സമ്മതിദാനം വിനിയോഗിക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ റെഡി; ഇത്തവണ വോട്ടുചെയ്യുന്നത് 174 ഭിന്നലിംഗക്കാര്‍

തിരുവനന്തപുരം:(www.kvartha.com 13/04/2019) സമ്മതിദാനം വിനിയോഗിക്കാന്‍ മാത്രമല്ല, വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും ഭിന്നലിംഗക്കാര്‍ റെഡി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിംഗ് ബോധവത്കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പവലിയനിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നത്. ശ്രുതി സിതാര, ശ്യാമ എസ് പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ് ബോധവത്കരണ പരിപാടികള്‍ നയിക്കാനായെത്തിയത്. ഇതില്‍ ഹെയ്ദി സാദിയ പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ്.

News, Thiruvananthapuram, Kerala, Election, Trending, Students,Transgenders to ready for aware others on election

വോട്ടവകാശം ലഭ്യമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊര്‍ജവുമാണ് ഇതിലൂടെ ലഭിച്ചതെന്നും ശ്യാമ പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മൂന്നുപേരും പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം വരെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഇവര്‍ പവലിയനിലുണ്ടാകും. തെരഞ്ഞെടുപ്പ് ഗീതം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി വി പാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കും. പവിലിയനില്‍ വോളന്റിയര്‍മാരാകുന്നവര്‍ക്ക് ഭക്ഷണവും വേതനവും നല്‍കുന്നുണ്ട്. ഇതിനുപുറമേ, തെരഞ്ഞെടുപ്പ് ബോധവത്കരണ പരസ്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കാളികളാക്കിയിരുന്നു.

പവലിയന്റെ ഉദ്ഘാടനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ജനാധിപത്യത്തില്‍ ഇവരും അവിഭാജ്യ ഘടകമാണെന്നും ടീക്കാറാം മീണ പറഞ്ഞു. ഈ സമൂഹത്തിന് ആദ്യമായാണ് വോട്ടവകാശത്തിനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരോടൊപ്പം ഭിന്നശേഷിക്കാരും ആദിവാസികളുമെല്ലാം വോട്ടിംഗില്‍ പങ്കാളികളാകണം. സമൂഹത്തില്‍ ഇവരോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

174 ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ് സംസ്ഥാനത്ത് ഇത്തവണ വോട്ടര്‍പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഇതില്‍ 16 പേര്‍ എന്‍ആര്‍ഐ വോട്ടര്‍മാരാണ്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 48 പേരാണ് ഇവിടെയുള്ളത്. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 34, തൃശൂര്‍ 26, എറണാകുളം 15, കൊല്ലം 12, കോട്ടയം 10, പാലക്കാട്ടും മലപ്പുറത്തും എട്ടുവീതം, കണ്ണൂര്‍ അഞ്ച്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടു വീതം ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്ലാത്ത ജില്ല വയനാടാണ്.

സംസ്ഥാനത്താകെയുള്ള 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 35 പേര്‍ യുവ വോട്ടര്‍മാരാണ്. ഭിന്നലിംഗത്തില്‍ പെട്ട യുവതലമുറ സധൈര്യം മുന്നോട്ടുവരുന്നതിന്റെ തെളിവാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും നിരന്തര ഇടപെടലിലൂടെയാണ് ഇത്രയും വോട്ടര്‍മാരെ ലിസ്റ്റില്‍ ചേര്‍ക്കാനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Election, Trending, Students,Transgenders to ready for aware others on election 


Powered by Info News For You

Comments