എവിടെയോ ഇപ്പോഴുമുണ്ട് ഒരിത്തിരി പ്രതീക്ഷ

അസ്ലം മാവിലെ

(www.kvartha.com 20.03.2019) തെല്ലകലെ അല്‍പ നേരത്തേക്ക് മാറി നിന്ന് വീണ്ടും പതിന്മടങ്ങ് ശക്തിയില്‍ പരിശ്രമിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്ന ആത്മബലമാണ് പ്രതീക്ഷ. പ്രതീക്ഷ ഉണര്‍വാണ്. പുലരിയാണ്. പുതുനാമ്പാണ്. പൂമണമാണ്.

മരപ്പൊത്തില്‍ കാക്കയെയും കഴുകനെയുംപാമ്പിനെയും പാഞ്ചനെയും കണ്ണ് വെട്ടിച്ച് അടയിരിക്കുന്ന കുഞ്ഞുകുരുവിയിലെ കണ്ണുകളിലും പ്രതീക്ഷയുണ്ട്. ഇരതേടി പോയപ്പോള്‍ നഷ്ടപ്പെട്ട കന്നി മുട്ടകളധികവും അപഹരിക്കപ്പെട്ടതറിഞ്ഞിട്ടും.

ചിറകിനടിയില്‍ കുന്നോളം വന്ന കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞാദ്യനാളില്‍ കൂടെയുണ്ടായിട്ടും നാലുനാളില്‍ നാല്പതും പോയൊന്നവശേഷിച്ചതിന് ചെറുമണി കൊക്കിലിട്ട് കൂടെ നടത്തിക്കുന്ന തള്ളക്കോഴിയിലും ബാക്കിയാകുന്നത് പ്രതീക്ഷയാണ് - ഒന്നെങ്കിലും തന്റെ കുലം നിലനിര്‍ത്താനതിജീവിച്ച് ബാക്കിയാകുമെന്ന്.

ഐസിയുവില്‍ അവസാനത്തെ കണ്ണുകളില്‍ ജീവനവശേഷിക്കുമ്പോള്‍ ഭിഷ്വഗ്വരന്‍ തോളുതട്ടി നമ്മോട് പറഞ്ഞില്ലേ - be patient, there is a ray of hope, അക്ഷമനാകുന്നതെന്തിന്? പ്രതീക്ഷയുടെ കിരണമിനിയും ബാക്കിയുണ്ടല്ലോയെന്ന്.

തോല്‍ക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിക്കും ജയിക്കില്ലെന്ന തിരിച്ചറിവുളള തൊഴിലാര്‍ത്ഥിക്കും പ്രതീക്ഷയാണ് കൈ മുതല്‍. അവസാന ബസ്സ് വരെ അവര്‍ വെറുതെയെങ്കിലും കാത്തിരിക്കും.

കടം കൊണ്ട് വഴിമുട്ടിയാളോട് അപരന്‍ ചോദിച്ചു - ഒരു വഴിയുമില്ലല്ലോ, വീണ്ടും കടം വാങ്ങി കൂട്ടുകയാണോ? രസികന്‍ മറുപടി വന്നു: പ്രതീക്ഷയുണ്ട്, ഇന്നലെയും ഞാനൊരു ലോട്ടറി ടിക്കറ്റ് കടം പറഞ്ഞെടുത്തിട്ടുണ്ട്!

ഇരുട്ടറയില്‍ ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞ മണ്ടേല സന്ദര്‍ശകനോട് പറഞ്ഞത്രെ - ഈ ലോകമിങ്ങിനെയൊന്നുമല്ല, പുറത്തിറങ്ങി വേണമെനിക്കൊന്ന് ശരിയാക്കാന്‍.

ഇന്നലെ കാട്ടാന വീട് ചവിട്ടിപ്പൊളിച്ച്  മൂന്നാല് മണിക്കൂര്‍ കണ്‍മുമ്പില്‍, മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍   സെല്‍വറാണിയും മോനും തട്ടിന്‍പുറത്ത് ചുരുണ്ട് കൂടി, ബാക്കി മുഴുവന്‍ ജീവച്ഛവമാക്കി, കണ്ണുകള്‍ മാത്രം കരിന്തിരി കത്തിച്ചിരുന്നതിന് പിന്നിലും പ്രതീക്ഷ തന്നെയാണ് പ്രതീക്ഷ. ഒരു രാവും സ്ഥായിയല്ല, രാവിലെ വരിക തന്നെ ചെയ്യും. ഒരു നൈരാശ്യവും അതിജയിക്കില്ല, പ്രതീക്ഷ നില നില്‍ക്കുക തന്നെ ചെയ്യും.

ജീവിതത്തില്‍ അത്താണികളുണ്ട് - അതില്‍ ഉമ്മ ഒന്നാമത്. അവര്‍ തടവും തലോടും തന്നിലേക്കടുപ്പിക്കും. തകര്‍ന്ന മനസ്സിന്നതോടെ വിടുതിയാകും. അവര്‍ പൊയ്‌പ്പോകുമ്പോള്‍ പ്രതീക്ഷയുടെ ഹിമാലയം തന്നെ ഇല്ലാതാകുന്നു. വീണ്ടും നമ്മില്‍ പ്രതീക്ഷ നാമ്പിടുന്നത് നമ്മുടെ മക്കള്‍ക്കത് നല്‍കാന്‍ ഇനി നാമല്ലാതെ മറ്റാരെന്നാലോചന പ്രതീക്ഷാപൂര്‍വ്വം തിരിവെട്ടമുണ്ടാക്കുമ്പോഴാണ്.

പ്രതീക്ഷ ദൈവികമത്രെ. ദൈവസ്പര്‍ശമത്രെ!


Keywords: Kerala, Article, Aslam Mavilae, That is Hope


Powered by Info News For You

Comments