അധികാരത്തര്‍ക്കത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെ കരണ്ട് കട്ട് ചെയ്തു; ഒടുവില്‍ എംഎല്‍എ പണമടച്ച് പുന:സ്ഥാപിച്ചു

ചെങ്ങന്നൂര്‍: (www.kvartha.com 06.07.2018) വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ തമ്മിലുള്ള ശീതസമരത്തിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം എം എല്‍ എ പണമടച്ച് പുന:സ്ഥാപിച്ചു. ചെങ്ങന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും, ഡയറ്റും തമ്മിലായിരുന്നു ആരാണ് പണമടക്കേണ്ടത് എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം നിലനിന്നിരുന്നത്. ആരും ബില്ല് ഒടുക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി വിഭാഗം കണക്ഷന്‍ കട്ടു ചെയ്തു.

ഇതുമൂലം ഡയറ്റിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വെള്ളവും വെളിച്ചവുമില്ലാതെ ദുരിതപൂര്‍ണമായ അവസ്ഥയിലായിരുന്നു. മെഴുകുതിരി വെട്ടത്തിനെ ആശ്രയിച്ചാണ് പിന്നീട് അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിച്ചത്. ജല ലഭ്യത ഇല്ലാതായത് എല്ലാവരേയും നന്നേ വലച്ചു.

 Saji Cheriyan MLA paid electricity bill, Education, MLA, Students, Office, Electricity, Drinking Water, News, Kerala

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ ആലോചനായോഗത്തില്‍ പങ്കെടുക്കുവാനെത്തിയ സജി ചെറിയാന്‍ എം.എല്‍എയോട് വിദ്യാര്‍ത്ഥിനികളും മറ്റും തങ്ങളനുഭവിക്കുന്ന ക്ലേശങ്ങള്‍ ആവലാതിയായി ഉന്നയിച്ചു.

ഇതിനെ തുടര്‍ന്ന് എം എല്‍ എയുടെ ഓഫിസിലേക്ക് വിളിച്ചു പറഞ്ഞ് 7850 രൂപാ അടപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യുതി ബന്ധം ജീവനക്കാര്‍ പുന:സ്ഥാപിച്ചു കൊടുക്കുകയും ചെയ്തു.

വിദ്യാഭ്യാസ ഓഫിസ് സമുച്ചയം നിര്‍മ്മിക്കുന്നതിനു മുന്നോടിയായി പഴയ എഇഒ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഓഫീസ് ഡയറ്റ് ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്.

പതിമൂന്ന് ജീവനക്കാരാണിവിടെയുള്ളത്, എ.ഇ.ഒ.ഓഫിസ് കൂടി വന്നതോടെ കറന്റ് ചാര്‍ജ് ബില്‍ കൂടി അടയ്ക്കണമെന്ന് ഡയറ്റ് അധികാരികള്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായൊരു നിര്‍ദേശമില്ലാത്തതിനാല്‍ വിമുഖത കാട്ടി.

ഉപജില്ലാ ഓഫിസ് ഡി.ഡി.ഓഫിസിന്റെ പരിധിയിലും, ഡയറ്റ് ഡി.പി.ഐയുടെ അധികാരത്തിന്‍ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഒടുവില്‍ കറന്റ് ബില്‍ അടച്ചാല്‍, വെള്ളക്കരം തങ്ങളടയ്ക്കാമെന്നുള്ള നിലപാടിലായിരുന്നു ഡയറ്റുകാര്‍.

എ.ഇ.ഒ ഓഫിസിന് നാമമാത്രമായുള്ള വൈദ്യുതി ഉപയോഗം മാത്രമേയുള്ളൂ, എന്നിരുന്നാലും വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ എങ്ങനെ പണമടക്കുവാന്‍ കഴിയുമെന്നുള്ള ആലോചനയിലായി. മുന്‍പ് മുന്‍കൂറായി പണമടച്ചതിനു ശേഷം പിന്നീട് ഡി.ഡി.ഓഫീസില്‍ നിന്നും വാങ്ങുകയായിരുന്നു പതിവ്. സമ്മര്‍ദങ്ങളെ തുടര്‍ന്ന് പണം ലഭിച്ചെങ്കിലും പത്തിനു ശേഷം മാത്രമേ ട്രഷറി വിഭാഗത്തില്‍ നിന്നും ഇതുപോലെയുള്ള ബില്ലുകള്‍ മാറ്റി പണമാക്കി കൊടുക്കുകയുള്ളൂ എന്നതാണ് നിയമം.

ഇതു വീണ്ടും തടസമായതോടെ വെള്ളവുംവെളിച്ചവും, ഇല്ലാതെ എല്ലാവരും വലഞ്ഞവശരായി മാറി. ഇതോടെയാണ് എം എല്‍ എയെ സമീപിക്കുവാന്‍ തീരുമാനിച്ചത്. അത് ഫലപ്രാപ്തിയിലെത്തുകയും ചെയ്തു.


Keywords: Saji Cheriyan MLA paid electricity bill, Education, MLA, Students, Office, Electricity, Drinking Water, News, Kerala.


Powered by Info News For You

Comments