വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ സജീവം; കുടിവെള്ള വിതരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.04.2019) വേനല്‍ കനത്തതോടെ ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ജലക്ഷാമം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ വിളിച്ചു ചേര്‍ത്ത് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയത്. എ ഡി എം സി ബിജു അധ്യക്ഷത വഹിച്ചു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടിവെള്ള വിതരണത്തിന് പ്രാധാന്യം നല്‍കണമെന്നും തെരഞ്ഞെടുപ്പ് ചട്ടം പൂര്‍ണമായും പാലിച്ച് ഉദ്യോഗസ്ഥ തലത്തില്‍ വിതരണ പ്രക്രിയ കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കുടിവെള്ള വിതരണം ആരംഭിച്ചത്. ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വിതരണ പ്രക്രിയക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും അടുത്ത ആഴ്ചയ്ക്കുള്ളില്‍ വിതരണം ആരംഭിക്കുമെന്നും സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്നതിനായി നിശ്ചയിച്ച ജലസ്രോതസുകളുടെ കൃത്യമായ ഗുണമേന്മ പരിശോധന പൂര്‍ത്തീകരിക്കണമെന്ന് എ ഡി എം നിര്‍ദേശിച്ചു. ജല അതോറിറ്റി നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിനു പുറമേ കുടിവെള്ളം ഉയോഗിക്കാവുന്നതാണെന്ന മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നല്‍കുന്ന സാക്ഷ്യപത്രവും വിതരണത്തിന് മുമ്പ് നേടിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിതരണത്തിനായി ക്വട്ടേഷനിലൂടെ ഏര്‍പ്പെടുത്തിയ വാഹനങ്ങളുടെ വാടക നിരക്ക് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കുറ്റമറ്റ രീതിയിലായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത്/പ്ലാന്‍ ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്തണം. കൂടുതല്‍ തുക ആവശ്യമായി വരുകയാണെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നിലവില്‍ 328 കിയോസ്‌കുകളാണ് ജില്ലയിലുള്ളത്. കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ അപേക്ഷകള്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എഡിഎം പറഞ്ഞു. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം. അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. സൂര്യതാപം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ തൊഴിലാളികളുടെ സമയക്രമീകരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് നഗരസഭപഞ്ചായത്ത് അധികൃതര്‍ ഉറപ്പു വരുത്തണം. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, സീനിയര്‍ സൂപ്രണ്ടന്റ് കെ വിനോദ് കുമാര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Drinking water, Drought threat; Drinking water supply started
  < !- START disable copy paste -->


Powered by Info News For You

Comments