ഞില്ലേ ഇവരിങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിക്കരുത്. അതെല്ലാം മാറ്റിവച്ച് ഐക്യപ്പെടലിലേക്കു നീങ്ങാന്‍ കഴിയുമെങ്കില്‍ ആ വഴിക്കാണ് ശ്രമിക്കേണ്ടത്.

സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങളെപ്പോലുള്ള മഹാന്മാരായ നേതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു പിന്നില്‍ എല്ലാ വിട്ടുവീഴ്ചകളും ചെയ്ത് ഒന്നിക്കുകയാണ് ഇനി വേണ്ടതെന്നും ഹുദവി ആഹ്വാനം ചെയ്യുന്നു. എ പി വിഭാഗം നേതാവ് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെയും ഐക്യാഹ്വാനമടങ്ങിയ പഴയതും പുതിയതുമായ പ്രഭാഷണ ക്ലിപ്പുകള്‍ ഈ സമയംതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സുന്നി ഐക്യശ്രമങ്ങളുടെ ഭാഗമായ ചര്‍ച്ചകള്‍ക്കു വേണ്ടി രണ്ടു പക്ഷത്തുനിന്നുമുള്ളവര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ് ഇത്തരം പ്രതികരണങ്ങള്‍ എന്നത് ഐക്യനീക്കങ്ങളുടെ ആത്മാര്‍ത്ഥതയാണ് സൂചിപ്പിക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ ജിഫ് രി തങ്ങള്‍ നടത്തിയ നിഷേധാത്മക പരാമര്‍ശങ്ങളും കുഞ്ഞാലിക്കുട്ടിയുടെ പരിഹാസവുമാണ് സുന്നി ഐക്യനീക്കങ്ങള്‍ക്ക് തുരങ്കം വെക്കുന്നതില്‍ പാതിവിജയിച്ചതായി വ്യക്തമാകുന്നത്.

മുസ്ലിം ലീഗും സമസ്തയും ഒന്നിച്ചുപോകേണ്ടതിന്റെ ആവശ്യകത മറ്റു ചില പ്രഭാഷകരും ജാമിഅ നൂരിയ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഏതായാലും ലീഗിന് രാഷ്ട്രീയമായി തിരിച്ചടിനല്‍കുന്ന യാതൊരു നീക്കവും തല്‍ക്കാലം സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു തന്നെയാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ സമ്പൂര്‍ണമായ ഒരു സുന്നി ഐക്യത്തിന് ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമോ എന്നാണ് ഐക്യദാഹികള്‍ ചോദിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Leaders from both factions are sincere on Sunny Unity attempt, Thiruvananthapuram, Muslim, Conference, News, Malappuram, Video, Social Network, Kerala, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?