'നാട്ടറിവുകളുടെ സംരക്ഷണത്തില്‍ യുവാക്കളുടെ പങ്കാളിത്തം സുപ്രധാനം'

കൊച്ചി: (www.kvartha.com 28.01.2018) നാടന്‍ കലാരൂപങ്ങളെ വളര്‍ത്തുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം ഏറെ പ്രധാനമാണെന്ന് പ്രശസ്ത നാടന്‍കല കൂട്ടായ്മ വയലിയുടെ സ്ഥാപകാംഗം വിനോദ് നമ്പ്യാര്‍ പറഞ്ഞു.

കൊച്ചിയില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ സഹാപീഡിയ സംഘടിപ്പിച്ച അഭിമുഖ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാരൂപങ്ങളുടെ പ്രദര്‍ശനത്തിലൂടെ മാത്രം നാടന്‍ കലകളുടെ സംരക്ഷണം സാധ്യമാവുകയില്ല. മറിച്ച് എല്ലാത്തരം നാടന്‍ കലാരൂപങ്ങളുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള വിഷയങ്ങളില്‍ മാസം തോറും സഹാപീഡിയ നടത്തുന്ന സംഭാഷണ പരിപാടിയാണ് അഭിമുഖം. വയലി പോലുള്ള സംഘടനകള്‍ നമ്മുടെ നാടിന്റെ അദൃശ്യമായ പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ജനുവരി മാസത്തിലെ അഭിമുഖത്തിന്റെ വിഷയം.


പതിനാലു വര്‍ഷമായി നിളാനദിയുടെ തീരത്തെ നാടന്‍കലകളെ പരിപോഷിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതില്‍ വിനോദ് നമ്പ്യാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. 2004 ല്‍ ആരംഭിച്ച വയലി കൂട്ടായ്മയിലൂടെയാണ് വിനോദ് ഇതിന് തുടക്കം കുറിച്ചത്. ഇക്കാലം കൊണ്ട് അന്യം നിന്നു പോകുമായിരുന്ന അനവധി നാടന്‍ കലകളെയും നാട്ടറിവുകളെയുമാണ് വിനോദും സംഘവും മുന്‍നിരയിലേക്ക് കൊണ്ടുവന്നത്.

കേവലം കലാപ്രദര്‍ശനം കൊണ്ടുമാത്രം നാടന്‍കലകള്‍ നിലനില്‍ക്കില്ലെന്ന തിരിച്ചറിവായിരുന്നു സമഗ്രമായ പുനരുദ്ധാരണം എന്ന ആശയത്തിലേക്ക് വയലിയെ എത്തിച്ചത്. പ്രാദേശിക അറിവുകളിലെ കരകൗശലം, മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍, മാധ്യമ കൂട്ടായ്മ, പഠന കേന്ദ്രം എന്നിവയാണ് വയലി മുന്നോട്ടു വച്ചത്.

കലാകാരന്മാരുടെ ജീവിതശൈലിയില്‍ ഉണ്ടായ പുരോഗതിയാണ് കലാരൂപങ്ങളുടെയും സംരക്ഷണത്തില്‍ സുപ്രധാനമായതെന്ന് വിനോദ് ചൂണ്ടിക്കാട്ടുന്നു. അതിന് മേല്‍പ്പറഞ്ഞ സമഗ്രമായ പുനരുദ്ധാരണ പരിപാടികള്‍ ഏറെ സഹായിച്ചിട്ടുണ്ട്.

കേരളത്തിലെ 44 പുഴകളില്‍ നിളയോളം സാംസ്‌കാരിക വൈവിദ്ധ്യമുള്ള മറ്റൊന്നു മില്ലെന്ന് വിനോദ് ഉറപ്പിച്ചു പറയുന്നു. പാലക്കാടിന്റെ കിഴക്കേയറ്റം വരെയുള്ള തമിഴ് സംസ്‌കാരം വള്ളുവനാട്ടിലേക്ക് വരുമ്പോള്‍ മലയാള സംസ്‌കാരത്തിന്റെ കേളീനിലമായി മാറുന്നു. പൊന്നാനിയിലും കൊടുങ്ങല്ലൂരുമെത്തുമ്പോള്‍ ആയിരം വര്‍ഷങ്ങളായി നിലനിന്നു പോരുന്ന നാട്ടുരീതികളുടെ പ്രത്യക്ഷ കാഴ്ചകള്‍ സുലഭമായി കാണാനാവും.

കേരളസര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദ യൂത്ത് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ഇതിനകം തന്നെ വയലിയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വിനോദ് നമ്പ്യാര്‍ നാട്ടറിവുകളോടുള്ള ആഭിമുഖ്യം കൊണ്ടാണ് ഈ രംഗത്തേക്ക് വന്നത്.

Summery: Traditional art forms cannot be protected by staging them alone and a comprehensive development for their sustenance is needed which would also require active participation of youths, said Vinod Nambiar, founder of Vayali, an organisation formed to protect traditional knowledge.

Keywords: Kerala, Kochi, News, Youth,  Youth should come forward to protect cultural heritage: Vinod Nambiar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?